ഒരാളെ മാത്രം ലഭിക്കും, അമ്മയെ അല്ലെങ്കിൽ കുട്ടിയെ; എന്താകും ആ ചോദ്യത്തിനുത്തരം?

Mail This Article
ഒറ്റയവസരം മാത്രമുള്ള പുസ്തകമാണ് പ്രണയം. തെറ്റ് ചെയ്തിട്ടു മാപ്പ് ചോദിക്കുമ്പോഴേക്കും തകർന്ന, പൊട്ടിയ, ചിതറിയ ഹൃദയമായിരിക്കും ബാക്കി. ആ ഹൃദയത്തെ പരിഹസിക്കരുത്. ഒരിക്കൽ അത് മിടിച്ചിരുന്നതാണ്. നിരന്തരം സ്പന്ദിച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ അത് നിശ്ചലമാണ്. അതിനു കാരണം നീ ആണെങ്കിൽ, എനിക്കു നിന്നെ കാണുകരയേ വേണ്ട. കടന്നുപോകുക. ഞാൻ എന്റെ ജീവിതം കണ്ടെത്തിയിരിക്കുന്നു; അഥവാ മരണം .
ഇന്ത്യൻ സിനിമാ വിഭാഗത്തിൽ സുഭദ്രാ മഹാജൻ സംവിധാനം ചെയ്ത സെക്കൻഡ് ചാൻസ് ജീവിതത്തിലെ ഒരേയൊരു അവസരത്തെക്കുറിച്ചാണു പറയുന്നത്. ഒരിക്കൽ മാത്രം കിളിർക്കുകയും കായ്ക്കുകയും പൂക്കുകയും ചെയ്യുന്ന പ്രണയത്തെക്കുറിച്ച്.
ഹിമാലയത്തിന്റെ മടത്തട്ടിൽ, കടുത്ത മഞ്ഞിൽ, ഏകയായി ദിവസങ്ങൾ കഴിക്കുമ്പോൾ നിയക്ക് കൂട്ട് വിട്ടുമാറാത്ത വയറുവേദനയും ഏകാന്തതയും പിന്നെ മഞ്ഞും മാത്രമാണ്. മുറി തുറക്കാൻ പോലും മടിച്ച് പുതപ്പിൽ മൂടി മരണത്തെ സ്വയം വരിച്ച് ദിവസങ്ങൾ നീക്കുകയാണ് അവൾ. എത്ര തവണ അവനെ വിളിച്ചതാണ്. എടുത്തില്ല. പ്രതികരിച്ചില്ല. വലുതാകുന്ന വയറിന്റെ അസ്വസ്ഥതയുമായി അവളുടെ കാത്തിരിപ്പ് വല്ലാതെ നീണ്ടിരിക്കുന്നു. വല്ലപ്പോഴും ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് കൂവുന്ന ശബ്ദം കേൾക്കാം. അവളപ്പോൾ ഒരു കൊച്ചു കുട്ടിയാകും. കൂവി വിളിക്കും. അതിന് മറുകൂക്ക് ലഭിക്കും. അത്രയും ആശ്വാസം. ആ വീട്ടിൽ, വാർധക്യത്തിലും മല കയറാൻ മടിക്കാത്ത വയോധിക ഉണ്ട്. അവരുടെ നിലയ്ക്കാത്ത സ്നേഹവും പരിചരണവും ഉണ്ട്. സണ്ണി എന്ന കൊച്ചുമിടുക്കൻ ഉണ്ട്. കൊച്ചുമകൻ. നിഷ്കളങ്കനായി ജീവിതത്തെ പ്രതീക്ഷയോടെ നോക്കുന്ന സണ്ണി നിയയ്ക്ക് കൂട്ടാവുകയാണ്.
ഹിമാലയത്തിന്റെ താഴ്വരിയിലുള്ള മഞ്ഞുറഞ്ഞ ഗ്രാമം നിയയുടെ മാനസികാവസ്ഥയെ ഏറ്റവും നന്നായി പ്രതിഫലിപ്പിച്ചാണ് സെക്കൻസ് ചാൻസ് എന്ന ചിത്രം സുഭദ്ര ഒരുക്കിയിരിക്കുന്നത്. വഞ്ചിക്കപ്പെട്ട, സ്നേഹം നിഷേധിക്കപ്പെട്ട യുവതിയുടെ ഹൃദയവുമായി ആ സ്ഥലം താദാത്മ്യം പ്രാപിച്ചിരിക്കുന്നു.സണ്ണിക്ക് അമ്മയില്ല. അവനെ പ്രസവിച്ച അവർ മരിക്കുകയായിരുന്നു. ആ വയോധിക പറഞ്ഞു. അന്ന് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം ഡോക്ടർ ചോദിച്ചു. ഒരാളെ മാത്രം ലഭിക്കും. അമ്മയെ അല്ലെങ്കിൽ കുട്ടിയെ. ആരെ വേണം എന്ന ചോദ്യത്തിന് ഉത്തരം പറയാൻ മടിച്ചില്ല, കുട്ടിയെ. നിയ പെട്ടെന്നു ഞെട്ടി. വയറ്റിൽ വളരുന്ന ജീവനെക്കുറിച്ച് ആലോചിച്ചു.
കഴിച്ച ഗുളികകൾ നിയയെ മൃതപ്രായയാക്കി. ഡോക്ടർ പുതിയ മരുന്ന് നിർദേശിച്ചു. സുരക്ഷിതയായി ജീവിതത്തിലേക്കു തിരിച്ചുവരാൻ. പതുക്കെ, പതുക്കെ, നിരന്തരമായ പരിചരണത്തിൽ നിയ ജീവിതത്തിലേക്കു തിരിച്ചുവരികയാണ്. അപ്പോഴാണവൻ എത്തുന്നത്. രണ്ടാമത്തെ അവസരം തേടി. വീണ്ടും പ്രണയാഭ്യർഥനയുമായി.
സാഹസികമായി ചിത്രീകരിച്ചതാണ് സെക്കൻഡ് ചാൻസ്. കടുത്ത കാലാവസ്ഥയെയും പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന്. ഒരു കൂട്ടം മനുഷ്യരുടെ നിരന്തരമായ അധ്വാനത്തിന്റെ ഫലം. ധീര ജോൺസൺ അസാധ്യ മികവോടെ നിയയെ അവസ്മരണീയയാക്കിയിട്ടുണ്ട്. പ്രണയത്തിനു വേണ്ടി കൊതിക്കുകയും അതു നിഷേധിക്കപ്പെട്ട് മരണം മുന്നിൽ കാണുകയും ചെയ്ത മനസ്സിനെ ചിത്രം മിഴിവോടെ അവതരിപ്പിച്ചിട്ടുണ്ട്. തകർന്ന ഹൃദയത്തിന്റെ ഉടമയായ നിയയും ജീവിതത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സണ്ണി എന്ന കുട്ടിയും ജീവിതത്തിന്റ രണ്ടു ധ്രുവങ്ങളെയാണു കാണിച്ചുതരുന്നത്.അത് പരസ്പര വിരുദ്ധമല്ല. പൂരകമാണ്.
ഇനിയും മല കയറാൻ തന്നെയാണു നിയയുടെ തീരുമാനം. ഹിമാലയലയം കാവൽ നിലക്കുന്ന ആ താഴ്വരയുടെ കാവൽ ദൈവത്തിന്റെ കോവിലിലേക്ക്. എന്നാൽ തനിച്ചല്ല അവൾ. കൂടെയുണ്ട് മനസ്സറിയൂന്ന രണ്ടുപേർ. അതുതന്നെയല്ലേ ജീവിതത്തിലെ ഏറ്റവും വലിയ പ്രതീക്ഷയും.