ADVERTISEMENT

തിരുവനന്തപുരം∙ സെന്റ് സേവ്യേഴ്‌സ് കോളജിലെ പരിഷ്‌കാരി പെണ്‍കുട്ടിയില്‍നിന്ന് ശ്യാംബെനഗലിന്റെ അങ്കുര്‍ എന്ന സിനിമയിലെ ഗ്രാമീണ നായികയായി മാറിയ കഥ പറഞ്ഞത് പ്രശസ്ത നടി ശബാന ആസ്മി. ഐഎഫ്എഫ്‌കെയുടെ ഭാഗമായി ശബാന ആസ്മിയുടെ ആദ്യമായി റിലീസ് ചെയ്ത ചിത്രമായ അങ്കുറിന്റെ പ്രദര്‍ശനത്തിനു മുമ്പ് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശബാന. മുന്‍ മന്ത്രി എം.എ.ബേബി ശബാന ആസ്മിക്ക് ഉഹാരം നല്‍കി. 

അങ്കുര്‍ തന്നെ സിനിമാ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ സിനിമയാണെന്ന് ശബാന പറഞ്ഞു. 1974ല്‍ ആണ് അത് റിലീസ് ആയത്. അങ്കുര്‍ ചെയ്യുമ്പോള്‍ സെന്റ് സേവ്യേഴ്‌സ് കോളജിലെ വിദ്യാഥിയായിരുന്നു ഞാന്‍. നഗരത്തിലെ മധ്യവര്‍ഗ കുടുംബത്തിലെ അംഗമായ ഞാന്‍ അതുവരെ ഒരു ഗ്രാമത്തില്‍ പോയിട്ടു പോലും ഇല്ലായിരുന്നു. ശ്യാം ബെനഗല്‍ എന്നോട് ഗ്രാമത്തിലെ സ്ത്രീകളുടെ വസ്ത്രങ്ങള്‍ ധരിച്ച് നടക്കാന്‍ പറഞ്ഞു. എന്റെ നടപ്പും ശരീരചലനങ്ങളും കൃത്യമാക്കാനായിരുന്നു അത്. നിലത്ത് കുത്തിയിരിക്കാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് മുറിയുടെ മൂലയില്‍ നിലത്തിരുന്നു ഭക്ഷണം കഴിക്കാന്‍ ശ്യാം ബെനഗല്‍ പറഞ്ഞു. അവര്‍ മേശപ്പുറത്താണ് ഭക്ഷണം കഴിച്ചിരുന്നത്. ഞാന്‍ ദിവസവും ഒരു മൂലയില്‍ ഇരുന്നാണ് ഭക്ഷണം കഴിഞ്ഞിരുന്നത്. ഒരു ദിവസം കുറച്ചു കോളജ് വിദ്യാര്‍ഥികള്‍ അവിടെ എത്തി. അവര്‍ നിലത്തിരിക്കുന്ന എന്നെയും ശ്യാം ബെനഗലിനെയും നോക്കിയിട്ട് സിനിമയിലെ നായിക എവിടെ എന്നു ചോദിച്ചു. നായിക അവധിയിലാണെന്നും ഞാന്‍ മറുപടി നല്‍കി. അപ്പോള്‍ നിങ്ങള്‍ എന്തു വേഷമാണ് ചെയ്യുന്നതെന്നായി അവരുടെ ചോദ്യം. ഞാന്‍ ആയയാണെന്നു പറഞ്ഞതോടെ ശരിയെന്നു പറഞ്ഞ് അവര്‍ കടന്നു പോയി. ശ്യാം ബെനഗല്‍ ഇതെല്ലാം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഗ്രാമത്തിലെ പെണ്ണാണെന്ന് നിനക്ക് ആ കുട്ടികളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരിക്കുന്നു. ഇനി മുതല്‍ നിനക്ക് ഞങ്ങള്‍ക്കൊപ്പം മേശയില്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാം എന്ന് അദ്ദേഹം പറഞ്ഞു. അതാണ് എനിക്ക് അങ്കുറില്‍ ലഭിച്ച പരിശീലനം. 50 വര്‍ഷങ്ങള്‍ക്കിപ്പുറവും അങ്കുര്‍ എന്ന സിനിമ ആസ്വദിക്കപ്പെടുന്നുവെന്നത് സന്തോഷകരമാണ്. ഹിന്ദിയില്‍ സമാന്തര സിനിമയ്ക്കു തുടക്കമിട്ടതും ആ സിനിമയാണ്. ഇന്ന് ശ്യാം ബെനഗലിന്റെ ജന്മദിനമാണ്. അന്നേ ദിവസം തന്നെ നിങ്ങള്‍ അങ്കുര്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നത് എനിക്കുള്ള ബഹുമതിയായാണ് ഞാന്‍ കരുതുന്നത്. - ശബാന ആസ്മി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com