വിവാദങ്ങൾക്കിടയിൽ മുരളി ഗോപിയുടെ പുതിയ പോസ്റ്റ്; ഈദ് ആശംസിച്ച് താരം; ഐക്യദാർഢ്യവുമായി ആയിരങ്ങൾ

Mail This Article
‘എമ്പുരാൻ’ വിവാദത്തിൽ മുരളി ഗോപിക്ക് പറയാനുള്ളത് എന്താണെന്നു ഉറ്റുനോക്കുകയാണ് പ്രേക്ഷകരും മറ്റുള്ളവരും. അതിനിടെ ഏവർക്കും ഈദ് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് താരം. ഈദ് ആശംസകൾ പങ്കുവച്ചുള്ള പോസ്റ്റിൽ നിരവധിപേരാണ് ഐക്യദാർഢ്യം അറിയിച്ച് എത്തിയിരിക്കുന്നത്.
'മാപ്പ് ജയൻ പറയൂല്ല... അഴിയെങ്കി അഴി... കയറെങ്കി കയർ' എന്ന ഇന്ദ്രജിത്തിന്റെ ഡയലോഗ് ഉൾപ്പടെ കമന്റ് ബോക്സിൽ നിറയുകയാണ്. മുരളി ഗോപി തിരക്കഥ എഴുതിയ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന സിനിമയിൽ ഇന്ദ്രജിത്തിന്റെ കഥാപാത്രമായ വട്ടു ജയൻ പറയുന്ന ഡയലോഗ് ആണിത്.
‘എമ്പുരാൻ’ വിവാദത്തിൽ ഖേദപ്രകടനത്തിന് തിരക്കഥാകൃത്ത് മുരളി ഗോപി തയാറായിരുന്നില്ല. ഖേദം പ്രകടിപ്പിച്ചുള്ള മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പൃഥ്വിരാജും ആന്‍റണി പെരുമ്പാവൂരും പങ്കുവച്ചിട്ടും മുരളി അവഗണിച്ചു.
അതേസമയം, വിവാദഭാഗങ്ങൾ നീക്കം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാൻ നാളെ പ്രദർശനത്തിന് എത്തിയേക്കും. ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യുന്നതടക്കമുള്ള മൂന്ന് മിനിറ്റ് ദൃശ്യങ്ങൾ നീക്കം ചെയ്ത ചിത്രത്തിന്റെ ഗ്രേഡിങ് ഉൾപ്പെടെ പൂർത്തിയാകേണ്ടതുണ്ട്. ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ബജ്റംഗിയുടെ പേര് ബൽരാജ് എന്ന് തിരുത്തിയേക്കും.
ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സെൻസർ ബോർഡ് ഇടപെടൽ ഉണ്ടായെങ്കിലും പിന്നീടുള്ള ചർച്ചയിൽ നിർണായകദൃശ്യങ്ങൾ മാത്രം ഒഴിവാക്കാർ തീരുമാനമാകുകയായിരുന്നു . എമ്പുരാനെ ചൊല്ലിയുള്ള വിവാദത്തില്‍ നടൻ മോഹൻലാലിന്റെ ഖേദം പ്രകടിപ്പിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് സംവിധായകൻ പൃഥ്വിരാജും നിർമാതാവ് ആന്റണി പെരുമ്പാവൂരും പങ്കുവച്ചെങ്കിലും സൈബർ ആക്രമണം രൂക്ഷമാണ്.