രാജ്യത്തെ ആദ്യ ഓഡിയോ ചലച്ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ റിലീസിനൊരുങ്ങുന്നു

Mail This Article
അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ബ്ലൈൻഡ് ഫോൾഡ് ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രമായി ഒരുങ്ങുന്നു. ക്രിയേറ്റിവ് ഡിസൈനറും ചലച്ചിത്രകാരനുമായ ബിനോയ് കാരമെൻ ആണ് ചിത്രം സംവിധാനം ചെയുന്നത്. ഇന്റലക്ച്വൽ മങ്കി പ്രൊഡക്‌ഷനും ലക്ഷ്വറി അപ്പാരൽ ബ്രാൻഡായ ക്ലുമും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
പരമ്പരാഗതമായ ചലച്ചിത്ര നിർമ്മാണ രീതികളിൽ നിന്ന് വിഭിന്നമായി ശബ്ദ സാങ്കേതിക വിദ്യകളുടെ നൂതനമായ സഹായത്തോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. അന്ധനായ കേന്ദ്രകഥാപാത്രം ഒരു കൊലപാതകത്തിന്റെ സാക്ഷിയാവുകയും പിന്നീട് സംഭവിക്കുന്ന ഉദ്വേഗജനകമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കാതൽ. ദൃശ്യങ്ങൾ ഇല്ലാതെ ശബ്ദംകൊണ്ട് മാത്രം പ്രേക്ഷകനെ നയിക്കുന്ന ചലച്ചിത്രം പ്രേക്ഷകർക്ക് നവീനമായ അനുഭവമാണ് സമ്മാനിക്കുക.
‘‘സിനിമ ഒരു ദൃശ്യമാധ്യമാണ്, പക്ഷേ ‘ബ്ലൈൻഡ് ഫോൾഡിൽ’ ദൃശ്യങ്ങൾ ഇല്ല. ഏതൊരു സാധാരണ സിനിമയും ആസ്വദിക്കുന്നത് പോലെ ബ്ലൈൻഡ് ഫോൾഡും തിയറ്ററിൽ പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയും. എന്റെ കഴിഞ്ഞ 11 വർഷത്തെ ഗവേഷണവും ചിന്തകളും ഈ ചിത്രത്തിന്റെ പിന്നിലുണ്ട്. സിനിമയെന്ന മാധ്യമം ഓരോ പ്രേക്ഷകരിലും എങ്ങനെ വ്യത്യസ്തമായി സ്വാധീനിക്കുന്നു എന്നത് ഞാൻ എപ്പോഴും ചിന്തിച്ചിട്ടുണ്ട്. വെളിച്ചത്താൽ അന്ധമായ ലോകത്തിന്റെയും അതിന്റെ ശബ്ദങ്ങളിലൂടെയുള്ള സൗന്ദര്യത്തെയുമാണ് ഞാൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നത്. ശബ്ദമിശ്രണത്തിലൂടെയും സംഗീതത്തിലൂടെയും സംഭാഷണത്തിലൂടെയും മാത്രം ഒരു സിനിമയേ മികച്ച അനുഭവമാക്കുകയെന്നതാണ് എന്റെ ലക്‌ഷ്യം. നമ്മുടെ ചുറ്റുപാടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും കാഴ്ചകളേക്കാൾ നമ്മുടെ ചുറ്റുമുള്ള ശബ്ദങ്ങളുടെ പ്രാധാന്യം മനസിലാക്കുവാനും ബ്ലൈൻഡ് ഫോൾഡ് പ്രേക്ഷകരെ പ്രേരിപ്പിക്കുമെന്ന് പരീക്ഷണാത്മക സിനിമകളിലും ആശയങ്ങളിലും അതീവ താല്പര്യമുള്ള ബ്ലൈൻഡ് ഫോൾഡിന്റെ എഴുത്തുകാരനും സംവിധായകനുമായ ബിനോയ് കാരമെൻ പറഞ്ഞു.
അതിനൂതനമായ ശബ്ദസാങ്കേതികവിദ്യകളുടെ സഹായം പ്രേക്ഷകർക്ക് നവീനമായ ശ്രവ്യാനുഭവം പ്രദാനം ചെയ്യും. സിനിമയുടെ പിന്നിൽ പ്രവർത്തിച്ച പരിചയസമ്പന്നരായ സൗണ്ട് ഡിസൈനർമാരും മികച്ച അനുഭവമായി സിനിമയെ മാറ്റിയെടുക്കുവാൻ സഹായിച്ചിട്ടുണ്ട്. ഫ്രീക്വൻസി സൂചികങ്ങൾക്കൊപ്പം, ശബ്ദത്തിന്റെ ദിശയും ഉത്ഭവവും നിർണ്ണയിക്കപ്പെടുന്ന തരത്തിൽ സൗണ്ട്സ്കേപ്പ് രൂപകൽപ്പന ചെയ്യാൻ ബൈനറൽ സാങ്കേതികവിദ്യ സഹായിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് മികച്ച സറൗണ്ട് സൗണ്ട് അനുഭവം നൽകുകയും അവർക്ക് ഉദ്യോഗജനകമായ മുഹൂർത്തങ്ങൾ സമ്മാനിക്കുകയും ചെയ്യുന്ന ചിത്രം ഡോൾബി അറ്റ്‌മോസിലാണ് അവതരിപ്പിക്കുന്നത്.
സിനിമയുടെ സൗണ്ട് ഡിസൈനിങ് നിർവഹിച്ചിരിക്കുന്നത് അജിൽ കുര്യൻ, കൃഷ്ണൻ ഉണ്ണി എന്നിവർ ചേർന്നാണ്. പശ്ചാത്തല സംഗീതം സ്റ്റീവ് ബെഞ്ചമിനും, തിരക്കഥ രചിച്ചിരിക്കുന്നത് സൂര്യ ഗായത്രിയുമാണ്.