‘സ്വർഗീയ അനുഭവം, തികഞ്ഞ ആനന്ദം’; സോളമന്റെ തേനീച്ചകളിലെ പാട്ട് നെഞ്ചോടു ചേർത്ത് ഷാൻ റഹ്മാൻ

Mail This Article
ലാൽ ജോസ് സംവിധാനം ചെയ്യുന്ന ‘സോളമന്റെ തേനീച്ചകൾ’ എന്ന ചിത്രത്തിലെ ‘വിരൽ തൊടാതെ’ എന്ന ഗാനം ഏറ്റെടുത്ത് സിനിമാസംഗീതലോകം. പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ് പാട്ടിനെ പ്രശംസിച്ചു രംഗത്തെത്തിയത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിദ്യാസാഗർ ഈണമൊരുക്കിയ ഗാനമാണിത്. നകുൽ അഭയൻകർ ഗാനം ആലപിച്ചിരിക്കുന്നു. പാട്ട് പങ്കുവച്ച് സംഗീതസംവിധായകൻ ഷാൻ റഹ്മാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമാവുകയാണ്.
‘സുവർണ ജോടി ഒരുമിച്ചെത്തുമ്പോൾ മാന്ത്രിക സംഗീതം പിറക്കുന്നു. ഞാൻ എപ്പോഴും വിദ്യാസാഗർ സാറിന്റെ ആരാധകൻ ആണ്. അദ്ദേഹത്തിന്റെ ഈണങ്ങൾ എല്ലാ സംഗീതജ്ഞർക്കും ഒരു പാഠപുസ്തകമാണ്. പിന്നെ ലാലൂ എട്ടാ (ലാൽ ജോസ്) സിനിമയിൽ എത്തിയ ശേഷം എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം നിങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചു എന്നതാണ്. ഐ ലവ് യു ലാലു ഏട്ടാ. സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ‘വിരൽ തൊടാതെ’ എന്ന ഗാനം തികഞ്ഞ ആനന്ദം സമ്മാനിക്കുന്നു. സ്വർഗീയ അനുഭൂതി പകരുന്നു. അതിശയകരമായ രചനയും ആലാപനവും’, ഷാൻ റഹ്മാൻ കുറിച്ചു.
മഴവില്‍ മനോരമയിലെ ‘നായികാ നായകന്‍’ റിയാലിറ്റി ഷോ വിജയികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് ഒരുക്കുന്ന ചിത്രമാണ് ‘സോളമന്റെ തേനീച്ചകള്‍’. പി.ജി പ്രഗീഷിന്റേതാണു തിരക്കഥ. എല്‍.ജെ.ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിർവഹിക്കുന്നു. എഡിറ്റിങ്: രഞ്ജന്‍ എബ്രഹാം. അജയ് മാങ്ങാട് ആണ് ചിത്രത്തിനു വേണ്ടി കലാസംവിധാനം നിർവഹിക്കുന്നത്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്.