പ്രണയം പറഞ്ഞ് സൂര്യയും പ്രയാഗയും; ‘നവരസ’യിലെ പാട്ട് ഹിറ്റ്

Mail This Article
ഇടവേളയ്ക്കു ശേഷം സൂര്യ-ഗൗതം മേനോൻ ടീം ഒന്നിക്കുന്ന നവരസയിലെ പുതിയ പ്രണയ ഗാനം ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്നു. പാട്ടുകാരനായി സൂര്യയും പ്രണയിനിയായി പ്രയാഗ മാർട്ടിനും എത്തുന്ന ‘നാനും....’ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. ഗായകൻ കാര്‍ത്തിക് ആണ് പാട്ടിനു സംഗീതം പകര്‍ന്ന് ആലപിച്ചിരിക്കുന്നത്. കർക്കി പാട്ടിനു വരികൾ കുറിച്ചു.
സംവിധായകൻ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിർമ്മാണത്തിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയിലെ രണ്ടാമത്തെ ഗാനമാണിത്. ആദ്യഗാനവും ആസ്വാദകർ ഏറ്റെടുത്തിരുന്നു. തിങ്ക് മ്യൂസിക്ക് ആണ് പാട്ട് പ്രേക്ഷകർക്കരികിൽ എത്തിച്ചത്. സൂര്യയും ഗൗതം മേനോനും ഒന്നിച്ച ‘വാരണം ആയിരം’ എന്ന ചിത്രത്തിൽ കാർത്തിക് ആലപിച്ച ഗാനങ്ങൾ ഹിറ്റാ ചാർട്ടിൽ ഇടം നേടിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം കാർത്തിക്-ഗൗതം മേനോൻ- സൂര്യ ടീം ഒന്നിക്കുന്ന ഗാനം കൂടിയാണിത്.
ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകൾ ഒമ്പത് സംവിധായകർ ഒരുക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പ്രിയദർശൻ, ഗൗതം മേനോൻ, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, സർജുൻ,രതിന്ദ്രൻ പ്രസാദ്, കാർ്ത്തിക് സുബ്ബരാജ്, വസന്ത്, കാർത്തിക് നരേൻ എന്നിവരാണ് ഒമ്പത് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. ശൃംഗാരം,കരുണം,വീരം, രൗന്ദ്രം, ഹാസ്യം,ഭയാനകം, ബിഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഒരോന്നിനെ അടിസ്ഥാനമാക്കിയാണ് ഇതിലെ ഓരോ ചിത്രവും വരുന്നത്.
മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചകേശന്റെ ക്യൂബ് സിനിമ ടെക്‌നോളജസീന്റെയും ബാനറിൽ നിർമ്മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിർമ്മാണത്തിൽ ജസ്റ്റ് ടിക്കറ്റിന്റെ ബാനറിൽ എ.പി ഇന്റർനാഷണൽ, വൈഡ് ആംഗിൾ ക്രിയേഷൻസും പങ്കാളികളാണ്. എ.ആർ.റഹ്മാൻ, ജിബ്രാൻ ,ഇമൻ, അരുൽ ദേവ്, കാർത്തിക്, ഗോവിന്ദ് വസന്ത, രോൺതൻ യോഹൻ, ജസ്റ്റിൻ പ്രഭാകരൻ എന്നിവരാണ് ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത്.