സിനിമയും പാട്ടും സൂപ്പർഹിറ്റ്, റിലീസിനു പിന്നാലെ നായികയുടെ ആത്മഹത്യ; ആദ്യഗാനത്തോടെ ഹൃദയത്തിനു മുറിവേറ്റ എംഡിആർ!

Mail This Article
"പോരാ, കെട്ടങ്ങോട്ട് വീഴുന്നില്ലല്ലോ ദാസേ." - ദേവരാജൻ മാഷിന്റെ ശബ്ദം അല്പം കനത്തുവോ? വാക്കുകളിലെ നീരസം മുഖഭാവത്തിലും പ്രകടമാണ്. പാട്ട് പഠിപ്പിക്കെ രണ്ടാം തവണയാണ് മാഷിന് ഇത് പറയേണ്ടി വന്നത്. ഒന്നുകൂടി മാഷിൽ ഇഷ്ടക്കേട് ഉണ്ടാവരുതെന്നുറപ്പിച്ചാണ് യേശുദാസ് അടുത്തവട്ടം പല്ലവി ആവർത്തിച്ചുനോക്കിയത് - "നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ, തുളസിത്തളിരില ചൂടി....." ഓരോ വാക്കിലൂടെയും ആലാപനത്തെ ഒഴുക്കി വിടുമ്പോൾ മാഷിന്റെ മുഖത്തേക്കു നോക്കി ഗായകൻ ഏറെ ഉത്സുകനായി.
ഭാഗ്യം, ഇത്തവണ ആ മുഖത്ത് ഒരു തെളിച്ചമുണ്ട്.... ഗായകനും ശ്വാസം നേരെ വീണു. മുടിത്തുമ്പിൽ കെട്ടു വീഴുന്നത് ആലാപനത്തിൽ പ്രതിഫലിക്കണം - പെർഫക്‌ഷന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമില്ലാത്ത മാസ്റ്ററുടെ നിർദേശം അതായിരുന്നു! പാടുന്നതാരായാലും ഓരോ വാക്കിലും താനുദ്ദേശിക്കുന്ന ഭാവത്തെ പ്രതിഫലിപ്പിക്കാൻ അവർക്കാകണം എന്നതിൽ കടുകിട പിന്നോട്ട് പോകാൻ മാഷ് ഒരുകാലത്തും ഒരുക്കമല്ല. പാട്ടിന്റെ പൂർണതയ്ക്കായി പോരായ്മകളെ തിരുത്തിക്കുവാൻ ശാസനയുടെ ഏതറ്റം വരെയും പോവാൻ മാഷിനുണ്ടോ മടി! പതിരുചേരാത്ത പാട്ടൊരുക്കലിന്റെ പതിറ്റാണ്ടുകളെ സമ്മാനിച്ച ദേവരാജനിയോഗത്തിന് ശുദ്ധസംഗീതത്തോടു മാത്രമായിരുന്നല്ലോ എന്നും പഥ്യം.
'ശാലിനി എന്റെ കൂട്ടുകാരി' (1980) എന്ന പത്മരാജൻ ചിത്രത്തിനുവേണ്ടി വരികൾ എഴുതിയത് തുടക്കക്കാരനായ എം.ഡി.രാജേന്ദ്രനായിരുന്നു. ഐഎഎസ് സ്വപ്നം ഉപേക്ഷിച്ച് കവിത തുളുമ്പുന്ന വരികളുമായി മലയാളത്തിന്റെ പാട്ടെഴുത്ത് വഴികളിലേക്കു കാലെടുത്തുവച്ച എംഡിആറിന് പിന്നിട്ട വഴികളിൽ എങ്ങും പിഴച്ചിരുന്നില്ല. 'മോചന'ത്തിലെ പാട്ടുകൾക്കു വരികൾ കുറിച്ച് എഴുത്താണ് തന്റെ വഴിയെന്ന് ഉറപ്പിച്ച അസാമാന്യ പദസമ്പത്തിന്നുടമയായ യുവാവിനെ ദേവരാജൻ മാസ്റ്റർ തന്നെയാണ് പത്മരാജൻ ചിത്രത്തിനായി നിർദേശിച്ചിരുന്നത്. കലാലയ പ്രണയത്തെ പശ്ചാത്തലമാക്കി നിർമിച്ച ചിത്രത്തിനു 30 തികയാത്ത ചെറുപ്പക്കാരന്റെ ഭാവനകൾ അനിവാര്യമെന്നു കണ്ടിട്ടായിരുന്നോ ഈ തീരുമാനം എന്നത് കാലത്തിന്റെ സന്ദേഹമാണ്.
പ്രണയത്തിന്റെ ശാലീനതയെ പറയുന്നതോടൊപ്പം നഷ്ടപ്രണയത്തിന്റെ നിരാശയെ പറയാതെ പറയുകയും വേണം - പാട്ട് എങ്ങനെയുള്ളതാവണം എന്നതിൽ അണിയറക്കാർ നൽകിയ ആ നിർദേശം എംഡിആറിന് ഒരു വെല്ലുവിളിയേ ആയിരുന്നില്ല. പ്രണയ പരാജിതൻ കോളജ് പഠനത്തിന്റെ അവസാന ദിവസം തന്റെ സ്വപ്നങ്ങളിലെ നായികയും കൂടി പങ്കെടുത്തിരിക്കുന്ന സദസ്സിൽ ആലപിക്കുന്നതാണ് ഗാനം. പ്രണയിനിയെപ്പറ്റിയുള്ള തന്റെ സങ്കൽപങ്ങളിലൂടെ ആലാപനം മുൻപോട്ട് പോകുമ്പോൾ നായകന്റെ ഹൃദയവ്യഥയെ തൊട്ടറിയുന്ന നായികയുടെ ഉള്ളും ഒന്നുപിടയണമെന്നതാണ് കഥാവഴി. ഗ്രാമീണതയുടെ ശാലീനത ആവോളം തുളുമ്പുന്ന ഉർവശി ശോഭയാണ് നായിക. പത്മരാജൻ സിനിമകളുടെ സ്വാഭാവികതകൾക്കപ്പുറത്തേക്ക് അണുവിട വ്യതിചലിക്കാത്ത പ്രമേയം അന്ന് പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കുകയുണ്ടായി. കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നെങ്കിലും എഴുതിത്തെളിഞ്ഞവർക്കൊപ്പം നിൽക്കാൻ പോന്ന എംഡിആറിന്റെ പദഭംഗി ഏറെ ശ്രദ്ധേയമായിരുന്നു.
സ്വാഭാവിക സൗന്ദര്യത്തെ ഹൃദ്യമായ വരികൾകൊണ്ട് വരച്ചിടാനാവുക.... ഒരു തുടക്കക്കാരനെങ്കിലും എംഡിആർ അക്കാര്യത്തിൽ വിജയിക്കുകതന്നെ ചെയ്തു. തുടക്കത്തിന്റേതായ ചില പോരായ്മകളെ കണ്ടറിഞ്ഞ ദേവരാജൻ മാസ്റ്റർക്കു പക്ഷേ, എംഡിആറിലെ പ്രതിഭയിൽ അങ്ങേയറ്റം വിശ്വാസമുണ്ടായിരുന്നു.
കാംദാർ നഗറിലെ സ്വന്തം വീടിന്റെ മുകൾനിലയിലിരുന്ന് കമ്പോസിങ്ങിനൊരുങ്ങുമ്പോൾ മാസ്റ്റർ അൽപം ചിന്താധീനനായിരുന്നു. എഴുതിക്കൊടുത്ത വരികളുമായി മാസ്റ്റർ ഇരിപ്പുറയ്ക്കാതെ നടക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി. ഒന്നും പറയാതെ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന മാഷിനെക്കണ്ട് രചയിതാവിന് അതിനേക്കാൾ വേവലാതി. മാസ്റ്ററിൽ നിന്നും എന്തെങ്കിലുമൊരു അഭിപ്രായം കേട്ടിരുന്നെങ്കിൽ എന്ന് ആശിച്ച് കാത്തിരുന്ന എഴുത്തുകാരൻ താനിരുന്ന സോഫയിൽ പുറകോട്ട് ചാഞ്ഞു, ഏറെക്കുറെ തളർന്നവനെപ്പോലെ....
ഒടുവിൽ മാഷുതന്നെ അനിശ്ചിതത്ത്വത്തിന്റെ ആ നിശ്ശബ്ദതയെ ഭഞ്ജിച്ചു - "എഴുതിയ വരികളൊക്കെ നന്നായിട്ടുണ്ട്. പക്ഷേ, നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ... എന്നൊക്കെയല്ലേ എഴുതിയിരിക്കുന്നത്.... പക്ഷേ, നീയിത് ആരോടാണ് പറയുന്നത്?" ഒരു പ്രണയപരാജയത്തിന്റെ വൈഷമ്യത്തെ സ്വയമറിഞ്ഞിരുന്ന എഴുത്തുകാരൻ ഉള്ളാലെ ഒന്നു പതറി.... അധികം അകലേക്കു പോയിട്ടില്ലാത്ത ഭൂതകാലം എവിടൊക്കെയോ ചെന്നുകൊണ്ട് മുറിപ്പെടുന്നു. എങ്കിലും സ്ഥലകാലബോധം വീണ രചയിതാവ് പെട്ടെന്ന് ഒന്നു തലവെട്ടിച്ചു - "നായികയോടാണ്...." മാഷ് ചെറിയൊരു ചിരി വരുത്തി യുവത്വത്തിന്റെ പ്രസരിപ്പ് വിട്ടുമാറാത്ത എഴുത്തുകാരന്റെ മുഖത്തേക്കു നോട്ടം തറപ്പിച്ചു - "എടാ പാട്ട് കേൾക്കുന്ന എല്ലാവരുടെയും മുമ്പിൽ സിനിമയും അതിലെ കഥയും ഉണ്ടാകണമെന്നില്ല, പക്ഷേ പാട്ടുണ്ടാവും. അതുകൊണ്ട് ഒരു ചെറിയ മാറ്റം വരുത്താം - സുന്ദരീ.... എന്ന വാക്കു കൂടി ചേർത്ത് നമുക്ക് പല്ലവിയങ്ങ് തുടങ്ങാം, എന്തു പറയുന്നു?"
ദേവരാജൻ മാഷ് കേവലം ഒരു പാട്ടൊരുക്കുകാരൻ മാത്രമല്ലെന്ന് കാലം എത്രയോവട്ടം തെളിയിച്ചു കഴിഞ്ഞതാണ്. ഈണത്തിന് മെരുങ്ങാത്തതും തിരുത്തേണ്ടതുമായ വാക്കുകളെ എഴുത്തുകാരനോടുപോലും ചോദിക്കാൻ നിൽക്കാതെ മാറ്റം വരുത്തുകയാണ് പ്രകൃതം. "പിന്നെന്താ മാഷേ...." - പറഞ്ഞു കേട്ട കഥകളിൽ അവിശ്വാസം ഏതുമില്ലാതിരുന്ന എഴുത്തുകാരന് മാഷിന്റെ വിഷയജ്ഞാനത്തിൽ വല്ലാതെ മതിപ്പുതോന്നി. ആഭേരിയിൽ അണിഞ്ഞൊരുങ്ങാൻ വരികൾക്കു പിന്നെ മടിയുണ്ടായില്ല. ഏതു കാലത്തിനും യൗവനത്തിന്റെ മടുപ്പിക്കാത്ത മാധുര്യം വിളമ്പുന്ന പാട്ടിന്റെ പിറവി അവിടെ ആയിരുന്നു.
ചുരുൾമുടിത്തുമ്പിൽ തിരുകിയ തുളസിത്തളിരിൽ മലയാളത്തിന്റെ സൗന്ദര്യസങ്കൽപങ്ങൾ അടയാളപ്പെട്ടിരുന്ന ഒരു കാലം.... കവികൽപനകൾക്കൊക്കെ അന്ന് യൗവനത്തിന്റെ ഊർജമായിരുന്നു. ആ ഒഴുക്കിനൊപ്പം നീങ്ങിയ എംഡിആറിന്റെ കാവ്യഭാവനകൾക്കു ശാലീന സൗന്ദര്യത്തിന്റെ ഡിമാൻഡ് ഒക്കെ ഏറെക്കുറെ ചോർന്നുകഴിഞ്ഞ വർത്തമാനത്തിലും എന്താ ഒരു കുളിര്!
ഓരോ കേൾവിയിലും കൺമുമ്പിലേക്ക് ഒരു താരുണ്യം നടന്നടുക്കുന്നത് നമുക്ക് കാണാം.... അതാണ് ആ എഴുത്തിന്റെ മാന്ത്രിക ചാരുത.
നീലാകാശം എന്ന് നേരേ പറയാതെ 'സുതാര്യ സുന്ദര മേഘങ്ങളലിയും നിതാന്ത നീലിമ' എന്നു പറയുന്ന ആ ശൈലിക്ക് കാവ്യലോകത്തിന്റെ മാത്രം കയ്യടിയല്ല അന്ന് കിട്ടിയത്. പഠിച്ചത് ഇംഗ്ലിഷ് സാഹിത്യമെങ്കിലും കാളിദാസ കാവ്യദീപ്തിയെ തൊട്ടറിഞ്ഞ എഴുത്തുകാരന് ആ ശൈലിയും വഴങ്ങുമെന്നത് മലയാളമാകെ കണ്ടറിഞ്ഞു. നഷ്ടപ്രണയത്തെയാണ് നായകഹൃദയം പാടിയൊഴിയുന്നത് എങ്കിലും നഷ്ടങ്ങൾക്കും ആരെയെങ്കിലും കൊതിപ്പിക്കാൻപോന്ന ഒരു മധുര്യം ഉണ്ടെന്ന് പാട്ട് നമ്മളെ പഠിപ്പിക്കുകയായിരുന്നു. മനസ്സു കീഴടക്കിയ നായികയെ മറക്കാനാവാത്ത നായകനും മനസ്സിൽ പ്രണയം സൂക്ഷിക്കുന്ന എഴുത്തുകാരനുമായി അത്ര അകലം ഉണ്ടായിരുന്നോ എന്തോ!
എന്തായാലും മനസ്സിൽ കൊള്ളുന്ന വരികളുമായി അന്ന് പകർന്നേകിയ സുഖശീതള ശാലീനതയിൽ ഒഴുകി നീങ്ങിയ കാമുക ഹൃദയങ്ങൾ എത്ര! അസാധ്യലാപനത്തിന്റെ അമൃതധാരയോ അഭൗമ ചാരുത മുറ്റിയ അക്ഷരജാലികയോ ആ അസുലഭാനുഭൂതിയ്ക്കു പിന്നിൽ.... കാരണം എന്തുമാകട്ടെ!
"മൃഗാങ്ക തരളിത മൃണ്മയകിരണം" - ആവർത്തിക്കുകയാണല്ലോ അദ്ഭുതം. മഴയായ് പൊഴിയുന്ന നിലാവിനെ ഇങ്ങനെയും വിളിക്കാമെന്ന് ഭാഷാസ്നേഹികൾ പോലും അറിഞ്ഞിരുന്നോ എന്തോ! വാക്കുകളാൽ പെയ്യിച്ച ആ നിലാവിന്റെ തഴുകലേറ്റ് ആരും കൊതിക്കുന്ന സരസീരുഹ സൗപർണികയിലൂടെ സ്വയമറിയാതൊഴുകിയ പ്രണയപുഷ്പങ്ങൾക്കു കാലഭേദമെവിടെ! ഒരു നൂറ്റാണ്ടിന് കിടപിടിക്കാൻ പോകുന്ന യേശുദാസിന്റെ സ്വരസൗന്ദര്യം ദേവരാഗശിൽപി വരച്ചിട്ട ഉയർച്ച താഴ്ചകളിലൂടെ കയറിയിറങ്ങുമ്പോൾ പ്രണയമലയാളത്തിന് പ്രഭയേറുകയായിരുന്നു. എൺപതുകളിലെ കൗമാര കാൽപനീകതയ്ക്കു മുമ്പത്തേതിലും കാവ്യഭംഗി കൈവന്നതിൽ ശാലിനി എന്റെ കൂട്ടുകാരിയിലെ പാട്ടുകളും അങ്ങനെ ഒരു നിമിത്തമായി എന്ന് പറയാതെ തരമില്ല.
പാട്ടെഴുത്തിൽ എന്നും തന്നെ നയിച്ചിരുന്നത് ദേവരാജൻ മാസ്റ്ററുടെ ഒരു ഉപദേശമായിരുന്നുവെന്ന് പറയാൻ എംഡിആറിന് നൂറ് നാവാണ്.
"രാമേശ്വരത്തെ ക്ഷൗരമല്ല പാട്ടെഴുത്ത്" - എഴുതാനൊരുങ്ങുമ്പോഴൊക്കെ മാഷിന്റെ വാക്കുകൾ ആ ചിന്തകളെ ഒന്നു കുടയും. കാലത്തെ ഒപ്പം കൂട്ടാനുള്ള സൂത്രവിദ്യ കൈമുതലായതിനു പിന്നിൽ കാരണം വേറെന്തു തിരയാൻ!
* * * * **
"നിന്റെ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും. നല്ലോരു ജോലിയും കളഞ്ഞ് മദിരാശിയിലെ പൈപ്പ് വെള്ളം കുടിച്ച് കിടക്കണംപോലും...." ദേവരാജൻ മാഷിന്റെ ശബ്ദം കനത്തു. പാട്ടെഴുത്തു മോഹവുമായി മദ്രാസിൽ കൂടാനുള്ള ആഗ്രഹം മാഷിനോട് പറയാൻ എംഡിആർ നാവെടുത്തതേയുള്ളു. ആകാശവാണിയിലെ ഭേദപ്പെട്ട ജോലി ഉപേക്ഷിക്കുന്ന കാര്യം പറഞ്ഞാൽ ആർക്കാണ് ദേഷ്യം വരാത്തത്! പക്ഷേ,
പാട്ടെഴുത്തിനുവന്ന് തൊട്ടുതുടങ്ങിയതേ ഹിറ്റുകളായപ്പോൾ ആത്മവിശ്വാസം ഇരട്ടിച്ച ചെറുപ്പക്കാരനെ എങ്ങനെ കുറ്റപ്പെടുത്താൻ. മറ്റാരോടും തോന്നാതിരുന്ന ഒരു പ്രത്യേക മമത രാജേന്ദ്രനോട് ഉണ്ടായിരുന്നതുകൊണ്ടാവാം മാഷ് കൂട്ടിച്ചേർത്തു - "അവസരം വരുമ്പോൾ ഞാൻ വിളിക്കാം, അപ്പോളിങ്ങു വന്നാൽ മതി." - വിഷണ്ണനായിപ്പോയ അവന് ശ്വാസം നേരെ വീണത് അപ്പോഴാണ്. അവസരങ്ങൾ പലത് നൽകി മദ്രാസ് തുടർച്ചയായി മോഹിപ്പിച്ചു കൊണ്ടിരുന്നെങ്കിലും മാഷിന്റെ വാക്കുകളെ ധിക്കരിക്കാൻ പിന്നെ അവൻ കൂട്ടാക്കിയതേയില്ല. ജോലിയിൽ തുടർന്നുകൊണ്ടുതന്നെ കവിതയുടെ കാൽപനിക വസന്തവുമായി എത്രയോ വരികളാണ് പിന്നെയും ആ തൂലികയിൽ പിറന്നുവീണത്.
ശാലിനി എന്റെ കൂട്ടുകാരിയിലെ പാട്ടുകളെല്ലാം ഹിറ്റായെങ്കിലും അറംപറ്റിയ ചില വാക്കുകളുടെ വേദന ഏറെക്കാലം എഴുത്തുകാരനെ വേട്ടയാടിക്കൊണ്ടേയിരുന്നു. പ്രണയാക്ഷരങ്ങളുടെ പഞ്ചാമൃതം കൊണ്ട് താൻ വരച്ചിട്ട നായിക സിനിമ പുറത്തിറങ്ങി ഒട്ടും വൈകാതെ ജീവനൊടുക്കുകയുണ്ടായി. ഏതോ നിഗൂഢതയെ പുണർന്ന് നടന്നകലുമ്പോൾ അവളിൽ യൗവനം വിട്ടൊഴിഞ്ഞിരുന്നില്ല.... അർഥം പരതേണ്ടാത്ത വാക്കുകൾ പിന്നെയും വല്ലാത്ത നോവിറ്റിച്ച് കാതുകളിൽ ബാക്കിയാവുകയാണ്-
"എന്നെ എനിക്കു തിരിച്ചു കിട്ടാതെ ഞാൻ ഏതോ ദിവാസ്വപ്നമായി......."