ADVERTISEMENT

കടലിനെക്കുറിച്ചെഴുതാന്‍ പറഞ്ഞാല്‍ എന്ത് എഴുതും. പുറമേ നിന്ന് നോക്കിയാല്‍ ശാന്തം. ആഴങ്ങളിലേക്ക് ചെന്നാലോ വര്‍ണ്ണിക്കാനാവാത്ത അത്ര വിസ്മയങ്ങള്‍. ഇതുപോലെയൊരു അഭിനയ വിസ്മയത്തിന്റെ കടലാണ് മലയാളിയ്ക്ക് മോഹന്‍ലാല്‍. ഇനിയും ഒടുങ്ങാത്ത ഒരുപാട് വിസ്മയങ്ങള്‍ ഒളിപ്പിച്ച്, ഒരു കള്ള ചിരിയോടെ വരുന്ന മോഹന്‍ലാല്‍ എന്ന ലാലേട്ടന് മലയാളിയ്ക്ക് സ്വന്തം ജീവിതത്തിന്റെ ഭാഗം കൂടിയാണ്.

 

mohanlal-juhi

ഈ വിസ്മയ സാഗരത്തിലെ മൂന്ന് അമൂല്യ മുത്തുകളാണ് മോഹന്‍ലാല്‍ പകര്‍ന്നാടിയ സുഖമോ ദേവിയിലെ സണ്ണിയും, തുവാനത്തുമ്പികളിലെ ജയകൃഷ്ണനും, നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പിലെ സോളമനും. മോഹന്‍ലാല്‍ അഭിനയിച്ച് ഫലിപ്പിച്ച കള്ളകാമുകന്മാരെല്ലാം മലയാളിക്ക് പ്രിയപ്പെട്ടതാണ്. എങ്കിലും ഇവരോട് ഒരു ഇത്തിരി ഇഷ്ടം കൂടും മലയാളിക്ക്. കാരണം പ്രണയം ധീരന്മാര്‍ക്കുള്ളതാണെന്ന് പഠിപ്പിച്ചത് ഇവരായിരുന്നു. ഇവരോളം ധീരര്‍ ഇന്നോളം വന്നിട്ടുമില്ല, വരുമെന്ന് തോന്നുന്നുമില്ല.

mohanlal-narendran

 

അതു തന്നെയാണ് സണ്ണിയേയും സോളമനെയും ജയകൃഷ്ണനെയും വ്യത്യസ്തരാക്കുന്നത്. സണ്ണിയും - താരയും മലയാളസിനിമയിലെ വിഷാദമോഹന കാവ്യങ്ങളാണെന്ന് തന്നെ പറയാം. ധീരതയുടെ പ്രതിരൂപം തന്നെയാണ് സണ്ണി. പ്രണയിനിയോട് ശല്ല്യങ്ങളില്ലാതെ സംസാരിക്കാന്‍ ബാറില്ലേക്ക് കൂട്ടിക്കൊണ്ടു പോകാനുള്ള ധീരത സണ്ണിയ്ക്ക് മാത്രം സ്വന്തം. ചാര്‍മിനാര്‍ സിഗററ്റിന്റെ ഗന്ധമുള്ള കാമുകന്‍. ആര് എതിര്‍ത്താലും സണ്ണിയെന്ന പോക്കിരി താരയെന്ന സുന്ദരിയെകെട്ടുമെന്ന് പ്രഖ്യാപിച്ച പ്രണയപൌരുഷത്തിന്റെ മൂര്‍ത്തീഭാവം. പേടിക്കാതെയുള്ള പ്രണയത്തിന്റെ സ്വാതന്ത്യ്രമായിരുന്നു സണ്ണി എന്ന കഥാപാത്രം. മോഹന്‍ലാല്‍ എന്ന നടനില്ലായിരുന്നെങ്കില്‍ സുഖമോദേവി എന്ന സിനിമ ഉണ്ടാകുമായിരുന്നില്ല എന്ന് സംവിധായകന്‍ വേണുനാഗവള്ളി പോലും പറഞ്ഞിട്ടുണ്ട്. വേണുനാഗവള്ളി കണ്ട സൈമണിലേക്ക് മോഹന്‍ലാല്‍ എന്ന നടന്‍ നടത്തിയ മറ്റൊരു പരകായ പ്രവേശമായിരുന്നു ചെറുപ്പം ചെറുപ്പമായി തന്നെ ജീവിച്ചുതീര്‍ത്ത സണ്ണി. മരണത്തിനുമപ്പുറം മോഹന്‍ലാലിന്റെ സണ്ണിയിലൂടെ സൈമണ്‍ ഇന്നും ജീവിക്കുന്നു.

 

മഴപോലെ നിര്‍മലമായ പ്രണയം അതായിരുന്നു തുവാനത്തുമ്പികളിലെ ജയകൃഷ്ണനും ക്ളാരയും. ഒന്നിനുമല്ലാതെ ഒരിക്കലും സഥലമാകില്ല എന്ന് അറിഞ്ഞിട്ടും പ്രണയിക്കുക. അതൊരു സുഖമാണ്. ആ സുഖമാണ് ജയകൃഷ്ണന്‍ പഠിപ്പിച്ചത്. ജാതിയും മതവും സംസ്ക്കാരവും സമൂഹവും അയാള്‍ക്ക് പ്രശ്നമല്ലായിരുന്നു. അത് തന്നെയാണ് ജയകൃഷ്ണനെക്കൊണ്ട് ''ക്ളാരയെ ഞാന്‍ വിവാഹം ചെയ്തോട്ടെ'' എന്ന് ചോദിക്കാന്‍ പ്രേരിപ്പിച്ചത്. കാമുകന്റെ ബാലിശമായ സ്വപ്നമായിട്ടല്ല മലയാളി ആ ചോദ്യം കേട്ടത്, ചങ്കുറപ്പുറള്ളവന്റെ വിശ്വാസമായിരുന്നു. ''ക്ളാര സമ്മതിച്ചിരുന്നെങ്കില്‍ അന്ന് വിവാഹം നടക്കുമായിരുന്നു അല്ലേ?'' എന്ന് തുവാനത്തുമ്പികളിലെ രാധ ചോദിക്കുമ്പോള്‍. അന്ന് ക്ളാര സമ്മതിച്ചിരുന്നെങ്കില്‍ മണ്ണാര്‍ത്തൊടിയില്‍ നിന്റെ സ്ഥാനത്ത് അവളിപ്പോള്‍ ഉണ്ടായേനേം എന്ന് പറയാനുള്ള ചങ്കുറപ്പ് മലയാള സിനിമയിലെ ഈ ഒരൊറ്റ ജയകൃഷ്ണന്‍ മാത്രമേ ഒള്ളൂ. ക്ളാര വന്നാല്‍ ഞാന്‍ പോകും എന്ന് വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയോട് പറയാന്‍ ജയകൃഷ്ണനു മാത്രമേ സാധിക്കൂ.

 

മഴകാണുമ്പോള്‍ സിനിമയെ സ്നേഹിക്കുന്ന മലയാളി കാമുകന്മാരുടെ മനസ്സില്‍ പ്രണയം പെയ്യുന്നുണ്ടെങ്കില്‍ അതിനുള്ള കാരണം ഇന്നും മോഹന്‍ലാലിന്റെ ജയകൃഷ്ണന്‍ തന്നെയാണ്.

 

പ്രണയത്തിന്റെ എല്ലാ മാമൂലുകളെയും പൊളിച്ചടുക്കുകയായിരുന്നു നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ സോളമന്‍. സ്വാതന്ത്യ്രത്തിന്റെ ആകാശമായിരുന്നു അയാള്‍ക്ക് പ്രണയം പ്രണയത്തിന്റെ മധുരത്തോടൊപ്പം യാഥാര്‍ത്ഥ്യങ്ങളുടെ പുളിപ്പും ഉള്‍ക്കൊള്ളുന്നവനേ ജീവിതമൊള്ളൂ എന്ന് പറയാതെ പറഞ്ഞു പത്മാരജന്റെ മുന്തിരിതോപ്പുകളുടെ കാവല്‍ക്കാരനായ സോളമന്‍. രണ്ടാനച്ഛന്‍ ബലാത്സംഗം ചെയ്ത കാമുകിയെ യാതൊന്നും അവളുടെ ജീവിതത്തില്‍ സംഭവിച്ചിട്ടില്ല എന്ന രീതിയില്‍ സ്വീകരിക്കാന്‍ ഇന്നത്തെ ഒരു ന്യൂജനറേഷന്‍ കാമുകനും സാധിക്കില്ല. ആ ധീരതയാണ് അയാളെക്കൊണ്ട് ''എന്താ ഞാന്‍ വരില്ലാ എന്ന് കരുതിയോ?'' എന്ന് ചോദിപ്പിക്കുന്നതും.

 

സോളമന്‍ വ്യത്യസ്തനാകുന്നത് അവിടെയാണ്. സ്വാതന്ത്യ്രത്തിന്റെ ഉല്ലാസത്തിന്റെ മുന്തിരിത്തോപ്പുകളിലേക്കുള്ള പ്രണയത്തിന്റെ യാത്രയാണ് സോളമനിലൂടെ മലയാളി കണ്ടത്. സണ്ണിയേയും സോളമനേയും ജയകൃഷ്ണനെയും പോലെ സ്വാതന്ത്യ്രത്തിന്റെ ആകാശത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന കാമുകനെ ഓരോ കാമുകിയും അന്നും ഇന്നും എന്നും സ്വപ്നം കണ്ടുകൊണ്ടേയിരുക്കും. ആ ഉറപ്പാണ് മോഹന്‍ലാല്‍ എന്ന വിസ്മയം മലയാളിക്ക് സമ്മാനിച്ചത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com