സിനിമ ഹിറ്റായി ഓടുന്നതിനിടയിൽ ആത്മഹത്യ; ജീവിതത്തിലും ‘ആകാശഗംഗ’യായ മയൂരി
Mail This Article
‘ആകാശഗംഗ’യിലെ മായാദേവിയായി വന്ന മയൂരി സമ്മര്‍ ഇന്‍ ബേത്‌ലഹേം, ചന്ദാമാമാ, പ്രേംപൂജാരി, അരയന്നങ്ങളുടെ വീട് എന്നിങ്ങനെ ഒട്ടനവധി സിനിമകളില്‍ നല്ല വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. തമിഴിലും തെലുങ്കിലും നിരവധി സിനിമകളില്‍ വേഷമിട്ട മയൂരി ആകെ 6 വര്‍ഷം മാത്രമാണ് സിനിമയിലുണ്ടായിരുന്നത്. അരയന്നങ്ങളുടെ വീടായിരുന്നു മലയാളത്തിലെ ആദ്യചിത്രം. പിന്നീട് ‘കസ്തൂരിമാന്‍’ എന്ന സിനിമയിലേക്ക് അവരെ ഉള്‍പ്പെടുത്താന്‍ ലോഹിതദാസ് ശ്രമിച്ചെങ്കിലും അന്യഭാഷകളിലെ തിരക്ക് കാരണമായി പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി. ‘കസ്തൂരിമാന്‍’ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ ലോഹി വീണ്ടും അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷേ മയൂരി ആ ചിത്രവുമായും സഹകരിച്ചില്ല. തമിഴ് ചിത്രമായ കനാ കണ്ടേന്‍ ആയിരുന്നു മയൂരിയുടെ അവസാന ചിത്രം. സിനിമ തിയറ്ററുകളില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ മയൂരി ചെന്നെയിലെ വീട്ടില്‍ ആത്മഹത്യ ചെയ്തു.
വിജയങ്ങളുടെ നടുവില്‍ നിന്നും ഒരാള്‍ മരണത്തിലേക്ക് അകാരണമായി നടന്നടുക്കുന്നത് എന്തിന് എന്ന ചോദ്യമായിരുന്നു മയൂരിയുടെ മരണ ദിവസം മുതല്‍ ഇന്നോളം സിനിമാ കേന്ദ്രങ്ങളെയും പ്രേക്ഷകരെയും അലട്ടിയിരുന്നത്. എന്നാല്‍ സിനിമ അങ്ങനെയാണ്. സ്‌ക്രീനില്‍ ചിരിച്ചു കളിച്ച് അഭിനയിക്കുന്ന പല പെണ്‍കുട്ടികള്‍ക്കും ഒരു ജന്മം മുഴുവന്‍ നീറി നീറി നില്‍ക്കുന്ന തിക്താനുഭവങ്ങള്‍ സമ്മാനിക്കും. ചങ്കുറപ്പുളളവര്‍ അതിനെ അതിജീവിക്കും. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ മുന്നോട്ട് പോകും. മനസിന് കനം കുറഞ്ഞവര്‍ ഏതാനും ഉറക്കഗുളികകളിലോ സാരിത്തുമ്പിലോ ഒരു സയനൈഡ് ബോട്ടിലിലോ അഭയം തേടും. മയൂരിയും അക്കൂട്ടത്തിലൊരാളായിരുന്നു.
ഒരു സ്ത്രീയ്ക്ക് സഹിക്കാനും ക്ഷമിക്കാനും അനുഭവിക്കാനും കഴിയുന്നതിനൊക്കെ ഒരു പരിധിയില്ലേ എന്നാണ് മയൂരിയുടെ ഒരു സഹപ്രവര്‍ത്തക അക്കാലത്ത് പ്രതികരിച്ചത്. അതില്‍ എല്ലാമുണ്ടായിരുന്നു. പക്ഷേ എന്ത് ചെയ്യാം. ആ ജീവനെടുക്കാന്‍ കാരണക്കാരായ പലരും ഇന്നും പകല്‍മാന്യന്‍മാരായി വിലസുമ്പോള്‍ കഴിവും രൂപഭംഗിയുമുളള ഒരു പെണ്‍കുട്ടി അകാലത്തില്‍ ഈ ഭൂമിയുമായുളള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് മറ്റൊരു ലോകം തേടിക്കഴിഞ്ഞു. പല വിധ കാരണങ്ങളാല്‍ അഭിനയത്തോട് വിമുഖത കാട്ടിയ മയൂരിക്ക് അകാലത്തില്‍ പൊലിയാനായിരുന്നു വിധി. അതിന്റെ കാരണങ്ങള്‍ ഇന്നും അജ്ഞാതമാണെങ്കിലും സിനിമയിലെ പുഴുക്കുത്തുകളിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്.
മയൂരിയുടെ ജീവിതയാത്ര എങ്ങിനെയെന്ന് നോക്കാം..
പ്രതീക്ഷ നഷ്ടമായ ജീവിതം
കൊല്‍ക്കത്തയില്‍ ജനിച്ച തമിഴ്‌വംശജയായ മയൂരിയുടെ യഥാർഥ പേര് ശാലിനി എന്നായിരുന്നു. ഉദരാര്‍ബുദം മൂലമുണ്ടായ ഡിപ്രഷനാണ് അവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പുറമെ പ്രചരിക്കുന്ന വിവരം. അത് എത്രത്തോളം സത്യമാണെന്ന് ഉറപ്പില്ല. അര്‍ബുദത്തിന് നൂതന ചികിത്സാ സംവിധാനങ്ങളിലുടെ രോഗശാന്തി സാധ്യമാകുന്ന ഒരു കാലത്ത് മയൂരിയെ പോലെ വിദ്യാഭ്യാസവും ലോകപരിചയവുമുളള ഒരു പെണ്‍കുട്ടി ഇത്തരമൊരു അബദ്ധം കാണിക്കുമോയെന്ന് ചോദിക്കുന്നവരാണ് ഏറെയും. മാത്രമല്ല ഉദരസംബന്ധമായ രോഗം എന്നാല്‍ അസിഡിറ്റി അടക്കമുളള എന്തും ആവാം. അല്ലാതെ ഗോസിപ്പ് കോളങ്ങളില്‍ നിറയും പോലെ ഒരു മാരകരോഗം അവര്‍ക്കുണ്ടായിരുന്നില്ലെന്നും വാദിക്കുന്നവരുണ്ട്. ഇത് സംബന്ധിച്ച് കുടുംബവൃത്തങ്ങള്‍ സ്ഥിരീകരണമൊന്നും നല്‍കാത്ത സ്ഥിതിക്ക് അങ്ങനെ ഉറപ്പിച്ച് പറയാനുമാവില്ല. യഥാർഥത്തില്‍ അവര്‍ എന്തിന് മരിച്ചു എന്നത് ഇന്നും തെളിയിക്കപ്പെടാത്ത ഒരു ഏടാണ്.
മരണത്തിന് തൊട്ടുമുന്‍പ് വിദേശത്തുളള സഹോദരന് എഴുതിയ കത്തില്‍ മയൂരി ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു. ‘‘എന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ല. ജീവിതത്തിലുളള പ്രതീക്ഷ നഷ്ടപ്പെട്ടതിനാല്‍ ഞാന്‍ പോകുന്നു’’, ജീവിക്കുവാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലാത്തതു കൊണ്ട് ഞാന്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് മയൂരി തന്റെ ആത്മഹത്യ കുറിപ്പിൽ കുറിച്ചതെന്നും പറയപ്പെടുന്നു.
യക്ഷിയായി മാറിയ മയൂരി
അമ്മ ശാന്തിയുടെ ആഗ്രഹസഫലീകരണത്തിനാണ് മയൂരി സിനിമയില്‍ അഭിനയിക്കാന്‍ ഇറങ്ങിത്തിരിച്ചത്. മയൂരി ഏഴാം ക്ലാസ് വിദ്യാർഥിയായിരിക്കുമ്പോള്‍ തന്നെ അമ്മ തമിഴ് സംവിധായകരോട് മകള്‍ക്കു വേണ്ടി അവസരം ചോദിച്ചു തുടങ്ങി. എട്ടാം ക്ലാസ് വിദ്യാർഥിയായിരിക്കെ കുംഭകോണം ഗോപാലു എന്ന ചിത്രത്തില്‍ പാണ്ഡ്യരാജിന്റെ നായികയായി തുടക്കം. ഈ പടത്തിന്റെ സെറ്റില്‍ വച്ചാണ് ശാലിനിക്ക് മയൂരി എന്ന നാമകരണം സംഭവിക്കുന്നത്. അന്ന് മുതല്‍ അവര്‍ ആ പേരില്‍ വിവിധ ഭാഷകളില്‍ അറിയപ്പെട്ട് തുടങ്ങി.
ഗോപാലുവിലെ ഗാനരംഗത്തില്‍ വളരെ എക്‌സ്‌പോസ്ഡായി അഭിനയിക്കാനും മയൂരി മടിച്ചില്ല.
ഇതിനിടയില്‍ മലയാളത്തില്‍ നിന്നും സമ്മര്‍ ഇന്‍ ബേത്‌ലഹേമിലേക്ക് അവസരം ലഭിച്ചു. ആ സിനിമയ്ക്കായി ശാന്തി മകളെ സിനിമാറ്റിക് ഡാന്‍സും കുതിരസവാരിയും അഭ്യസിപ്പിച്ചു. സമ്മര്‍ ഇന്‍ ബേത്‌ലഹേമില്‍ അഭിനയിക്കുമ്പോള്‍ മയൂരിക്ക് പ്രായം കേവലം 14 വയസ്സ്. ജയറാം, സുരേഷ്‌ഗോപി എന്നിവര്‍ നായകന്‍മാരും മോഹന്‍ലാല്‍ അതിഥിതാരവുമായ ചിത്രമായിരുന്നു അത്. ആ സിനിമയുടെ വിജയം മയൂരിയുടെ തലവര മാറ്റിക്കുറിച്ചു എന്ന് തന്നെ പലരും കരുതി. കാരണം മലയാളത്തിലെ നിരവധി മുന്‍നിര നായകന്‍മാരുടെ സിനിമകളിലേക്ക് മയൂരി ക്ഷണിക്കപ്പെട്ടു. എന്നാല്‍ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ആ സിനിമകളിലൊന്നും മയൂരി ഉണ്ടായില്ല. എന്തുകൊണ്ട് മയൂരി ഒഴിവാക്കപ്പെട്ടു എന്ന് ആരും അറിഞ്ഞില്ല. അത് മയൂരിക്കും ഒഴിവാക്കിയവര്‍ക്കും മാത്രം അറിയുന്ന രഹസ്യമായി അവശേഷിച്ചു.
ഈ അനുഭവം മയൂരിയെ മാനസികമായി ആകെ തളര്‍ത്തി. എന്നാല്‍ ഒരു ഇടവേളയ്ക്ക് ശേഷം ആകാശഗംഗയില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രം ലഭിച്ചു. ജീവനോടെ ചിതയില്‍ വെന്തെരിയുന്ന വാല്യക്കാരി പെണ്‍കുട്ടി ഗംഗ പിന്നീട് പ്രതികാരദാഹിയായി തീരുന്നതൊക്കെ അവര്‍ നന്നായി അഭിനയിച്ചു. യക്ഷിയായി മാറിയ ഗംഗയുടെ മാനറിസങ്ങളൊക്കെ മയൂരി മികവുറ്റതാക്കി.
ഹൈപ്പര്‍ സെന്‍സിറ്റീവായ പെണ്‍കുട്ടി
വളരെ സെന്‍സീറ്റിവായ കുട്ടിയായിരുന്നു മയൂരി. ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തിയ മയൂരി ഈ രംഗത്തെ പാരുഷ്യങ്ങളുമായി ഏറ്റുമുട്ടിയിട്ടും മാനസികമായി അത്ര പക്വത കൈവരിച്ചിട്ടില്ലെന്ന് പറയേണ്ടി വരും. ഷൂട്ടിങ് കഴിഞ്ഞ് റൂമിലെത്തിയാല്‍ പാവക്കുട്ടികളെ എടുത്തു വച്ച് കളിക്കുന്ന മയൂരിയെ കണ്ടതായി സഹപ്രവര്‍ത്തകരില്‍ പലരും ഓര്‍ക്കുന്നു. മനസില്‍ ശൈശവ നിഷ്‌കളങ്ക പേറുന്ന ഒരു മനസായും അതേ സമയം മാതൃത്വത്തിനായി കൊതിക്കുന്ന മനസായും ഇത് രണ്ട് തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു.
ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെ മനക്കരുത്ത് കൊണ്ട് മറികടക്കാന്‍ സാധിക്കാതിരിക്കുകയും ആവശ്യമായ മാനസിക പിന്‍തുണ ഒരിടത്തു നിന്നും ലഭിക്കാതിരിക്കുകയും ചെയ്തപ്പോഴായിരിക്കും എല്ലാം അവസാനിപ്പിക്കാം എന്ന തീരുമാനത്തില്‍ അവള്‍ എത്തിച്ചേര്‍ന്നത്.
തന്റെ മുഖസാദൃശ്യമുളള പെണ്‍കുട്ടിയുടെ അശ്ലീലവിഡിയോകള്‍ പ്രചരിച്ചതു കൊണ്ടാണ് മയൂരി ആത്മഹത്യ ചെയ്തത് എന്ന അർഥത്തില്‍ ചില വ്യാജവാര്‍ത്തകള്‍ അക്കാലത്ത് ച്രചരിച്ചിരുന്നെങ്കിലും അതൊന്നും തന്നെ സത്യമായിരുന്നില്ല. അര്‍ബുദം മൂലം കടുത്ത വെയിറ്റ് ലോസ് സംഭവിച്ച് ആകെ മെലിഞ്ഞ് ക്ഷീണിതയായി കാണപ്പെട്ട മയൂരിക്ക് ശങ്കറിന്റെ അന്ന്യന്‍ പോലുളള വലിയ സിനിമകളിലേക്ക് ഓഫര്‍ വന്നിട്ടും അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്നും കഥകളുണ്ട്. ഒരു വശത്ത് കരിയറിലെ നഷ്ടങ്ങളും മറുവശത്ത് അനുദിനം ക്ഷയിക്കുന്ന ആരോഗ്യവും എല്ലാം കൂടി ആ കുട്ടിയെ മാനസികമായി ആകെ വിഷമിപ്പിച്ചിരുന്നു എന്നാണ് അടുപ്പമുളളവര്‍ പറയുന്നത്. കടുത്ത ഡിപ്രഷനിലൂടെ കടന്നു പോയ മയൂരി എങ്കില്‍ ജീവിതം അവസാനിപ്പിക്കാം എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടാകാം. എന്നാല്‍ സിനിമാരംഗത്തു നിന്നുളള കൊടിയ വഞ്ചനകളും ആ കുട്ടിയെ മാനസികമായി തകര്‍ത്തിട്ടുണ്ടെന്ന് അറിയുന്നു. അവസരം നല്‍കാം എന്ന് പ്രലോഭിപ്പിച്ച ശേഷം ഷൂട്ടിങ് സമയമാകുമ്പോള്‍ ആ റോളിലേക്ക് മറ്റൊരാളെ കാസ്റ്റ് ചെയ്ത് വഞ്ചിക്കപ്പെട്ട നിരവധി അനുഭവങ്ങള്‍ മയൂരിക്കുണ്ടായിട്ടുണ്ട്.
അവസാന ചിത്രം പൃഥ്വിക്കൊപ്പം
പൃഥ്വിരാജ് നായകനായ കനാ കണ്ടേന്‍ ആയിരുന്നു മയൂരിയുടെ അവസാന ചിത്രം. അതില്‍ പൃഥിരാജിന്റെ ഭാര്യയുടെ വേഷമായിരുന്നു. താന്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രം തിയറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കെ ചെന്നൈയിലെ വീട്ടില്‍ മയൂരി ആത്മഹത്യ ചെയ്തു. 2005 ജൂണ്‍ 16ന് കേവലം 22-ാം വയസില്‍ അണ്ണാ നഗറിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. 7 വര്‍ഷത്തെ കരിയറില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നിങ്ങനെ നാല് ഭാഷകളിലായി വിവിധ ചിത്രങ്ങളില്‍ അഭിനയിച്ചു. പലതിലും പ്രാധാന്യമുളള വേഷങ്ങള്‍ ലഭിച്ചെങ്കിലും മയൂരി തൃപ്തയായിരുന്നില്ല.
നായികയായി അഭിനയിക്കാനുളള കഴിവും സൗന്ദര്യവും ഉണ്ടായിട്ടും അത്തരം വേഷങ്ങള്‍ തന്നിലേക്കെത്താത്തതിന്റെ നിരാശ മയൂരിയെ അലട്ടിയിരുന്നതായും പറയപ്പെടുന്നു.
സ്വയം നന്നായി മൂടികെട്ടാന്‍ പോലും അറിയാത്ത അത്ര ഡിപ്പന്‍ഡന്റായ പെണ്‍കുട്ടിയായിരുന്നു മയൂരിയെന്ന് അടുത്ത കൂട്ടുകാരിയായ സംഗീത (രസിക) പറയുന്നു. എല്ലാവരെയും കണ്ണുമടച്ച് വിശ്വസിക്കുന്ന പൊട്ടിപ്പെണ്ണായിരുന്നു മയൂരി. ഇഷ്ടമുളളവര്‍ ചെറുതായൊന്ന് തളളിപ്പറഞ്ഞാല്‍ പോലും അതൊന്നും നേരിടാനുളള മനസുറപ്പ് മയൂരിക്കുണ്ടായിരുന്നില്ല.
മരണം സംഭവിച്ച് 14 വര്‍ഷങ്ങള്‍ക്ക് ശേഷം ആകാശഗംഗയുടെ രണ്ടാം ഭാഗത്തിലൂടെ അവര്‍ വീണ്ടും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു. ഒന്നാം ഭാഗത്തില്‍ മയൂരി അഭിനയിച്ച ഭാഗങ്ങളും വിഎഫ്എക്‌സിന്റെ സഹായത്തോടെ നിര്‍മിച്ചെടുത്ത ഇമേജുകളും ചേര്‍ത്ത് സിനിമയില്‍ മയൂരിയുടെ സാന്നിധ്യം സംവിധായകന്‍ ഉറപ്പാക്കി. അങ്ങനെ മരണശേഷം സിനിമയില്‍ പ്രത്യക്ഷപ്പെട്ട ആദ്യ നടി എന്ന അപൂർവതയും മയൂരി സ്വന്തമാക്കി.
(അഗ്നിയെ പ്രണയിച്ച ഈയാംപാറ്റകള്‍ പരമ്പര ഇവിടെ അവസാനിക്കുന്നു)