ദ് കാസ്റ്റ്‌ലസ് കലക്ടീവ്; സംഗീതത്തിനുമുണ്ട് രാഷ്ട്രീയം
Mail This Article
‘എൻജായി എൻചാമി’ എന്ന ഗാനം യുട്യൂബിൽ തരംഗമായി മാറിയതിനു പിന്നാലെ റാപ്പർ അറിവിന്റെ ദ് കാസ്റ്റ്‌ലസ് കലക്ടീവ് ബാൻഡിന്റെ ഗാനങ്ങളിലേക്കും സംഗീതാസ്വാദകരുടെ സെർച്ച് ബട്ടൻ വിരലോടിക്കുന്നുന്നുണ്ട്. പൊളിറ്റിക്കൽ ബാൻഡ് എന്ന വിശേഷണം ചേർത്തുവയ്ക്കാവുന്ന അപൂർവം സംഗീത കൂട്ടായ്മകളിലൊന്നാണ് ദ് കാസ്റ്റ്‌ലസ് കലക്ടീവ്. 2017ൽ ആണ് ബാൻഡിന്റെ തുടക്കം. 2020 ഒക്ടോബറിൽ ആണ് ജയ്ഭീം എന്ന ഗാനത്തോടെ ഈ ബാൻഡ് ആസ്വാദകരുടെ മനസ്സിൽ വീണ്ടും ഇടംപിടിച്ചത്.
ഭരണഘടനാ ശിൽപിയായ ഡോ. ബി. ആർ അംബേദ്കറിനുള്ള ആദരസമർപ്പണമായാണ് അറിവ് ഈ ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയത്. സംഗീത സംവിധായകൻ തെന്മ ആണ് സംഗീതം ഒരുക്കിയത്. കേവലം ആസ്വാദനത്തിനപ്പുറം സംഗീതത്തെ രാഷ്ട്രീയപരമായ വിനിമയമാധ്യമമാക്കുകയാണ് ബാൻഡിന്റെ ലക്ഷ്യം. അറിവിന്റെ മുൻഗാനങ്ങളിലേതുപോലെ എൻജായി എൻജാമി എന്ന ഗാനത്തിലും മണ്ണിന്റെ രാഷ്ട്രീയം നനവാർന്നു കിടക്കുന്നുണ്ട്
നല്ലപ്പടി വാഴെച്ചൊല്ലി ഇന്തഭൂമി കൊടുത്താഗെ പൂർവക്കുടി
പൂർവികന്മാർ നമ്മെ സൂക്ഷിക്കാനേൽപിച്ച ഈ മണ്ണ് മേലാളനും കീഴാളനും ആണിനും പെണ്ണിനും പുഴുവിനും പുലിക്കും നരിക്കും നായയ്ക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന തുല്യതയുടെ രാഷ്ട്രീയം കൂടിയാണ് ഈ പാട്ടിന്റെ ആരാധകർ ഏറ്റെടുക്കുന്നത്. ദ് കാസ്റ്റ്‌ലസ് കലക്ടീവിന്റെ സംഗീതവേദികളിലും സമാനമായ സന്ദേശം ഗായകർ പങ്കുവയ്ക്കുന്നു. റാപ്, പോപ്, റോക്ക് സംഗീതത്തിൽ പ്രതിഭാധനരായ കലാകാരന്മാർ അടങ്ങുന്നതാണ് ബാൻഡ്. തമിഴ് സംസ്കാരത്തിലെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് അവതരിപ്പിക്കുന്ന ഒപ്പാരി, ഗാന തുടങ്ങി മുഖ്യധാരയിൽ അംഗീകരിക്കപ്പെടാത്ത സംഗീത ഉപവിഭാഗങ്ങളെ റാപ്പിന്റെയും റോക് സംഗീതത്തിന്റെയും ഫ്യൂഷൻ മാതൃകയിൽ ആസ്വാദകരിലേക്ക് എത്തിച്ച് ജനകീയമാക്കുക എന്നതാണ് ബാൻഡ് ലക്ഷ്യം വയ്ക്കുന്നത്.
ആഫ്രോ കരീബിയൻ സംഗീതവുമായി ഇഴചേർന്നുള്ള കമ്പോസിഷൻ തമിഴ് ഈണങ്ങൾക്ക് രാജ്യാന്തര ആസ്വാദന നിലവാരം നൽകുന്നു. ബ്ലാക് ആർട്സ് മൂവ്മെന്റിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇങ്ങനൊരു ബാൻഡിന് രൂപം നൽകിയതെന്നു പറയുന്നു ഗാനരചയിതാവു കൂടിയായ അറിവ്. ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ഉച്ചത്തിൽ മുഴങ്ങുന്ന പ്രതിഷേധ സ്വരമാണ് ബാൻഡിന്റേത്. സാമ്പത്തികവും ലിംഗപരവുമായ അസമത്വങ്ങൾക്കെതിരെയുള്ള ആഹ്വാനങ്ങളാണ് ഇവരുടെ വേദികളിൽ മാറ്റൊലികൊള്ളുന്നത്. മുത്തു, ബാലചന്ദർ, ഇസൈവാണി, ചെല്ലമുത്തു, ധരണി, ശത്തി, ഗൗതം, നന്ദൻ, തുടങ്ങിയ കലാകാരന്മാരും ബാൻഡിന്റെ ഭാഗമാണ്.