ആ പരാതി ഇനി വേണ്ട, ‘ഗെറ്റ് സെറ്റ് ബേബി’ ക്ലീൻ എന്റർടെയ്നർ: ഉണ്ണി മുകുന്ദൻ അഭിമുഖം

Mail This Article
‘മാർക്കോ’ നൽകിയ പാൻ ഇന്ത്യൻ വിജയത്തിനു ശേഷം ആരാധകരെ മയക്കുന്ന തന്റെ സിഗ്നേച്ചർ പുഞ്ചിരിയോടെ ഉണ്ണി മുകുന്ദൻ എത്തുന്ന ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. ചോരയ്ക്കും പ്രതികാരത്തിനും അവധി കൊടുത്ത് തമാശയും പൊട്ടിച്ചിരികളുമായി എത്തുന്ന ചിത്രം ഒരു സമ്പൂർണ എന്റർടെയ്നർ ആണെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ‘മാർക്കോ’യുടെ പേരിൽ കേട്ട പരാതികൾക്ക് കൃത്യമായുള്ള മറുപടിയാകും പുതിയ സിനിമ. വൾഗർ ഡയലോഗുകളോ സെക്‌ഷ്വൽ തമാശകളോ ഇല്ലാത്ത ക്ലീൻ ചിത്രം! പുതിയ സിനിമയുടെ വിശേഷങ്ങളുമായി ഉണ്ണി മുകുന്ദൻ മനോരമ ഓണ്‍ലൈനിൽ.
ആഗ്രഹിച്ച വിജയം
‘മാർക്കോ’ എന്ന സിനിമയുടെ വിജയം എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഒരു ആക്‌ഷൻ സിനിമ ചെയ്യണം എന്ന് എനിക്ക് വലിയ ആഗ്രഹം ഉണ്ടായിരുന്നു. എങ്കിലും കുറച്ചു വർഷങ്ങളായി ആക്‌ഷൻ സിനിമയിൽ നിന്ന് എന്നെ മാറ്റി നിർത്തിയിരുന്നതായി എനിക്കു തോന്നി. അപ്പോഴാണ് ‘മാർക്കോ’ സംഭവിക്കുന്നത്. അതൊരു ‘എ സർട്ടിഫിക്കറ്റ്’ സിനിമ ആയിരുന്നു. അതുകൊണ്ട് പലർക്കും ആ സിനിമ ആസ്വദിക്കാൻ പറ്റിയിട്ടില്ല. കുടുംബപ്രേക്ഷകരിൽ നിന്ന് ഒരുപാട് പരാതികൾ വന്നിരുന്നു. എന്നെ ഇഷ്ടപ്പെടുന്ന കുടുംബപ്രേക്ഷകർക്ക് ദഹിക്കാത്ത സിനിമയാണെന്നൊക്കെ പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ എനിക്ക് സങ്കടം തോന്നിയെങ്കിലും ‘മാർക്കോ’ വിജയിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. ‘ഫാമിലി ഹീറോ’ ആയി കുടുംബ പ്രേക്ഷകരുടെ സ്നേഹം എനിക്ക് ആവോളം കിട്ടിയിട്ടുണ്ട്. ഇനി ചെറുപ്പക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയുന്ന ഒരു സിനിമ ചെയ്യണമെന്ന് തോന്നി. ‘ഗെറ്റ് സെറ്റ് ബേബി’ ഫെബ്രുവരി 21ന് റിലീസ് ആവുമ്പോൾ എന്റെ ആത്മവിശ്വാസം എന്താണെന്ന് വച്ചാൽ എന്നെ ഇഷ്ടപ്പെടുന്ന കുടുംബപ്രേക്ഷകർക്ക് അത് ഒരുപാട് ഇഷ്ടപ്പെടുമെന്നതാണ്. ഫാമിലി സിനിമകൾ ചെയ്യുന്നത് വലിയ സന്തോഷമാണ്.
വിവാഹിതരേ ഇതിലേ ഇതിലേ
കല്യാണം കഴിച്ചവരും കല്യാണം കഴിക്കാൻ പോകുന്നവരും ഫാമിലി പ്ലാനിങ് ചെയ്യുന്നവരും കുട്ടികൾക്ക് വേണ്ടി തയാറെടുക്കുന്നവരും തുടങ്ങി എല്ലാവർക്കും നല്ല അറിവ് പകരുന്ന സിനിമയാണ് ‘ഗെറ്റ് സെറ്റ് ബേബി’. നല്ലൊരു പ്രൊഡക്‌ഷൻ വാല്യു ഉള്ള, നന്നായിട്ട് എടുത്തിട്ടുള്ള വളരെ നല്ലൊരു സിനിമ തന്നെയായിരിക്കും ഇത്. പ്രേക്ഷകർ സിനിമ ഏറ്റെടുക്കുമെന്ന് തന്നെ വിചാരിക്കുന്നു. സിനിമയുടെ ഒരു ട്രെയിലർ ഇറങ്ങിയപ്പോൾ വളരെ പോസിറ്റീവായ ഒരു പ്രതികരണം ആണ് കിട്ടിയത്. മാർക്കോ പോലെയുള്ള ഒരു സിനിമ അല്ല ഇത്. മാർക്കോ കഴിഞ്ഞു, ഇത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ‘യു സർട്ടിഫിക്കറ്റ്’ സിനിമയാണ്. ഇന്നത്തെ കാലത്ത് വളരെ പ്രസക്തിയുള്ള ഒരു വിഷയമായ വന്ധ്യതയും അതിന്റെ പ്രതിവിധികളുമാണ്. ഐവിഎഫ് എന്ന ചികിത്സയും പിന്നെ വാടക ഗർഭപാത്രം എന്ന വിഷയവും വളരെ പക്വതയോടെ ഈ സിനിമയിൽ കൈകാര്യം ചെയ്തിരിക്കുന്നു. അതിനോടൊപ്പം തന്നെ കോമഡിയും ഫണ്ണും റൊമാൻസും എല്ലാം ഉള്ള ഒരു മുഴുനീള എന്റർടെയ്നറായിരിക്കും ‘ഗെറ്റ് സെറ്റ് ബേബി’.

കുടുംബപ്രേക്ഷകർ നൽകിയ പിന്തുണ
ഞാൻ ചില പ്ലാനുകൾ മനസ്സിൽ കണ്ടിരുന്നു. അത് ചെയ്തെടുക്കാൻ വേണ്ടിയാണ് ‘ഉണ്ണിമുകുന്ദൻ ഫിലിംസ്’ എന്നൊരു ബാനർ ഉണ്ടാക്കിയത്. അതിലൂടെ ചെയ്ത സിനിമകളെല്ലാം തന്നെ വിജയിച്ചു. പലതരത്തിലുള്ള സിനിമകൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരു നടനാണ് ഞാൻ. എന്നാൽ ചെയ്യുന്നതെല്ലാം വെറുമൊരു സിനിമ ആകാതിരിക്കണമെന്നും ആഗ്രഹമുണ്ട്. ഫാമിലി സിനിമകളുടെ പട്ടിക നോക്കിയാൽ, ഞാൻ തുടങ്ങിയത് ‘മേപ്പടിയാൻ’ എന്ന സിനിമയിലൂടെയാണ്. സാധാരണ 30 വയസ്സിനു താഴെ പ്രായമുള്ള ചെറുപ്പക്കാർ ചിന്തിക്കുന്ന രീതിയിൽ, സ്ഥലം വാങ്ങുക, വീട് വയ്ക്കുക, അച്ഛനും അമ്മയ്ക്കും വേണ്ടി എന്തെങ്കിലും ചെയ്യുക, കല്യാണം കഴിക്കുക, സെറ്റിലാകുക– അങ്ങനെ ചിന്തിക്കുന്ന ഒരു ചെറുപ്പക്കാരൻ ആണ് അതിലെ നായകൻ. ഞാൻ ആ ഒരു പ്രായത്തിൽ നിൽക്കുമ്പോൾ ചെയ്ത സിനിമയാണ്. അത് കഴിഞ്ഞ് ‘ഷഫീക്കിന്റെ സന്തോഷം’ ചെയ്തു. പിന്നീട് സംഭവിച്ച സിനിമയാണ് ‘മാളികപ്പുറം’. ആത്മീയത പ്രമേയമാക്കി ചെയ്ത സിനിമയാണ് മാളികപ്പുറം. അതും വിജയമായിരുന്നു. അതിനുശേഷം ചെയ്ത ‘ജയ് ഗണേഷ്’ ഒരു കുടുംബചിത്രമായിരുന്നു. നമ്മുടെ സമൂഹത്തിലെ ഭിന്നശേഷിയുള്ള ആൾക്കാരിൽ ഒരാളെ കേന്ദ്രകഥാപാത്രമാക്കി ചെയ്ത ഒരു സിനിമയായിരുന്നു, അത് വളരെ നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു.

ഇതൽപം വൈകാരികം
‘ഗെറ്റ് സെറ്റ് ബേബി’ കുറച്ച് ഇമോഷനൽ ആണ്. കുട്ടികൾക്ക് വേണ്ടി ശ്രമിച്ച് ഒന്നു നടക്കാതെ വരുമ്പോഴാണ് ഐവിഎഫ് എന്ന ട്രീറ്റ്മെന്റിലേക്ക് പല ദമ്പതിമാരും എത്തുന്നത്. അപ്പോഴേക്കും അവർ വളരെ ഇമോഷനൽ ആയി മാറിക്കഴിയും. ഈ വിഷയം സംസാരിക്കാൻ തന്നെ ബുദ്ധിമുട്ട് ഉണ്ടാകും പലർക്കും. അങ്ങനെ ഉള്ള പലരെയും ഞാൻ കണ്ടിട്ടുണ്ട്. ശാരീരികവും മാനസികവുമായ ഒട്ടേറെ ബുദ്ധിമുട്ടുകൾ സ്ത്രീകൾക്ക് അതിന്റെ പേരിൽ നേരിടേണ്ടി വരാറുണ്ട്. അങ്ങനെയൊരു വിഷയമാണ് സിനിമ ചർച്ച ചെയ്യുന്നത്. ഞാനും ഇപ്പോൾ 37 വയസ്സിൽ എത്തി. നമ്മുടെ ബയോളജിക്കൽ ക്ലോക്കും ഓടിക്കൊണ്ടിരിക്കുകയാണ് ഞാനും പലതും മനസ്സിലാക്കി വരികയാണ്. ഒരു വിഷയത്തെക്കുറിച്ച് ശരിയായ കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ നമ്മുടെ പേടിയും കുറയും. ആ അർഥത്തിൽ ഈ സിനിമ എന്റർടെയ്നർ മാത്രമല്ല, ചില കാര്യങ്ങളിൽ വ്യക്തമായ ധാരണ കൂടി പകരുന്നതായിരിക്കും.

ആരാധകരായ കുട്ടികളോട് പറയാനുള്ളത്
‘മാർക്കോ’ റിലീസ് ചെയ്തപ്പോൾ കുറെ കുട്ടികളുടെ മെസ്സജ് വന്നിരുന്നു. സിനിമ കാണാൻ കഴിയുന്നില്ല, മാർക്കോയുടെ കുട്ടികളുടെ വേർഷൻ ഇറക്കുമോ എന്നു ചോദിച്ചായിരുന്നു പല മെസജുകളും. ഓരോ സിനിമയ്ക്കും ഓരോ പ്രേക്ഷകർ ഉണ്ട്. എല്ലാവർക്കും കാണേണ്ട ഒരു സിനിമയാണ് ‘മാർക്കോ’ എന്ന് ഞാൻ ഒരിക്കലും പറയില്ല. അതൊരു ‘എ സർട്ടിഫിക്കറ്റ്’ സിനിമയാണ്. അത് പറഞ്ഞു തന്നെയാണ് സിനിമ റിലീസ് ചെയ്തത്. ഇപ്പോൾ വരാൻ പോകുന്ന സിനിമ എല്ലാവർക്കും വേണ്ടി ഉള്ളതാണെന്ന് ഞാൻ പറയും. കാരണം കുടുംബത്തിലെ എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണ് അതിൽ പ്രതിപാദിക്കുന്നത്. കുടുംബത്തിൽ എല്ലാവർക്കും കൂടി ഒരുമിച്ചിരുന്ന് കാണാൻ കഴിയുന്ന സിനിമയാണ് ‘ഗെറ്റ് സെറ്റ് ബേബി’.
ട്രീറ്റ്മെന്റിലെ പുതുമ
ഐവിഎഫും വാടക ഗർഭപാത്രവും ഒക്കെ വളരെ ഗൗരവത്തോടെ തന്നെയാണ് സിനിമയിൽ ചർച്ച ചെയ്തിരിക്കുന്നത്. ഈ വിഷയത്തിൽ വേറെയും സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അതിൽ നിന്ന് ഈ സിനിമയെ വേറിട്ട് നിറുത്തുന്നത് ഈ സിനിമയുടെ ട്രീറ്റ്മെന്റ് ആണ്. ഒരു പുരുഷൻ ഗൈനക്കോളജിസ്റ്റ് ആയി വരുമ്പോൾ അതിൽ ഉൾപ്പെടാൻ സാധ്യതയുള്ള സെക്ഷ്വൽ ജോക്സ് വരാതിരിക്കാൻ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. ഞാൻ ഇതിനുമുൻപ് ഇത്തരത്തിലുള്ള നിരവധി കഥകൾ കേട്ടിട്ടുണ്ട്. പക്ഷേ, അതിലൊക്കെ കുറച്ചു വൾഗർ കോണ്ടന്റുകളും സെക്ഷ്വൽ ജോക്‌സും ഒക്കെ വന്നിരുന്നു. ഈ കഥ ഞാൻ ഏറ്റെടുക്കാൻ കാരണം ഇതിൽ അത്തരത്തിലുള്ള കോണ്ടന്റുകൾ ഒന്നും ഇല്ല എന്നുള്ളത് തന്നെയാണ്. ഒരു പുരുഷൻ ഗൈനക്കോളജിസ്റ്റ് ആയി വരുമ്പോൾ, എന്തുകൊണ്ടാണ് അദ്ദേഹം ആ മേഖല തിരഞ്ഞെടുക്കുന്നതെന്നും എങ്ങനെയാണ് പുരുഷനായ ഗൈനക്കോളജിസ്റ്റ് പെരുമാറേണ്ടതെന്നുമൊക്കെ വളരെ വ്യക്തമായി ഈ സിനിമയിൽ കാണിക്കുന്നുണ്ട്. കുടുംബപ്രേക്ഷകർക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ കാണാൻ പറ്റുന്ന ഒരു സിനിമയായിരിക്കും ഇത്.
സിനിമ നൽകിയ അറിവുകൾ
മെയിൽ ഗൈനക്കായി അഭിനയിക്കാൻ ഒരുപാട് തയാറെടുപ്പുകൾ ഒന്നും നടത്തിയില്ല. ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കാനും നോക്കിയില്ല. പക്ഷെ അതിന്റെയൊരു ‘ഇമോഷനൽ കണക്‌ഷൻ’ തീർച്ചയായും എനിക്ക് ഉണ്ടായി. ഈ വിഷയത്തോട് ഒരു അഭിരുചി ഉള്ളതുകൊണ്ടാണ് ഈ കഥ തന്നെ സ്വീകരിച്ചത്. തീർച്ചയായിട്ടും ഈ ഒരു സിനിമ ചെയ്തപ്പോൾ ഐവിഎഫ് എന്താണെന്നും സറോഗസി എന്താണെന്നും ഇതെങ്ങെനെയക്കെയാണ് ഒരു കുടുംബത്തെ ബാധിക്കുന്നതെന്നും അല്ലെങ്കിൽ ഇതിന്റെ പോസിറ്റീവ്സ് എന്താണെന്നും ഉള്ള കാര്യങ്ങൾ എനിക്ക് കൂടുതൽ അറിവ് പകരുന്നതായി തോന്നി. അത് കൂടുതൽ മനസ്സിലായപ്പോഴാണ് ഈ സിനിമ ഉറപ്പായും ഈ സമൂഹത്തിലെ സാധാരണക്കാരന്റെ അടുത്തേക്ക് എത്തിക്കേണ്ടതാണെന്ന് എനിക്ക് തോന്നിയത്. ഇത്തരം കാര്യങ്ങൾ വളരെ ആസ്വാദ്യകരമായ രീതിയിൽ പറഞ്ഞാലാണ് കൂടുതൽ പേരിലേക്ക് എത്തുക. മാത്രമല്ല, അവർക്ക് കുടുംബസമേതം ഇരുന്നു ചിരിച്ചും കളിപറഞ്ഞും കാണാൻ കഴിയുന്ന തരത്തിൽ ഒരു പക്വതയുള്ള വിഷയം പറഞ്ഞാൽ കുറച്ചു കൂടി അവരിലേക്കെത്തും. ഒരു വാണിജ്യ സിനിമയുടെ ഭംഗി അതാണ്.
ആ എന്റർടെയ്ൻമെന്റ് വേറെ, ഇതു വേറെ
‘മാർക്കോ’ സിനിമ കണ്ട കുറച്ചു സ്ത്രീകൾക്കെങ്കിലും ആ സിനിമ വലിയ ഞെട്ടലുണ്ടാക്കിയെന്നാണ് ഞാൻ കേട്ടത്. ബോധംകെട്ടു വീണവരെ കുറിച്ചും കേട്ടിരുന്നു. പക്ഷേ, ആ സിനിമയുടെ സ്വാഭാവം അങ്ങനെയായിരുന്നു. അതായിരുന്നു ആ സിനിമയുടെ എന്റർടെയ്ൻമെന്റെന്ന് ഞാൻ വിശ്വസിക്കുന്നു. ‘മാർക്കോ’ കഴിഞ്ഞ് ‘ഗെറ്റ് സെറ്റ് ബേബി’യിലൂടെ എന്നെ അങ്ങനെ കാണുമ്പോൾ നടനെന്ന നിലയിൽ കുടുംബപ്രേക്ഷകർക്കൊരു സന്തോഷമുണ്ടാകും. എന്തെങ്കിലും പുതിയത് ചെയ്യാൻ ആഗ്രഹിക്കുന്ന നടനായിട്ടാകും എന്നെ അവർ കാണാൻ പോകുന്നത്. ഇതിന്റെ മുൻപത്തെ ഒരു ട്രെൻഡ് വച്ച് നോക്കുകയാണെങ്കിൽ ഞാൻ കുടുംബ പ്രേക്ഷകർക്ക് വേണ്ടി ചെയ്ത സിനിമകളൊക്കെ അവർ വിജയിപ്പിച്ചു തന്നിട്ടുണ്ട്. ഇതും അങ്ങനെതന്നെ ആകട്ടെയെന്നാണ് എന്റെ ആഗ്രഹം.

വിനയ് ഗോവിന്ദ് എന്ന സംവിധായകനെപ്പറ്റി
വിനയ് വളരെയധികം കഠിനാധ്വാനം ചെയ്യുന്ന ഒരു ഫിലിംമേക്കറാണ്. 10 വർഷത്തിനു ശേഷമാണ് വിനയ് ഒരു സിനിമ ചെയ്യുന്നത്. വിനയ്ടെ ഒരു സിനിമ ഈയടുത്ത് തുടങ്ങിയതിനു ശേഷം നിന്നു പോയിട്ടുണ്ടായിരുന്നു എന്നാണ് ഞാൻ കേട്ടത്. അദ്ദേഹത്തിന്റെ കൂടെ ഈ സിനിമയ്ക്കു വേണ്ടി ഒരുപാട് സമയം എനിക്കു പ്രവർത്തിക്കാൻ സാധിച്ചു. ഈ സിനിമയ്ക്ക് നല്ല വിജയമുണ്ടാകണമെന്നും വിനയ്ക്ക് ഒരു വഴിത്തിരിവാകട്ടെ ഈ സിനിമയെന്നും ഞാൻ ആഗ്രഹിക്കുന്നു. പ്രഗൽഭരായ ഒരുപാട് അഭിനേതാക്കൾ ഈ സിനിമയിലുണ്ട്. ഇതിലെ നിര്‍മാതാക്കളെല്ലാം പുതിയ ആളുകളാണ്. സുഹൃത്ത് കൂടിയായ സജീവിന്റെ ആദ്യ സിനിമയാണ്. നോർത്തിലെ വിതരണക്കാർ പെൻ എന്ന വലിയൊരു കമ്പനിയാണ്. കേരളത്തിൽ ആശിർവാദ് പ്രൊഡക്‌ഷൻസ് വിതരണം ചെയ്യുന്നു. ഓവർസീസ് ഫാർസ് ആണ് ചെയ്യുന്നത്. അങ്ങനെ അണിയറയിലും പിന്നണിയിലുമെല്ലാം നല്ലൊരു ടീം തന്നെയാണ് സിനിമയ്ക്കായി വർക്ക് ചെയ്തത്. ഇനി പ്രേക്ഷകരാണ് സിനിമ കാണേണ്ടതും ഏറ്റെടുക്കേണ്ടതും.