ഇത്തവണയും മറന്നു: സിന്ധുവിന് 51ാം പിറന്നാൾ ആശംസിച്ച് കൃഷ്ണകുമാർ

Mail This Article
ഭാര്യ സിന്ധുവിന് പിറന്നാൾ ആശംസകളേകി നടൻ കൃഷ്ണകുമാർ. 51ാം പിറന്നാളിന് മക്കളോടൊപ്പം കശ്മീരിൽ വിനോദയാത്രയിലാണ് സിന്ധു കൃഷ്ണകുമാർ. എല്ലാത്തവണയും സിന്ധുവിന്റെ പിറന്നാൾ ദിനം മറന്നുപോകുമെന്നും ഇത്തവണയും ആ പതിവ് തെറ്റിയില്ലെന്നും കൃഷ്ണകുമാർ പറയുന്നു. കശ്മീരിലെ സിന്ധുവിന്റെ ചിത്രങ്ങൾക്കൊപ്പമായിരുന്നു കൃഷ്ണകുമാറിന്റെ പിറന്നാൾ കുറിപ്പ്.

‘‘നമസ്കാരം സഹോദരങ്ങളേ. ഇന്നു സിന്ധുവിന്റെ പിറന്നാൾ. പതിവുപോലെ രാവിലെ വിളിച്ചു സംസാരിച്ചു. എല്ലാ വർഷത്തെയും പോലെ ഈ വർഷവും പതിവ് ഞാൻ തെറ്റിച്ചില്ല. രാവിലെ വിളിച്ചു, കശ്മീരിൽ മക്കൾക്കും കൂട്ടുകാർക്കും ഒപ്പമായിരുന്നു സിന്ധു. വിശേഷങ്ങൾ ചോദിച്ചു. എല്ലാ തവണത്തെയും പോലെ ചിരിച്ചുകൊണ്ട് സിന്ധു പറഞ്ഞു ഇന്ന് എന്റെ പിറന്നാൾ ആണെന്ന്.

രണ്ടു മൂന്നു സെക്കൻഡ് നിശബ്ദതയ്ക്കു ശേഷം രണ്ടു പേരും ചിരിച്ചു. ഇത്രയും കാലം കൊണ്ട് സിന്ധുവിനു കാര്യം മനസ്സിലായി. അന്നും ഇന്നും കിച്ചു ഇങ്ങനെ തന്നെ. 28 വർഷവും കൃത്യമായി മറന്നു പോയ ഒരു കാര്യം സിന്ധുവിന്റെ പിറന്നാൾ. സിന്ധു ഇതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. എന്നാൽ ഇന്നലെ രാത്രിയിൽ കിടക്കുന്നതിനു മുൻപ് ഞാൻ മനസ്സിൽ കുറിച്ചിട്ടു. ഇന്നു രാവിലെ സിന്ധുവിനെ വിളിച്ചു ഞെട്ടിക്കണം എന്ന്. രാവിലെ എണീറ്റു. പതിവ് പോലെ ഫോൺ കോളുകൾ വന്നു. എല്ലാം മറന്നു. അത് കൊണ്ട് സിന്ധു ഞെട്ടിയില്ല...പിന്നെ ഓർത്തു അടുത്ത വർഷം ആവട്ടെ.. ഞെട്ടിക്കാം.
സിന്ധുവിന്റെ ആഗ്രഹമാണ് യാത്രകൾ.. അതും മക്കളോടൊപ്പം മഞ്ഞുള്ള സ്ഥലങ്ങളിൽ..കൂടെ ജീവിതത്തിലെ ഏറ്റവും ഇഷ്ടമുള്ള, സ്കൂൾത്തലം മുതൽ ഊട്ടിയിൽ കൂടെ പഠിച്ച ഏറ്റവും പ്രിയപ്പെട്ട ഹസീനയ്ക്കും സുലുവിനോടും ഒപ്പം...കശ്മീരിൽ.. 51ാം പിറന്നാൾ സിന്ധുവിന്റെ ഇഷ്ടം പോലെ, ആഗ്രഹം പോലെ നടത്തികൊടുത്ത ദൈവത്തിനു നന്ദി.’’–കൃഷ്ണകുമാർ പറഞ്ഞു.