‘മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി’; പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥ
Mail This Article
മമ്മൂട്ടിയുടേതെന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന വിഡിയോ പുറത്ത്. കഴുത്തിലും മുഖത്തും ചുളിവുകളുമായി നരയും കഷണ്ടിയുമുള്ള ചിത്രമാണ് മമ്മൂട്ടിയുടേതെന്ന എന്ന പേരിൽ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വെളിപ്പെടുത്തുന്ന വിഡിയോ റോബർട്ട് കുര്യാക്കോസ് ആണ് പങ്കുവച്ചത്. മമ്മൂട്ടി ഫാൻസിന്റെ ഇന്റർനാഷ്നൽ പ്രസിഡന്റും താരത്തിന്റെ ജീവകാരുണ്യ പ്രസ്ഥാനങ്ങൾ ഏകോപിപ്പിക്കുന്നയാളുമാണ് റോബർട്ട് കുര്യാക്കോസ്.
‘‘ഒരുപാടുപേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവനത്തിന് ചുളിവും നരയും നൽകിയ ഡിജിറ്റൽ തിരക്കഥയുടെ വഴി: കാലത്തിന് തോൽപ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്.’’–ഫോട്ടോഷോപ്പ് വിഡിയോ പങ്കുവച്ച് റോബർട്ട് കുറിച്ചു.
ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുമ്പോൾ എന്ന സന്ദേശമടങ്ങിയ ദീർഘമായ കുറിപ്പിനൊപ്പമായിരുന്നു മമ്മൂട്ടിയുടെ ഫേക്ക് ഇമേജ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് പിന്നീട് മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടിയുടെ യഥാർഥ ചിത്രമാണെന്ന പ്രചാരണമായി. ചിത്രത്തിന്റെ ഒറിജിനലും ഡ്യൂപ്ലിക്കേറ്റും പങ്കുവച്ച് മമ്മൂട്ടി ആരാധകര്‍ തന്നെ ഫോട്ടോഷോപ്പ് നുണകളെ പൊളിക്കുന്നുണ്ട്.
അതേസമയം വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തിരക്കഥ എഴുതുന്ന ചിത്രം ആക്‌ഷൻ എന്റർടെയ്നറാണ്.