റഹ്മാൻ ആദ്യമൊരുക്കിയ മലയാള ഗാനം അതല്ല, അബദ്ധധാരണ മാറണ്ടേ ഇനിയെങ്കിലും?

Mail This Article
പാട്ടുകൾ കേട്ട് പാട്ടിന്റെ ചുറ്റുവട്ടങ്ങളിലൂടെയലയാൻ പണ്ടേ എനിക്കിഷ്ടമായിരുന്നു. കുട്ടിക്കാലത്ത് റേഡിയോയിൽ കേട്ട ബിച്ചു തിരുമലയെന്ന പേരിനോടു തോന്നിയ കൗതുകം കലർന്ന ഇഷ്ടം, ഗാനശില്പികളുടെ പേരുകളും വിശേഷങ്ങളും തിരയുന്നൊരു ശീലത്തിലേക്കും എന്നെ എത്തിച്ചു. അവരുമായുള്ള അഭിമുഖങ്ങളും അവരുടെ പാട്ടുകളെക്കുറിച്ചുള്ള നിരൂപണങ്ങളും ഒന്നൊഴിയാതെ വായിച്ചുതീർത്തിരുന്ന കൗമാരകാലത്തുനിന്നും ഇന്ന് ഞാനെത്തിനിൽക്കുന്നത് അതേ പിന്നണിരംഗത്തോടു ചേർന്നാണെന്നത് എനിക്കും വളരെ അഭിമാനമുള്ളൊരു അംഗീകാരമാണ്.
മലയാളസിനിമയും ഗാനങ്ങളുമായി ബന്ധപ്പെട്ട് ഓൺലൈനിലുള്ള പല ഡാറ്റാബേസുകളുമായും സഹകരിക്കാൻ തുടങ്ങിയിട്ട് ഇരുപത് വർഷങ്ങളാകുന്നു. പൂർണമായും ബോധ്യമുള്ള വിവരങ്ങൾ മാത്രമാണ് അവയിൽ നല്കാറുള്ളത്. പണച്ചെലവേറെയുള്ള ഈ അന്വേഷണങ്ങൾ ആത്മതൃപ്തിയല്ലാതെ മറ്റൊന്നും മടക്കിത്തരാറുമില്ല!
പാട്ടുകളുടെ ചരിത്രങ്ങളിലേക്കായി ആദ്യം തിരയുന്നത് പാട്ടുകൾ പുറത്തിറങ്ങിയ ആദ്യരൂപങ്ങളിലേക്കാണ്. അവ ഗ്രാമഫോൺ റെക്കോർഡുകളാകാം, ഓഡിയോ കസെറ്റുകളാകാം, സിഡികളാകാം, അല്ലെങ്കിൽ സിനിമയുടെ പാട്ടുപുസ്തങ്ങളുമാകാം. ചിലപ്പോഴൊക്കെ അതിലെ വിവരങ്ങളിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ട്. കഴിയുന്നതും അവയുടെ പിന്നണിയിൽ പ്രവർത്തിച്ചവരോട് നേരിട്ട് ചോദിച്ചുതന്നെ ആ തെറ്റുകൾ തിരുത്താറുമുണ്ട്.

അത്തരത്തിലുള്ള ഒരു തിരുത്തലിനുവേണ്ടിയാണ് ഇത്രയും വലിയൊരാമുഖം. ഫെയ്സ്ബുക് പോലെയുള്ള നവയുഗസമൂഹമാധ്യമങ്ങളിൽ വരുന്ന പല വസ്തുതാപരമായ തെറ്റുകളും ചരിത്രത്തിൽ ശരിയായി മാറിക്കൊണ്ടിരിക്കുകയാണ്.
എട്ട് വയസ്സുള്ളപ്പോൾ എ.ആർ.റഹ്‌മാൻ മലയാളസിനിമയ്ക്കു സംഗീതമൊരുക്കി, ആ പാട്ട് പാടിയത് ഗായകൻ ജയചന്ദ്രനാണ് എന്നൊക്കെയുള്ള വാർത്ത, ഒരുപാട് വർഷങ്ങൾക്ക് മുൻപേ വന്നൊരു പെരുപ്പിച്ച കഥയാണ്. അത് മാധ്യമഭേദമെന്യേ പലയിടത്തും ഇപ്പോഴും ആവർത്തിക്കുന്നു.
നേരിട്ട് അന്വേഷിച്ചറിഞ്ഞൊരു വസ്തുത ഇവിടെ പങ്കുവയ്ക്കുന്നു.
1975ൽ ആർ.കെ.ശേഖർ സംഗീതം നൽകിയ നാല് ഗാനങ്ങളുമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു 'പെൺപട'. ക്രോസ്സ്‌ബെൽറ്റ് മണി സംവിധാനം ചെയ്ത് വിൻസെന്റ് നായകനായ ചിത്രത്തിലെ പാട്ടുകൾ എഴുതിയത് വയലാറും ഭരണിക്കാവ് ശിവകുമാറുമായിരുന്നു.

അതിൽ ജയചന്ദ്രൻ പാടിയ 'വെളളിത്തേൻ കിണ്ണം പോൽ' എന്ന ഗാനത്തിന് സംഗീതം നൽകിയത് എ.ആർ.റഹ്മാൻ ആണെന്ന് അദ്ദേഹത്തിന്റെ ചില ആരാധകരെങ്കിലും ഇപ്പോഴും വിശ്വസിക്കുന്നു. അതെഴുതിയ ഭരണിക്കാവ് ശിവകുമാർ പിൽക്കാലത്ത് നടത്തിയ അത്തരമൊരു പ്രസ്താവനയാണ് ആ ഒരു വിശ്വാസത്തിന്റെ ആധാരം. ആ കാര്യം പറഞ്ഞുകൊണ്ട് ഭരണിക്കാവിന്റേതായി വന്ന അഭിമുഖം ഞാനും വായിക്കുകയും അദ്ഭുതപ്പെടുകയും ചെയ്തിട്ടുണ്ട്.

ഭരണിക്കാവ് ശിവകുമാറിന്റെ മരണത്തിന് ഒരു വർഷം മുൻപ് 'പഥികഗീതം' എന്ന പേരിൽ അദ്ദേഹത്തിന്റെ കവിതകളുടെ ഒരു സമാഹാരം തിരുവനന്തപുരത്ത് വച്ച് ഗാനരചയിതാക്കളായ ബിച്ചു തിരുമലയും ചുനക്കര രാമൻകുട്ടിയും ചേർന്ന് പ്രകാശനം ചെയ്യുകയുണ്ടായി. 2005 ജൂൺ 11ന് നടന്ന ആ ചടങ്ങിൽ യാദൃച്ഛികമായി ഞാനും പങ്കെടുത്തിരുന്നു. അക്കാലത്ത് ദുബായിൽ ജോലി ചെയ്യുകയായിരുന്ന ഞാൻ, ഗാനരചയിതാവായ ബിച്ചു തിരുമലയെ കാണുവാനായി തിരുവന്തപുരത്ത് എത്തിയതായിരുന്നു. അവിടെ വച്ച് ഭരണിക്കാവ് ശിവകുമാറുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ 'വെളളിത്തേൻ കിണ്ണം പോൽ' എന്ന പാട്ടിനെക്കുറിച്ച് ഞാൻ ചോദിച്ചിരുന്നു.
അപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്:
"ആ പാട്ടിന്റെ കമ്പോസിങ് ചെന്നൈയിൽ ആർ.കെ.ശേഖറിന്റെ വീട്ടിൽ വച്ചായിരുന്നു നടന്നത്. അപ്പോൾ പയ്യനായിരുന്ന (എ.ആർ.റഹ്മാൻ) ദിലീപ് ഓരോരോ കളികളുമായി വീടിന്റെ മുൻവശത്തുകൂടി ഓടിനടക്കുന്നതിനിടയിൽ പെട്ടെന്ന് വന്ന് 'തന്നന്ന തന്നന്ന' എന്ന് പാടിക്കൊണ്ട് അതേ ഈണം ഹാർമോണിയത്തിൽ വെറുതേ വായിച്ചിട്ട് വീണ്ടും കളികളിലേക്ക് മടങ്ങി. ആ 'തന്നന്ന തന്നന്ന' ഇഷ്ടപ്പെട്ട ശേഖർ നമുക്ക് ഇങ്ങനെ തുടങ്ങാം എന്ന് പറഞ്ഞാണ് ആ ഗാനത്തിന്റെ സംഗീതമൊരുക്കിയത്. പാട്ടിന്റെ ആദ്യവരിയുടെ ഈണം മാത്രം അങ്ങനെ ഉണ്ടായൊരു കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്. ട്യൂണിന് അനുസൃതമായിട്ടാണ് 'വെള്ളിത്തേൻ കിണ്ണം പോൽ' എന്ന ഗാനം എഴുതിയതും. അന്നേ ദിലീപിലെ പ്രതിഭയെ തിരിച്ചറിയാൻ പറ്റി എന്ന് ഒരു പത്രലേഖകനോട് പറഞ്ഞതാണ് റഹ്‌മാൻ ആദ്യമായി സംഗീതം നൽകിയത് എന്റെ ഗാനത്തിനാണ് എന്ന പേരിൽ വെളിയിൽ വന്നത്."
ഇതാണ് സത്യം.
എന്തായാലും ചരിത്രത്തേക്കാളും ഐതിഹ്യങ്ങൾ കേട്ടുവളർന്നിട്ടുള്ള നമ്മളിൽ പലർക്കും റഹ്‌മാൻ കുട്ടിക്കാലത്ത് തന്നെ ഒരു 'മലയാളഗാനം' ഒരുക്കി എന്ന് വിശ്വസിക്കാനായിരുന്നു ഇഷ്ടം.

എ.ആർ.റഹ്‌മാൻ 2009ൽ കോഴിക്കോട് നടത്തിയ 'ജയ് ഹോ' സംഗീതനിശയുടെ മുന്നോടിയായി പുറത്തുവന്ന വാർത്തകളിൽ 'എ.ആർ.റഹ്‌മാൻ ഈണമിട്ട ആദ്യഗാനം മലയാളത്തിൽ എന്ന തലക്കെട്ടുമായി വെള്ളിത്തേൻ കിണ്ണവും' ഇടം പിടിച്ചു. പ്രസിദ്ധീകൃതമായ ഒരു വാർത്ത എത്ര തിരുത്തിയാലും കാര്യമില്ലെന്ന് അന്നെനിക്ക് മനസ്സിലായി. ആരാധകർക്ക് ഐതിഹ്യങ്ങളാണാവശ്യം!
പിൽക്കാലത്ത് ആ വിശ്വാസത്തിന് ആക്കം കൂട്ടുന്ന രീതിയിൽ, പി.ജയചന്ദ്രന്റെ ഒരു അഭിമുഖത്തിൽ ഈ വിഷയം കടന്നുവന്നപ്പോൾ റഹ്മാന്റെ ഈണമാണ് ആ ഗാനത്തിന്റേതെന്ന് അടുത്ത കാലത്താണറിഞ്ഞതെന്നും ആ പാട്ട് പാടിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞതായി കണ്ടു. അഭിമുഖം വായിച്ചതിനു ശേഷം അദ്ദേഹത്തെ വിളിച്ചു ചോദിച്ചപ്പോൾ 'എന്നെ പാട്ട് പഠിപ്പിച്ചതും റെക്കോർഡ് ചെയ്തതും ആർ.കെ.ശേഖർ തന്നെയാണെ'ന്ന് പറഞ്ഞുകൊണ്ട് 'റഹ്‌മാനാണ് സംഗീതം കൊടുത്തതെന്ന് അടുത്തിടെ ഞാനും കേട്ടറിഞ്ഞതാണ്, തിരുത്താൻ എന്തെങ്കിലും മാർഗമുണ്ടെങ്കിൽ ഞാൻ തന്നെ തിരുത്താം' എന്നും കൂട്ടിച്ചേർത്തു.
പക്ഷേ ഒന്നും സംഭവിച്ചില്ല.
ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ഈ സംഭവം പലരുടെ പതിപ്പുകളിൽ പുതിയ കൂട്ടിച്ചേർക്കലുകളുമായി കാണാറുണ്ടായിരുന്നു.
കഴിഞ്ഞ വർഷം മനോരമ ഓൺലൈൻ എ.ആർ.റഹ്‌മാനുമായി നടത്തിയ അഭിമുഖത്തിലെ ആദ്യചോദ്യം ഈ പാട്ടിനെപ്പറ്റിയായിരുന്നു. യൂട്യൂബിൽ ലഭ്യമായ ആ അഭിമുഖത്തിൽ അങ്ങനെയൊരു കാര്യം ഓർമയില്ലെന്നും എന്തായാലും ആദ്യമലയാളഗാനം അതല്ലെന്നും അദ്ദേഹം പറയുന്നുണ്ട്. പക്ഷേ അത് വിശ്വസിച്ചാൽ മലയാളഭാഷയുടെ നഷ്ടമല്ലേയെന്ന് കരുതിയാവണം, വേണ്ടത്ര പ്രചാരം ആരും കൊടുത്തില്ല.
ഇതു മാത്രമല്ല, മികച്ച ഗായകനുള്ള തമിഴ്‌നാട് സർക്കാരിന്റെ പുരസ്കാരം പി.ജയചന്ദ്രന് 1993ൽ കിട്ടിയത് രണ്ട് പാട്ടുകളുടെ ആലാപനത്തിനാണ്. ഇളയരാജ സംഗീതം നൽകിയ 'സെമ്മീനേ സെമ്മീനേ' (സെവ്വന്തി), എ.ആർ.റഹ്‌മാൻ ഈണമിട്ട 'കത്താഴങ്കാട്ട് വഴി' (കിഴക്ക് ചീമയിലേ) എന്നീ ഗാനങ്ങൾ. പക്ഷേ 'സെവ്വന്തി'യിലെ പാട്ടിനെപ്പറ്റി ആരും ഇപ്പോൾ പരാമർശിക്കാറില്ല.
അതിശയോക്തി കലർന്ന അർദ്ധസത്യങ്ങൾക്കാണിപ്പോൾ ആവശ്യക്കാരേറെ! കാലം പോകെപ്പോകെ കാര്യങ്ങളെക്കാളും കഥകൾക്ക് വിശ്വാസ്യതയേറുന്നു. തിരുത്താൻ ശ്രമിച്ച് പലപ്പോഴും പരാജയപ്പെടുകയാണ്.
കലയിലായാലും എവിടെയായാലും അന്ധമായ ആരാധന മറ്റു മേച്ചിൽപ്പുറങ്ങളിലേക്കുള്ള വഴികളെ മറയ്ക്കുമ്പോൾ പുതിയ കാഴ്ചകളും കേൾവികളും സത്യങ്ങളും നിറയുന്ന വിശാലമായ ലോകമാണ് അകലുന്നത്..
റഹ്‌മാനെ അതുല്യനാക്കാൻ വെള്ളിത്തേൻ കിണ്ണത്തിന്റെ ആവശ്യമുണ്ടോ ?