ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

സംഗീതത്തിന്റെ ദേവസഭാതലത്തില്‍ ഹൃദയാനന്ദമേകിയ ഗാനം. ഇന്ത്യന്‍ സംഗീത ചരിത്രത്തിലെ തന്നെ അത്യപൂര്‍വമായ രാഗമാലികയാണ് ഹിസ് ഹൈനസ് അബ്ദുള്ളയിലെ 'ദേവസഭാതലം'. രചനയിലും സംഗീതത്തിലും ആലാപനത്തിലുമൊക്കെ പറയാന്‍ സവിശേഷതകളും ഏറെ. അതുകൊണ്ടു തന്നെ സിനിമാസംഗീതത്തിന് മലയാളം നല്‍കിയ വലിയ സംഭാവനകളില്‍ ഒന്നാണ് കൈതപ്രം-രവീന്ദ്രന്‍ കൂട്ടുകെട്ടില്‍ പിറന്ന 'ദേവസഭാതലം'. അർഥസമ്പുഷ്ടമായ വരികള്‍. വ്യത്യസ്ത രാഗങ്ങളുടെ ചേര്‍ച്ചകൊണ്ട് അതിശയിപ്പിച്ച സംഗീതം. അലിയിച്ചു ചേര്‍ക്കുന്ന ആസ്വാദ്യമായ ആലാപനം, ഇതൊക്കെക്കൊണ്ടാകാം പകരംവയ്ക്കാനില്ലാത്ത ഗാനമായി 'ദേവസഭാതലം' മാറുന്നത്. 

1990ല്‍ സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹിസ് ഹൈനസ്സ് അബ്ദുള്ളയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് സംഗീതം തന്നെയായിരുന്നു. ശാസ്ത്രീയ അടിത്തറയില്‍ ഒരുങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ കാലത്തെയും അതിജീവിച്ചുവെന്നത് ചരിത്രം. 'ദേവസഭാതലം' ഇന്ത്യയിലെ മുഴുവന്‍ സംഗീതപ്രേമികള്‍ക്കിടയിലും ചര്‍ച്ചയായി. വ്യത്യസ്ത സംഗീതശ്രേണികളെ അളവു തെറ്റാതെ ചേര്‍ത്തുവച്ചതും അതിലേക്ക് വാദ്യമേളങ്ങളെ അലിയിച്ചുവച്ചതും പലര്‍ക്കും പുത്തന്‍ അനുഭവമായി. രവീന്ദ്രന്‍മാഷിന്റെ എക്കാലത്തേയും ക്ലാസിക് ഗാനമായി ഇന്നും മലയാളി അതിനെ വാഴ്ത്തുന്നു. യേശുദാസ്, രവീന്ദ്രന്‍ മാഷ്, ശരത്ത് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചത്. 

അനുദാത്തമുദാത്തസ്വരിതപ്രചയം

താണ്ഡവമുഖരലയപ്രഭവം

പ്രണവാകാരം സംഗീതം

സംഗീതത്തിന്റെ ഈ മഹത്തായ നിര്‍വചനം ഒരു സിനിമാഗാനത്തിലാണ് എന്നതാണ് ശ്രദ്ധേയം. ലോകത്തിന്റെ മുഴുവന്‍ ചലനങ്ങളും സംഗീതസാന്ദ്രമാണ്. താളവും ശ്രുതിയുമൊക്കെ അതിനുണ്ട്. ഇത്തരത്തില്‍ സംഗീതഗ്രന്ഥങ്ങളില്‍ ആഴത്തില്‍ പറയുന്ന സ്വരങ്ങളുടെ പ്രകൃതിയുമായുള്ള ബന്ധം ഒരു സിനിമാഗാനത്തില്‍ എഴുതാന്‍ കൈതപ്രത്തിനായി. കൈതപ്രത്തിന്റെ പ്രതിഭാവിലാസത്തിന്റെ പ്രകാശം തുളുമ്പുന്ന ഗാനവുമാണിത്.

സംഗീതമാകുന്ന സാഗരത്തിന്റെ തീരത്ത് പകച്ചു നില്‍ക്കുന്ന കുട്ടിയാണ് താനെന്ന് മോഹന്‍ലാലിന്റെ കഥാപാത്രമായ അനന്തന്‍ താഴ്മയായി പറഞ്ഞിട്ടും സംഗീതജ്ഞനായ പത്മശ്രീ രാമനാട്ടുകര അനന്തന്‍ നമ്പൂതിരിപ്പാട് വിട്ടുകൊടുക്കുന്ന ഭാവമില്ല. പാടിയൊന്ന് ഏറ്റുമുട്ടാന്‍ തന്നെയാണ് അനന്തന്‍ നമ്പൂതിരിപ്പാടിന്റെ വരവും. മത്സര സ്വഭാവത്തിലുള്ള ഈ പാട്ടിനെക്കുറിച്ച് കൈതപ്രത്തിനോടും രവീന്ദ്രന്‍ മാഷിനോടും വിവരിക്കുന്നത് ലോഹിതദാസാണ്. രണ്ടുപേരും മത്സരിച്ചു പാടുന്ന ഒരു പാട്ടാകണം ഇതെന്ന് സിബിമലയിലും ലോഹിതദാസും ഒരേ ശബ്ദത്തില്‍ പറഞ്ഞതോടെ ഇത് വേറിട്ടൊരു പരീക്ഷണമാകണമെന്ന ആശയം കൈതപ്രവും മുന്നോട്ടുവച്ചു. മുംബൈയില്‍ നിന്നു വന്ന അനന്തനില്‍ ഹിന്ദുസ്ഥാനിയും അനന്തന്‍ നമ്പൂതിരിപ്പാടില്‍ കര്‍ണാട്ടിക് സംഗീതവും ചേര്‍ത്തു വയ്ക്കാം എന്ന തീരുമാനവും എടുത്തു. അങ്ങനെ എങ്കില്‍ ആദ്യം വരികള്‍ വരട്ടെ എന്നായി രവീന്ദ്രന്‍ മാഷ്്. 

ഏറ്റവും വേഗത്തില്‍ പാട്ടെഴുതി അതിശയിപ്പിക്കുന്ന ഗാനരചയിതാവാണ് കൈതപ്രം. എന്നാല്‍ തന്റെ പാട്ടെഴുത്തു ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമയമെടുത്തെഴുതിയ ഗാനം 'ദേവസഭാതല'മാണെന്ന് കൈതപ്രം പറയുന്നു. 'ചെന്നൈയിലെ പ്രാരംഭ ചര്‍ച്ചകള്‍ക്കു ശേഷം തിരികെ ഞാന്‍ നാട്ടിലേക്കെത്തി. പാട്ടിന്റെ ഒരു രൂപരേഖ മനസ്സിലുണ്ടായിരുന്നെങ്കിലും അതൊന്നുകൂടി എഴുതി മിനുക്കണം എന്നായിരുന്നു എന്റെ മനസ്സില്‍,' കൈതപ്രം പറയുന്നു. 'മറ്റ് ഗാനങ്ങള്‍പോലെ ലളിതമായി എഴുതിപോകാന്‍ കഴിയുന്ന സന്ദര്‍ഭം അല്ലല്ലോ അത്. അതുകൊണ്ടുതന്നെയാണ് സമയമെടുത്ത് എഴുതാം എന്ന തീരുമാനത്തില്‍ എത്തിയത്. സംഗീത പ്രാധാന്യമുള്ള സിനിമയാണെന്ന് അറിഞ്ഞതു മുതല്‍ യേശുദാസും ഞങ്ങള്‍ക്കൊപ്പം തന്നെയുണ്ട്. ഇതിനിടയില്‍ തലശ്ശേരിയില്‍ ഒരു കച്ചേരിക്ക് എത്തിയപ്പോള്‍ ദാസേട്ടന്‍ എന്നെ വിളിച്ചു. എഴുതിയത് വായിക്കാനുള്ള ആവേശമായിരുന്നു ആ മനസ്സില്‍. അന്ന് ഈ പാട്ടിനെക്കുറിച്ച് ഞങ്ങള്‍ കുറേ ചര്‍ച്ച ചെയ്തു. പിന്നെ പ്രശസ്ത സംഗീതജ്ഞന്‍ ടി.വി.ഗോപാലകൃഷ്ണന്‍ സാറിനോടും ചില സംശയങ്ങള്‍ ചോദിച്ചിരുന്നു. അത്രയേറെ മുന്നൊരുക്കം വേണ്ടി വന്നു ആ ഗാനത്തിന്. പാട്ടെഴുതി രവിയേട്ടന്റെ കൈയില്‍ കൊടുക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് വലിയ ആവേശമായിരുന്നു. അദ്ദേഹത്തിന്റെ പ്രതിഭ നിറഞ്ഞു നില്‍ക്കുന്ന ഗാനമല്ലേ അത്.' 

'സിബിയും ലോഹിയുമൊക്കെ പ്രതീക്ഷിച്ചതും ഇതുതന്നെയായിരുന്നു. എല്ലാ സ്വരങ്ങളും പ്രകൃതിയില്‍ നിന്നുണ്ടായതാണല്ലോ. ആ പാട്ടിന്റെ വരികളിലും പറയുന്നത് അതു തന്നെയാണ്. രണ്ടുപേരും മത്സരിച്ചു പാടുമ്പോഴും സന്തോഷത്തോടെയാണല്ലോ അവര്‍ പിരിയുന്നത്. അവസാനഭാഗത്ത് പാടുന്നതും അതു തന്നെയാണ്. എല്ലാ സംഗീതവും ഒന്നാണ്. ആനന്ദമാണ് സംഗീതം.' 

'ആ പാട്ടില്‍ അഭിനയിക്കാനുമൊരു ഭാഗ്യം എനിക്കു കിട്ടി. ദിവസങ്ങളോളം എടുത്താണ് അത് ചിത്രീകരിച്ചത്. ലാല്‍ പാട്ട് നന്നായി മനസ്സിലാക്കിയ ശേഷമാണ് ക്യാമറയ്ക്കു മുന്നിലേക്ക് എത്തിയത്. അതിന് എത്ര മനോഹരമായാണ് അദ്ദേഹം ചുണ്ടനക്കിയിരിക്കുന്നത്, കൈതപ്രം പറയുന്നു. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com