കരുത്തോടെ ജ്യോതിക
Mail This Article
ജ്യോതികയ്ക്കും സൂര്യയ്ക്കും മക്കൾ 2; ഏഴിൽ പഠിക്കുന്ന ദിയയും നാലാം ക്ലാസുകാരൻ ദേവും. മക്കളുടെ പഠനം ശ്രദ്ധിക്കേണ്ടതിനാൽ സിനിമയിലെ രണ്ടാംവരവിൽ ചെന്നൈയ്ക്കു പുറത്തെ ചിത്രീകരണം ജ്യോതിക ഒഴിവാക്കി. ഒടുവിൽ, ഷൂട്ടിങ്ങിനു ചെന്നൈ വിട്ടു; ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘തമ്പി’ക്കായി കോയമ്പത്തൂരിലേക്ക്. സൂര്യയുടെ സഹോദരൻ കാർത്തിയും ജ്യോതികയും ഒന്നിക്കുന്ന ആദ്യചിത്രം അടുത്തയാഴ്ച തിയറ്ററുകളിലെത്തും.
കൂട്ടുകുടുംബം
വീട്ടിൽ 4 കലാകാരന്മാർ; അപ്പ (ശിവകുമാർ), സൂര്യ, കാർത്തി, പിന്നെ ഞാൻ. കൂട്ടുകുടുംബത്തിന്റെ സ്നേഹവും ഊർജവുമാണു ഞങ്ങളുടെ കരുത്ത്. മക്കൾക്കായി ഞാൻ 8 വർഷം വീട്ടിലിരുന്നു. ഇപ്പോൾ 6 മണിക്ക് ഉണർന്നു മക്കളെ സ്കൂളിലയച്ച ശേഷമാണു ഷൂട്ടിങ്ങിനിറങ്ങുക. കോയമ്പത്തൂരിൽ ഷൂട്ടിങ്ങിനു പോകാൻ ഏറ്റവും പ്രോത്സാഹിപ്പിച്ചത് അപ്പ.
സൂര്യ പെർഫെക്ട്
ആർക്കും അസൂയ തോന്നുന്ന മാന്യത. സ്ത്രീകളോട് ഏറ്റവും ആദരം. പക്വമായ അഭിപ്രായങ്ങളേ പറയൂ. ജോലി ചെയ്യുന്നയാളെന്ന നിലയിൽ എനിക്കു തരുന്ന സ്വാതന്ത്ര്യം സൂര്യയെ ഭർത്താവ് എന്നതിനെക്കാൾ നല്ല വ്യക്തിയാക്കുന്നു.
ഡബിൾ സ്ട്രോങ്
രണ്ടാംവരവിൽ കരുത്തുറ്റ കഥാപാത്രങ്ങൾ കിട്ടിത്തുടങ്ങി. തമിഴിൽ സ്ത്രീകൾക്കായി മികച്ച ചിത്രങ്ങൾ കുറവാണ്. അതിനു മാറ്റം ആഗ്രഹിച്ചാണു വിവാഹിതയായിട്ടും ഞാൻ അഭിനയിക്കുന്നത്. ആരാകണം നായകനെന്നു നായിക തീരുമാനിക്കുന്ന കാലം വരണം.
നന്മമലയാളം
എന്റെ ആദ്യചിത്രം മലയാളി സംവിധായകന്റേതാണ്; പ്രിയദർശന്റെ ‘ഡോളി സജാ കെ രഖ്നാ’. ‘36 വയതിനിലേ’യിലൂടെ രണ്ടാം വരവൊരുക്കിയതു മലയാളി സംവിധായകൻ റോഷൻ ആൻഡ്രൂസ്. ഇപ്പോൾ ജീത്തുവിന്റെ ‘തമ്പി’യും. മലയാള സിനിമയിൽ വലിയ നന്മകളുണ്ട്. മൂന്നും നാലും നായകന്മാർ ഒരുമിച്ച് അഭിനയിക്കാൻ തയാറാകുന്നു. അതു തമിഴിൽ കാണാനാകില്ല.
ഒരു കൈ സഹായം
സൂര്യയും ഞാനും ചേർന്നുള്ള അഗാരം ഫൗണ്ടേഷൻ പാവപ്പെട്ട വിദ്യാർഥികളുടെ പഠനം ഏറ്റെടുത്തു നടത്തുന്നു. മിടുക്കരായ കുട്ടികൾക്ക്, പണമില്ലെന്നതിനാൽ മെഡിക്കൽ, എൻജിനീയറിങ് പഠനം സാധിക്കാതെ വരരുത്. ചെന്നൈയിൽ കുട്ടികൾക്കായി സ്പോർട്സ് ക്ലബ് തുടങ്ങണമെന്നുണ്ട്.
എന്റെ പ്ലസ്
സന്തോഷവതി. എന്തുണ്ടെങ്കിലും മുഖത്തുനോക്കി പറയും.
വിശ്വാസമുണ്ട്, പക്ഷേ...
ദൈവവിശ്വാസമുണ്ട്. ക്ഷേത്രത്തിൽ പോകും. പക്ഷേ, വിഐപി ദർശനത്തിൽ താൽപര്യമില്ല.
ഉല്ലാസമാണ് യാത്ര
ഇന്ത്യയിലും പുറത്തും എല്ലാ വർഷവും കുടുംബമായി യാത്ര പോകും. ട്രക്കിങ് ഹരമാണ്. ഹിമാലയ യാത്ര വലിയ അനുഭവമായിരുന്നു.
നല്ല ‘തമ്പി’
നല്ല കുടുംബചിത്രമാണു ‘തമ്പി’. വൈകാരികത കൊണ്ടു പ്രേക്ഷകരെ പിടിച്ചിരുത്താൻ ജീത്തുവിനുള്ള കഴിവ് അപാരം. ചിത്രത്തിൽ കാർത്തിയും ഞാനും സഹോദരങ്ങളാണ്; വീട്ടിലെ ചേച്ചി സ്ക്രീനിലും.