ചുരുളിയിലെ ജീപ്പ് ഡ്രൈവറിൽ നിന്ന് ഇന്ന് അനശ്വര രാജന്റെ നായകനിലേക്ക്; സജിൻ ഗോപു അഭിമുഖം

Mail This Article
രംഗണ്ണനും പിള്ളേരും വീശിയ കത്തിക്കും തോക്കിനും മീതെ ഒരു ഹിറ്റ് ഡയലോഗ് പിറന്നു–ശ്രദ്ധിക്കേണ്ടേ അമ്പാനേ. അമ്പാൻ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും അമ്പാനെ വെള്ളിത്തിരയിലെത്തിച്ച സജിൻ ഗോപു ശ്രദ്ധിക്കുന്നുണ്ടായിരുന്നു; ആവർത്തന വിരസതയില്ലാതെ കഥാപാത്രങ്ങളെ കണ്ടെത്താനും അവതരിപ്പിക്കാനും. ചുരുളിയിലെ പേരില്ലാത്ത ജീപ്പ് ഡ്രൈവറിൽനിന്ന് കഥാപാത്രങ്ങളുടെ പേരിലൂടെ അറിയപ്പെട്ട് ഒടുവിൽ ഒരു ബ്രാൻഡായി വളരുകയാണ് സജിൻ ഗോപു എന്ന പേര്. പൈങ്കിളിയുടെയും പൊൻമാന്റെയും വിജയച്ചിരിയോടെ സജിൻ സംസാരിക്കുന്നു.
അൽപം പൈങ്കിളിയാകാം
ശ്രീജിത്ത് ബാബുവിന്റെ ആദ്യ സിനിമയായ പൈങ്കിളി ഒരു പക്കാ ചിരിപ്പടമാണ്. നായകനായ സുകുവിന്റെ പൈങ്കിളി സാഹിത്യത്തിലേക്കും ജീവിതത്തിലേക്കും പ്രതീക്ഷിക്കാതെ കടന്നെത്തുന്ന നായികയാണ് അനശ്വരയുടെ കഥാപാത്രം. ജിത്തു മാധവനാണ് തിരക്കഥ. അദ്ദേഹത്തിന്റെ മറ്റു കഥാപാത്രങ്ങളെപ്പോലെ വളരെയധികം അഭിനയസാധ്യതയുള്ള കഥാപാത്രമാണ് സുകുവും.
ഭാരം കൂട്ടി, കുറച്ചു!
ആവേശത്തിലെ അമ്പാന് 96 കിലോ വേണമായിരുന്നു. അതു പക്ഷേ, വർക്ഔട്ട് ചെയ്തുണ്ടാക്കിയ ശരീരമാണ്. അൽപം വയറുണ്ടെങ്കിലും അമ്പാൻ ഫിറ്റാണ്. അമ്പാനുശേഷം വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പൊൻമാന്റെ കഥ കേൾക്കുന്നത്. ലിജോമോളുടെ കഥാപാത്രം പറയുംപോലെ മലപോലുള്ള രാക്ഷസനാണ് പൊൻമാനിലെ മാരിയോ. അതുകൊണ്ട് കുറച്ച വണ്ണം വീണ്ടും കൂട്ടാനായി ശ്രമം. ഭക്ഷണം കഴിച്ചു വണ്ണം കൂട്ടി. ഒപ്പം വഞ്ചി തുഴയാനും പഠിച്ചു. പൊൻമാന്റെ ചിത്രീകരണം നടക്കുന്നതിനിടെയാണു പൈങ്കിളിയുടെ കഥ കേൾക്കുന്നത്. അങ്ങനെ വീണ്ടും വണ്ണം കുറച്ചു. 96നു മുകളിൽ പോയ വണ്ണം 75ലേക്കു കുറഞ്ഞു. രണ്ടു സിനിമകളും പ്രേക്ഷകർ ഏറ്റെടുത്തതിൽ സന്തോഷം.
ഒരു പതിറ്റാണ്ട്
അങ്കമാലി ഡിപോളിലെ ബികോം പഠനത്തിനു ശേഷമാണ് അഭിനയമോഹം ഒപ്പം കൂടിയത്. അങ്ങനെ ഓഡിഷനുകളിൽ പങ്കെടുത്തു തുടങ്ങി. ജീവിക്കാനായി ആ സമയത്ത് കളമശേരിയിൽ ഒരു ലോജിസ്റ്റിക്സ് കമ്പനിയിൽ ജോലിയും ചെയ്തു. 2015ലാണ് ചെറിയ വേഷങ്ങളിൽ സിനിമയിൽ അവസരം ലഭിക്കുന്നത്. പിന്നീട് നല്ല കഥാപാത്രങ്ങൾക്കായി ഒരു ബ്രേക്ക് എടുത്ത സമയത്ത് എ.പി.അനിൽകുമാർ സാറിനൊപ്പം നാടകങ്ങൾ ചെയ്തു. സുഹൃത്തായ സഞ്ജുവിനൊപ്പം തിരക്കഥയെഴുതാനും തുടങ്ങി. സഞ്ജു വഴിയാണ് ലിജോ ജോസ് പെല്ലിശേരിയെ കാണാൻ അവസരം ലഭിക്കുന്നത്. ജീപ്പ് ഓടിക്കാൻ അറിയുമെന്നതു ഗുണമായി. അങ്ങനെ, ചുരുളിയിൽ പേരില്ലാത്ത ജീപ്പ് ഡ്രൈവറായി. ആ വർഷം തന്നെയാണ് ജാൻ എ മന്നും റിലീസ് ചെയ്യുന്നത്. രണ്ടും ഹിറ്റായതോടെ എന്റെ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ, രോമാഞ്ചത്തിലേക്കെത്തി.
അമ്പാന്റെ വിജയമന്ത്ര
നല്ല സിനിമകളുടെ ഭാഗമാകാനാണ് ഇഷ്ടം. നായകനായാലും സ്വഭാവനടനായാലും വില്ലനായാലും കുഴപ്പമില്ല. പ്രേക്ഷകർ ഓർത്തിരിക്കുന്ന സിനിമകളുടെ ഭാഗമാകണം. കാത്തിരുന്നു കിട്ടിയ സിനിമയ്ക്കു വേണ്ടി എത്ര വേണമെങ്കിലും കഷ്ടപ്പെടാൻ തയാറാണ്.
വീട്, പുതിയ സിനിമ
ആലുവ യുസി കോളജിനടുത്താണ് വീട്. അച്ഛൻ വി.എം.ഗോപു, അമ്മ പ്രമീള. അനിയൻ ജിതിൻ പൈങ്കിളിയുടെ അസി.ഡയറക്ടറായിരുന്നു. രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ‘ഒരു ദുരൂഹസാഹചര്യത്തിൽ ആണ്’ പുതിയ സിനിമ.