ADVERTISEMENT

പൂങ്കുയിലിന്റെ പാട്ട് കേട്ടിട്ടുണ്ടോ? പി.സുശീലയെന്ന സ്വരമാധുരിക്കു കാതോര്‍ത്താൽ മതി. ആകാശവാണിയിൽ ‘ആലാപനം പി.സുശീല’ എന്നു കേട്ടാൽ, ചെയ്തുകൊണ്ടിരിക്കുന്ന ജോലി പാതിയിൽ നിർത്തി റേഡിയോയോടു ചേർന്ന് കാത് കൂർപ്പിച്ചിരുന്ന ഒരു കാലമുണ്ട് മലയാളിക്ക്. ആ ശബ്ദത്തിന്റെ ആഴവും ആത്മാവും അറിയാത്ത മലയാളികളുണ്ടാവില്ല. സുശീല പാടുമ്പോൾ എന്തുകൊണ്ടാണെന്നറിയില്ല, കണ്ണടച്ച്, മുഖത്തെ പേശികള്‍ പ്രത്യേകവിധത്തിൽ ചലിപ്പിച്ച്, ചിലപ്പോൾ ചെറുതായൊന്നു പുഞ്ചിരിച്ച് ലയിച്ചങ്ങനെ ഇരിക്കും ആസ്വാദകർ. വയലാറെഴുതി ദേവരാജൻ മാഷ് ഈണം പകർന്ന അനേകം ഗാനങ്ങളില്‍ പെൺസ്വരമായ പാട്ടുകാരിയാണ് സുശീല. ‘ദേവഗായിക’ എന്നാണ് ഭാവഗായകൻ പി.ജയചന്ദ്രൻ സുശീലയെ വിശേഷിപ്പിക്കുന്നത്. മലയാളത്തിൽ ‘ധ്വനി’ എന്ന ചിത്രത്തിനു സംഗീതമൊരുക്കാൻ നൗഷാദ് വന്നത് സുശീലാമ്മ പാടാനുണ്ടാകും എന്ന ഒറ്റ ഉറപ്പിൻമേൽ ആയിരുന്നു. ഗായികയുടെ കാര്യത്തിലുള്ള നൗഷാദിന്റെ ആ കടുംപിടുത്തം വെറുതെയായില്ല. ചിത്രത്തിലെ ‘അനുരാഗലോല ഗാത്രി’ എത്ര കേട്ടാലും മലയാളിക്ക് മടുക്കില്ല. മലയാളത്തിൽ നിരവധി പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും പുതുതലമുറയെ പാട്ടിലാക്കാൻ ഈ പാട്ടുകാരി പിൽക്കാലത്ത് മലയാളത്തിന്റെ പിന്നണിയിൽ അത്രയങ്ങ് സജീവമായില്ല. സ്നേഹാദരങ്ങളോടെ കാലങ്ങളായി നാം കേട്ടു ശീലിച്ച ആ സ്വരലാവണ്യത്തിന് ഇന്ന് 88 തികയുന്നു. ശബ്ദം പക്ഷേ 17ൽ നിന്നു മുന്നോട്ടു നീങ്ങിയിട്ടില്ല. പൂങ്കുയിൽപ്പാട്ട് കേട്ട് നമുക്ക് കൊതി തീർന്നിട്ടുമില്ല. പിറന്നാൾ ദിനത്തിൽ സുശീലാമ്മയുടെ പാട്ടുവഴികളിലൂടെ...

suseela4
പി.സുശീല ∙ചിത്രം മനോരമ

‘മകൻ പോയി, ഇനി ഞാൻ പാടില്ല’

ദക്ഷിണേന്ത്യയിൽ ഒരു കാലത്ത് ഏറ്റവും തിരക്കുള്ള ഗായികയായിരുന്നു പി.സുശീല. 6 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകൾ പാടിയതിനുള്ള ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സ്വരഭംഗി. എന്നാൽ പതിറ്റാണ്ടുകൾ നീണ്ട ഗായികയുടെ സംഗീത ജീവിതം കയറ്റിറക്കങ്ങൾ നിറഞ്ഞതായിരുന്നു. ഒരുപാട് വൈകാരിക സംഘർഷങ്ങളിലൂടെ കടന്നു പോയ സുശീല, ഒരിക്കൽ സംഗീതജീവിതം അവസാനിപ്പിക്കാൻ പോലും തുനിഞ്ഞിട്ടുണ്ട്.

രണ്ടുവയസ്സുള്ള മകന്റെ അകാലവിയോഗമാണ് ഗായികയെ തളർത്തിയത്. ആ ആഘാതത്തിൽ നിന്നും കരകയറാനാകാതെ വിങ്ങി വിതുമ്പിക്കഴിഞ്ഞ നാളുകളായിരുന്നു പിന്നീട്. വിധിയുടെ ക്രൂരത അംഗീകരിക്കാനാകാതെ സുശീലയുടെ അമ്മ മനസ്സ് സംഗീതജീവിതം പാടേ ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇനിയൊരിക്കലും സിനിമയില്‍ പാടില്ല എന്നുറപ്പിച്ചിരുന്നപ്പോഴാണ് തിരിച്ചുവരവിന്റെ പാതയിലേയ്ക്കു ക്ഷണിക്കാൻ ദേവരാജൻ മാസ്റ്ററും കുഞ്ചാക്കോയും കൂടി സുശീലയുടെ വീട്ടിലെത്തിയത്. സിനിമയിലേയ്ക്കു മടങ്ങിവരണമെന്നും സുശീല പാടിയില്ലെങ്കിൽ തങ്ങൾ ഇനി സിനിമയെടുക്കില്ലെന്നും ഇരുവരും കട്ടായം പറഞ്ഞു.

ദേവരാജൻ മാസ്റ്ററിന്റെയും കുഞ്ചാക്കോയുടെയും അതുവരെയുള്ള എല്ലാ സിനിമകളിലും പാടിയിരുന്നത് സുശീല ആയിരുന്നു. ഇരുവരുടെയും സ്നേഹപൂര്‍വമുള്ള നിർബന്ധത്തിനു മുന്നിൽ വഴങ്ങിയ ഗായിക പിന്നെയും പിന്നണിഗാനരംഗത്തെത്തി. നിർബന്ധപൂർവം എത്തിയതാണെങ്കിലും ആ തീരുമാനം വളരെ മികച്ചതായി തോന്നി എന്ന് പിൽക്കാലത്ത് സുശീല തന്നെ പറഞ്ഞിട്ടുണ്ട്.

മലയാളത്തിൽ ഏറ്റവുമധികം ഹിറ്റ്‌ ആയ കോംബോ ആയിരുന്നു ദേവരാജൻ- പി.സുശീല. താൻ ഹൃദയം കൊണ്ടു പാടുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ പി.സുശീലയെ ഓർക്കും എന്ന് ദേവരാജൻ മാസ്റ്റർ പറഞ്ഞിട്ടുണ്ട്. ദേവരാജനീണങ്ങളിൽ സുശീലയുടെ ശബ്ദം പതിഞ്ഞപ്പോൾ പുറത്തു വന്നത് നിത്യഹരിത ഗാനങ്ങളായിരുന്നു. ആ പാട്ടുകളോളം തന്നെ പ്രശസ്തമായിരുന്നു അവർ തമ്മിലുള്ള ആത്മബന്ധവും വർഷങ്ങൾ നീണ്ട പിണക്കവുമെല്ലാം.

suseela8
പി.സുശീല ∙ചിത്രം മനോരമ

തന്റെ സംഗീത ജീവിതത്തിനു ദേവരാജൻ മാസ്റ്റർ ഇല്ലാതെ പൂർണത ഉണ്ടാവില്ലെന്നു സുശീല പറഞ്ഞിട്ടുണ്ട്. സുശീലയുടെ ഭാവ ദീപ്തമായ ആലാപനത്തെക്കുറിച്ച് ദേവരാജൻ മാസ്റ്ററും വാചാലനായിട്ടുണ്ട്. പരസ്പരം അറിഞ്ഞുള്ള ഈ കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് നൽകിയത് ഒരിക്കലും മറക്കാനാവാത്ത ഒരുപാട് നല്ല പാട്ടുകളാണ്. സുശീലാമ്മയുടെ ഒരിക്കലും മറക്കാനാകാത്ത ചില പാട്ടുകളിലൂടെ...

പാട്ടുപാടി ഉറക്കാം ഞാൻ...

സുശീല മലയാളത്തില്‍ ഹരിശ്രീ കുറിച്ച ഈ പാട്ട് തന്നെ മതിയാകും അവരെ എക്കാലവും മലയാളിമനസ്സുകളിൽ കൊത്തിവയ്ക്കപ്പെടാൻ. പാട്ടുപാടി ഉറക്കാം ഞാൻ താമരപ്പൂമ്പൈതലേ എന്ന് അമ്മയുടെ സ്നേഹത്തോടെ സുശീല പാടിയപ്പോൾ കരുതലും വാത്സല്യവുമെല്ലാം അളവില്ലാതെ ആ നാവിൽ നിന്നും ഉതിർന്നു വീണു. അഭയദേവ് വരികളിൽ കുറിച്ച ആ പൈതൽ മാത്രമല്ല ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതം ചേർ‌ന്നലിഞ്ഞ പാട്ട് കേട്ട് കേരളക്കരയിലെ എത്രയോ പൈതങ്ങൾ കുഞ്ഞുമിഴികൾ പൂട്ടി നിഷ്കളങ്കമായി അമ്മയുടെ മാറിൽ ചാഞ്ഞുറങ്ങി. 1960ൽ സീതയെന്ന ചിത്രത്തിലൂടെയാണ് പാട്ട് മലയാളികൾക്കരികിലെത്തിയത്. പാട്ട് കേട്ട് മനസ്സിന്റെ മടിത്തട്ടിൽ കുഞ്ഞിവാവയെ ആലോലമാടിക്കുന്നതു സ്വപ്നം കണ്ട് അമ്മയുടെ ആത്മനിർവൃതിയടഞ്ഞ സ്ത്രീജന്മങ്ങളും ഏറെയാണ്. 

suseela0
പി.സുശീല ∙ചിത്രം മനോരമ

പെരിയാറേ പെരിയാറേ...

രണ്ട് അന്യഭാഷാ ഗായകർ ചേർന്നു പാടി അനശ്വരമാക്കിയ ഈ ഗാനം ഒരു കാലഘട്ടത്തിന്റെ തന്നെ സ്വരമായി മാറി. മലയാറ്റൂർ പള്ളിയിലെ പെരുന്നാളും ആലുവ ശിവരാത്രിയുമെല്ലാം വയലാർ വരികളിലാക്കിയപ്പോൾ ദേവരാജൻ മാസ്റ്റർ സംഗീതം നൽകി. മലയാളികളുടെ ഈ ആഘോഷങ്ങളെക്കുറിച്ചെല്ലാം പാടിയതാകട്ടെ എ.എം.രാജയും സുശീലയും. പർവത നിരയുടെ പനിനീരേ എന്നു പെരിയാറിനെക്കുറിച്ച് തേൻകിനിയും നാദത്തിൽ സുശീല പാടിയപ്പോൾ സ്വരഭംഗിയുടെ ഗംഗയും യമുനയുമൊക്കെയായിരുന്നു കേൾവിക്കാരുടെ മനസ്സിലേക്ക് ഒഴുകിയെത്തിയത്.

ഏഴുസുന്ദര രാത്രികൾ...

രാത്രിയുടെ യാമങ്ങൾക്ക് ഇത്രയേറെ സൗന്ദര്യമുണ്ടോ എന്ന് പലരും ചിന്തിച്ചത് ഈ വരികൾ കണ്ടിട്ടായിരിക്കും. ഒപ്പം സുശീലയുടെ ‌നിത്യയൗവ്വന നാദം കൂടിയെത്തിയപ്പോൾ മലയാളികളുടെ പകലുകള്‍ക്കും രാത്രികൾക്കും ഒരേ ചാരുത. 1967ൽ ‘അശ്വമേധം’ എന്ന ചിത്രത്തിലൂടെ പുറത്തിറങ്ങിയ പാട്ടിന് ഈണം നൽകിയത് ദേവരാജൻ മാസ്റ്റർ ആയിരുന്നു. വരികൾ വയലാറിന്റേതും.

suseela3
പി.സുശീല ∙ചിത്രം മനോരമ

പൂന്തേനരുവീ...

പൂന്തേനരുവീ എന്നു നീട്ടിപ്പാടിയ സുശീല മലയാളിമനസ്സിൽ ഒരേസമയം കരകവിയിച്ചത് പാലരുവിയും തോൻപുഴയുമൊക്കെയായിരുന്നു. പൊന്മുടി പുഴയുടെ അനുജത്തിയായ പൂന്തേനരുവിയോട് നമുക്കൊരേ പ്രായമല്ലേ എന്ന് ആവർത്തിച്ചു ചോദിച്ചപ്പോൾ ആ നാദത്തിൽ യൗവ്വനത്തിന്റെ മോഹങ്ങളും പ്രതീക്ഷകളും ഏറെയായിരുന്നു. ദേവരാജൻ–വയലാർ മാജിക്കിൽ പിറന്ന മറ്റൊരു സുന്ദരഗാനമാണിത്. 1971ൽ ‘ഒരു പെണ്ണിന്റെ കഥ’യിലൂടെയാണ് പാട്ട് മലയാളികളുടെ കാതുകളിൽ പതിച്ചത്. 

അന്നു നിന്നെ കണ്ടതിൽ...

അന്നു നിന്നെ കണ്ടപ്പോഴാണ് അനുരാഗമെന്താണെന്ന് അറിഞ്ഞതെന്ന് കുറച്ചകലെ മാറി നിന്ന് ഭാവം വിടരുന്ന മുഖത്തോടെ ചുണ്ടുകളനക്കുന്ന നായകന്റെ ചിത്രമാണ് ഈ പാട്ട് കേൾക്കുമ്പോൾ ഗാനാസ്വാദകരിൽ നിറയുന്നത്. ദുഃഖം നിറഞ്ഞ ഭാവത്തിൽ എ.എം.രാജ പാടിയപ്പോൾ ഒപ്പം പെൺസ്വരമായത് സുശീലയായിരുന്നു. ആ പാട്ട് കേട്ട് അനുരാഗം അറിയാത്തവർ പോലും പ്രണയത്തിന് ഇത്രയധികം സൗന്ദര്യവും വിരഹത്തിനിത്രയും നോവും ഉണ്ടോ എന്ന് ഒരുവേളയെങ്കിലും ചിന്തിച്ചുകാണണം. 1961ൽ ഉണ്ണിയാർച്ചയിലൂടെ പുറത്തിറങ്ങിയ പാട്ടിന് ഭാസ്കരൻ മാസ്റ്ററിന്റേതായിരുന്നു വരികൾ. ഒപ്പം രാഘവൻ മാസ്റ്ററിന്റെ സംഗീതവും.

suseela6
പി.സുശീല ∙ചിത്രം മനോരമ

മാലിനി നദിയിൽ...

കേൾവിക്കാരുടെ ചുണ്ടിലും വിരൽത്തുമ്പിലും ചെറുതായൊന്നു താളം ജനിപ്പിച്ചതാണ് ഈ പാട്ട്. പ്രണയതരളഭാവത്താൽ നായകനും നായികയും മതിമറന്നു സ്നേഹിച്ച സുന്ദര നിമിഷങ്ങൾ. അവരുടെ പ്രണയം ആരോടും പറയരുതെന്ന് വയലാറിലെ കവിഹൃദയം സ്നേഹാഭ്യർഥന നടത്തിയത് നദിക്കരയിൽ തുള്ളി നടക്കുന്ന മാൻപേടയാടോയിരുന്നു. ആ ഭാവത്തെ അതേപടി ശബ്ദത്തിലേയ്ക്കു പകർത്തിയാണ് സുശീലയും യേശുദാസും പാടിത്തീർത്തത്. ‘ശകുന്തള’ എന്ന ചിത്രത്തിൽ ഇരുവരുടെയും നാദം ദേവരാജൻ മാസ്റ്ററിന്റെ സംഗീതത്തിനൊപ്പം ഒന്നിനൊന്നായ് അലിഞ്ഞൊഴുകുകയായിരുന്നു.

ആകാശങ്ങളിലിരിക്കും...

കണ്ണുകളടച്ച് കൈകൾ കൂപ്പി പ്രാർഥിക്കാൻ തലമുറകൾക്കൊപ്പം സഞ്ചരിച്ച ഭക്തിഗാനം. 1967ൽ പുറത്തിറങ്ങിയ നാടൻ പെണ്ണിൽ വയലാർ–ദേവരാജൻ കൂട്ടുകെട്ടിൽ പിറന്നതാണീ ഗാനം. പ്രാർഥനാ ശൈലിയിൽ തന്നെ സുശീല പാടിപ്പതിപ്പിച്ച പാട്ട് പിൽക്കാലത്ത് ക്രിസ്തീയഭക്തിഗാനശാഖയിൽ മുൻനിരയിൽ ഇടം നേടി. മലയാളികളുടെ പ്രാർഥനാസമ്മേളനങ്ങളിൽ ആദര ഗീതമായി പാട്ട് ഉയർന്നു കേട്ടു. 

suseela9
പി.സുശീല ∙ചിത്രം മനോരമ

മാനത്തെ മഴമുകിൽ മാലകളെ...

കേട്ടാലും പാടിയാലും മതിവരാത്ത ഗാനങ്ങളിലൊന്ന്. മലയാളി റിപ്പീറ്റ് ബട്ടൺ അമർത്തി കൊതിയോടെ മനസ്സ് കൊടുത്തു കേട്ടിരുന്ന പാട്ട്. വരികളുടെ സൗന്ദര്യത്തെ അതുപോലെ തന്നെ സ്വരത്തിലേയ്ക്കു പടർത്തി പി. സുശീല പാടി. ആ ശബ്ദത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യമോടിയെത്തുന്ന ഗാനങ്ങളിലൊന്നാണിത്. ‘കണ്ണപ്പനുണ്ണി’ എന്ന ചിത്രത്തിൽ രാഘവന്‍ മാഷിന്റെ സംഗീതത്തിൽ പിറന്ന പാട്ടിന് ഭാസ്കരന്‍ മാഷിന്റേതായിരുന്നു വരികൾ.

കണ്ണു തുറക്കാത്ത ദൈവങ്ങളേ...

 

തൊഴുകയ്യോടെ വേദിയിൽ മൈക്കിനു മുന്നിൽ നിന്നു ചിത്രത്തിലെ നായിക ചെറു തേങ്ങലോടെ ഈറൻമിഴികളോടെ പാടിയ പാട്ട് കേട്ടിരുന്നവരിൽ നോവായി പടർന്നു കയറിയിട്ടുണ്ടാകും. 1967ലെ ‘അഗ്നിപുത്രി’ എന്ന ചിത്രത്തിലെ ഈ ഗാനത്തിൽ പരിഭവവും നിരാശയും തെളിഞ്ഞു കാണാം. വയലാറിന്റെ ഉള്ളുപൊള്ളിക്കും വരികൾക്ക് എം.എസ്.ബാബുരാജ് ആയിരുന്നു സംഗീതം. 

suseela2
പി.സുശീല ∙ചിത്രം മനോരമ

ഹൃദയഗീതമായ്... 

പുതിയ തലമുറ സുശീലാമ്മയുടെ ശബ്ദമാധുര്യത്തെ അടുത്തറിഞ്ഞ ഗാനം. 2003ൽ പുറത്തിറങ്ങിയ ‘അമ്മക്കിളിക്കൂട്’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഒരുപാട് അമ്മമാരുടെ പ്രാർഥനാഗീതമായാണ് ചിത്രത്തിൽ ഗാനം ആവിഷ്കരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെയാകണം പി.സുശീലയുടെ സ്വരത്തിൽ ഭക്തിയുടെ തെളിച്ചം. കൈതപ്രത്തിന്റെ വരികൾക്ക് രവീന്ദ്രൻ മാഷാണ് ഈണമൊരുക്കിയത്.

English Summary:

Singer P Susheela celebrates 88th birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com