നവരാത്രി കീർത്തനങ്ങളും ചരിത്രവും

Mail This Article
സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഉത്സവമാണ് നവരാത്രി. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നവരാത്രി വളരെ വിശേഷപ്പെട്ട ദിനമാണ്. നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഒൻപത് ദിനങ്ങളിലും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് സംഗീതക്കച്ചേരികൾ സംഘടിപ്പിക്കപ്പെടുന്നു. ഒൻപത് ദിവസവും ഒൻപത് രാഗങ്ങളിലുള്ള കൃതികളാണ് ആലപിക്കാറുള്ളത്. ഇവയെല്ലാം ചിട്ടപ്പെടുത്തിയത് സ്വാതിതിരുനാൾ ആണ്. അദ്ദേഹം ചിട്ടപ്പെടുത്തിയ ഈ കീർത്തനങ്ങൾക്ക് ഒരു ചരിത്രവുമുണ്ട്.
പത്മനാഭസ്വാമി സേവകൻ എന്ന പേരിലാണ് സ്വാതി തിരുനാൾ അറിയപ്പെട്ടിരുന്നത്. അദ്ദേഹം ചിട്ടപ്പെടുത്തിയ സംഗീതകൃതികളൊക്കെയും പത്മനാഭന്റെ സംഗീത സ്തുതികളായിരുന്നു. ആ ശ്രേണിയിൽ നിന്നൊക്കെ വേറിട്ട ഒന്നാണ് നവദുർഗ്ഗാ സാതുതികളായ ഒൻപത് കൃതികൾ. അതിനൊരു കാരണമുണ്ട്, പ്രശസ്ത തമിഴ് കവി കമ്പാർ ആണ് നവരാത്രി സമയത്ത് സരസ്വതി സ്തുതികൾ ഒൻപത് ദിവസവും ആലപിക്കുന്ന രീതിക്ക് തുടക്കം കുറിച്ചത്. ആരോഗ്യസ്ഥിതി മോശമായപ്പോൾ ഈ മുറ തെറ്റാതിരിക്കാൻ അദ്ദേഹം അന്നത്തെ ചേരരാരാജാവിനെ ആ ദൗത്യം ഏൽപ്പിച്ചു. രാജ്യ തലസ്ഥാനം തിരുവനന്തപുരത്തേയ്ക്ക് മാറ്റിയപ്പോഴും ഈ ചടങ്ങ് ചെറിയ ചില മാറ്റങ്ങളോട നടത്തിപ്പോന്നു.
ആദ്യദിവസം ശങ്കരാഭരണത്തിൽ ആദി രാഗത്തിൽ ദേവീ ജഗജ്ജനനീ എന്ന കൃതിയാണ് സ്വാതി തിരുനാൾ ചിട്ടപ്പെടുത്തിയത്. രണ്ടാം ദിനം ആദി താളത്തിൽ കല്യാണി രാഗത്തിൽ പാഹിമാം ശ്രീവാഗീശ്വരി എന്ന കൃതി, മൂന്നാം ദിനത്തിൽ സാവേരി രാഗത്തിൽ ദേവീ പാവനേ, നാലാം ദിനത്തിൽ തോടി രാഗത്തിൽ ഭാരതി മാമവ, അഞ്ചാം ദിവസം ഭൈരവി രാഗത്തിൽ ജനനി മാമവ, ആറാം ദിവസം പന്ത് വരാളിയിൽ ആദിതാളത്തിൽ സരോരുഹാസന ജായേ എന്ന കൃതി എന്നിങ്ങനെ അദ്ദേഹം ചിട്ടപ്പെടുത്തി. ഏഴാം ദിനം ശുദ്ധ സാവേരി രാഗത്തിൽ ജനനി പാഹി എന്ന കൃതിയും എട്ടാം നാൾ നാട്ടക്കുറിഞ്ചിയിൽ പാഹിജനനി സന്തതം എന്ന കൃതിയും അവസാന ദിനം ആരഭി രാഗത്തിൽ ആദി താളത്തിൽ പാഹി പർവ്വതനന്ദിനി എന്ന പ്രശസ്തമായ കൃതിയും സ്വാതി തിരുനാൾ ചിട്ടപ്പെടുത്തി. നവരാത്രികാലത്ത് ഇവയെല്ലാം മുറതെറ്റാതെ ക്ഷേത്രങ്ങളിൽ ആലപിച്ചു പോരുന്നു.