ആവേശം, ആഘോഷം, അഴിഞ്ഞാട്ടം! റിവ്യു
Aavesham Review
Mail This Article
ആദ്യാവസാനം ആവേശം നിറയുന്ന ഒരു ഫുൾ എൻർജി പടം. അതാണ് ആവേശം. യുവാക്കളുടെ വൈബിൽ അവരുടെ എനർജി ലെവലുമായി യോജിക്കും വിധം ഒരുക്കിയിരിക്കുന്ന സിനിമ. ബെംഗളൂരിൽ പഠനത്തിനായി എത്തിയ കുറച്ചു വിദ്യാർഥികൾ രംഗ എന്ന ഗ്യാങ്സ്റ്ററെ പരിചയപ്പെടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കഥാപശ്ചാത്തലം. കോമഡിയും ആക്ഷനും ഇട കലർത്തി അവതരിപ്പിച്ചിരിക്കുന്ന സിനിമ തിയറ്ററിൽ തീർക്കുന്നതും വലിയ ആവേശം.
മികവുകൾ
∙ ഫഹദ് ഫാസിൽ – Re-introducing FaFa എന്ന ടാഗ് ലൈൻ അതേപടി ശരി വയ്ക്കും പ്രകടനം. സൈക്കോ ഷമ്മിയെ വെല്ലുന്ന സൈക്കോയ്ക്കും അപ്പുറമായ രംഗ. ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ ഒരേ എനർജി. അങ്ങേയറ്റം ഹൈപ്പർ ആയ ഇയാൾ അടുത്ത നിമിഷം എന്തു ചെയ്യുമെന്നുള്ള ആകാംക്ഷയാണ് പ്രേക്ഷകനെ നയിക്കുന്നത്. ഫൈറ്റ് സീനുകളിലെ മെയ്‌വഴക്കം അസാധ്യം. ലൗഡ് ആയുള്ള ഡയലോഗ് ഡെലിവറിയും മാസ് മാനറിസങ്ങളും കഥാപാത്രത്തിനു പൂർണമായും യോജിക്കുന്നത്.
∙ സുഷിൻ ശ്യാം – പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് ആവേശത്തിന്റെ സീൻ മാറ്റുന്നത്. രണ്ടും രണ്ടായി വേർതിരിച്ചറിയാൻ പറ്റാത്ത വിധം ഒന്നിച്ചു ചേർത്ത് കോർത്തിണക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകനെ ഒരു റോളർ കോസ്റ്റർ റൈഡ് ലൂപ്പിൽ കയറ്റി വിടുന്നതു പോലെ തുടക്കം മുതൽ ഒടുക്കം വരെ ഒരേ വൈബ്. തന്റെ മുൻ സിനിമകളിലെ പോലെ പല രംഗങ്ങളും സുഷിൻ തന്റെ സംഗീതം കൊണ്ട് എലിവേറ്റ് ചെയ്തിരിക്കുന്നത് കാണാം.
∙ ഫൈറ്റ് – കണ്ടു മടുത്ത ഫൈറ്റ് സീനുകളിൽ നിന്ന് വ്യത്യസ്തം. ഇന്റെർവെല്ലിന് മുൻപും ക്ലൈമാക്സിലുമുള്ള ഫൈറ്റ് സീനുകൾ എടുത്തു പറയേണ്ടവ. 100 പേരെ ഇടിച്ചിടുന്ന സീനൊക്കെ മറ്റു പല സിനിമികളിലും അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ‘കത്തി’ എന്നു പറയാനാകാത്ത വിധമാണ് ആവേശത്തിൽ ഒരുക്കിയിരിക്കുന്നത്.
∙ ഫസ്റ്റ് ഹാഫ് – ഒരു സിനിമയാക്കാനുള്ള കഥയുണ്ട് ഫസ്റ്റ് ഹാഫിൽ. അതു മാത്രമായി കണ്ടിറങ്ങിയാലും ഒരു സിനിമ കണ്ട സംതൃപ്തിയുണ്ടാകും. ഒരു തരി പോലും ലാഗ് അടിപ്പിക്കാത മാസിനു മാസും കോമഡിക്കു കോമഡിയുമായി ഒരു വെൽ പാക്ക്ഡ് എന്റെർടെയിനർ തന്നെയാണ് ആദ്യ പകുതി.
∙ സജിൻ ഗോപു – രംഗയുടെ വലം കൈയ്യായ അമ്പാനായി എത്തിയ സജിൻ ഒരു രക്ഷയുമില്ലാത്ത പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ഇടയ്ക്ക് രോമാഞ്ചത്തിലെ കഥാപാത്രവുമായി സാമ്യം തോന്നാമെങ്കിലും പല രംഗങ്ങളിലും സജിൻ ഫഹദിനെ പോലും മറികടക്കും വിധം മിന്നി. സജിന്റെ സിറ്റുവേഷനൽ കോമഡികൾക്ക് തിയറ്ററിൽ ഉയർന്നത് വലിയ പൊട്ടിച്ചിരിയാണ്.
രോമാഞ്ചം എന്ന ആദ്യ സിനിമയിലൂടെ തന്നെ വരവറിയിച്ച ജിത്തു മാധവൻ രണ്ടാം ചിത്രത്തിലും തന്റെ ക്രാഫ്റ്റ് വെളിവാക്കി. സമീർ താഹിറിന്റെ ഛായാഗ്രഹണ മികവ് എപ്പോഴും എടുത്തു പറയേണ്ടതില്ലെങ്കിലും രാത്രി രംഗങ്ങളും ലൈറ്റിങ്ങുമൊക്കെ അതിഗംഭീരമായി ഒരുക്കിയിരിക്കുന്നു. വിദ്യാർഥികളായെത്തിയ പുതുമുഖങ്ങൾ, മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി തുടങ്ങി പ്രത്യേകം പരമാർശിക്കേണ്ട പ്രകടനങ്ങൾ വേറെയുമുണ്ട്.
മെച്ചപ്പെടുത്താവുന്നത്
∙ രണ്ടാം പകുതി – ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടാം പകുതി അത്ര മികച്ചതല്ല. പല സീനുകളും തട്ടിക്കൂട്ടി ചെയ്യുന്നതു പോലെ തോന്നിക്കുമെങ്കിലും സേഫ് ആയ ക്ലൈമാക്സിലാണ് സിനിമ അവസാനിക്കുന്നത്.
∙ യുവാക്കളാണ് ടാർജറ്റ്, അവർ മാത്രമാണ് ടാർജറ്റ് – 15 മുതൽ 35 വയസ്സു വരെയുള്ളവരെ ലക്ഷ്യം വച്ചുള്ള സിനിമ കുടുംബപ്രേക്ഷകരെ എത്രത്തോളം ആകർഷിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും. പക്ഷേ രോമാഞ്ചവും പ്രേമലുവുമൊക്കെ ഹിറ്റായെങ്കിൽ ആവേശത്തിനും ബോക്സ്ഒാഫിസ് ഭരിക്കാം.
മലയാള സിനിമാ വ്യവസായം അതിന്റെ നല്ല കാലങ്ങളിലൊന്നിലാണിപ്പോൾ. അക്കാലത്ത് കയ്യടിച്ച് പ്രോത്സാഹിപ്പിക്കേണ്ട സിനിമ തന്നെയാണ് ആവേശം. സ്ഥിരം ഫോർമുലകളിൽനിന്നു മാറാതെ, എന്നാൽ അവതരണരീതിയിൽ മാറ്റം വരുത്തി എത്തുന്ന ആവേശം ബോക്സ് ഒാഫിസ് ബാറ്റൺ കയ്യിലേന്തി കുതിപ്പ് തുടരാനാണ് സാധ്യത.