മാസ്റ്റർപീസ് സ്റ്റെപ്പുമായി സുരേഷ് ഗോപി; മേജർ ഉണ്ണികൃഷ്ണന് കയ്യടി

Mail This Article
അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ മറ്റൊരു ഗാനം കൂടി യുട്യൂബിലെത്തി. സുരേഷ് ഗോപി അവതരിപ്പിക്കുന്ന മേജർ ഉണ്ണികൃഷ്നെ പരിചയപ്പെടുത്തുന്ന രസകരമായ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ശോഭനയുടെ കഥാപാത്രത്തിന്റെ ശ്രദ്ധ നേടാൻ മേജർ ഉണ്ണികൃഷ്ണൻ ചെയ്യുന്ന വേലത്തരങ്ങളാണ് പാട്ടിന്റെ ആകർഷണം.
രണ്ടു കയ്യുകളും മുകളിലേക്ക് ഉയർത്തിക്കൊണ്ടുള്ള സുരേഷ് ഗോപിയുടെ മാസ്റ്റർ പീസ് സ്റ്റെപ് മേജർ ഉണ്ണികൃഷ്ണനും അനുകരിക്കുന്നത് ചിരിയുടെ നിമിഷങ്ങളാണ് പ്രേക്ഷകർക്കു സമ്മാനിക്കുന്നത്. സ്വയം ട്രോളി സുരേഷ് ഗോപി നടത്തുന്ന പകർന്നാട്ടം പ്രേക്ഷകരുടെ കയ്യടി നേടി.
'മതി കണ്ണാ ഉള്ളതു ചൊല്ലാൻ' എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് അൽഫോൻസ് ജോസഫ് ആണ്. ഇംഗ്ലീഷ്, മലയാളം റാപ് ഉപയോഗിച്ചു കൊണ്ടുള്ള വ്യത്യസ്തമായ സംഗീതപരീക്ഷണമാണ് ഈ ഗാനം. അൽഫോൻസും ഷെർദ്ദിനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമയുടെയതാണ് വരികൾ. ഗാനത്തിലെ ഇംഗ്ലിഷ് റാപ് എഴുതി അവതരിപ്പിച്ചിരിക്കുന്നത് ഷെൽട്ടൺ പിൻഹെരോയും മലയാളം റാപ്പിനു പിന്നിൽ തിരുമാലിയുമാണ്.
ദുൽഖാർ സൽമാന്റെ ആദ്യ ചലച്ചിത്ര നിർമാണ സംരംഭമായ ചിത്രത്തിൽ താരത്തിനൊപ്പം ഉർവശി, കല്ല്യാണി പ്രിയദർശൻ, കെ.പി.എ.സി ലളിത തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. കഴിഞ്ഞ വാരം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നു ലഭിക്കുന്നത്.