ജനുവരി മുതൽ ഐഎംഇഐ നമ്പർ കേന്ദ്ര പോർട്ടലിലേക്ക്
Mail This Article
ന്യൂഡൽഹി∙ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി 2023 ജനുവരി ഒന്നു മുതൽ ഇന്ത്യയിൽ നിർമിക്കുന്ന എല്ലാ മൊബൈൽ ഫോണുകളുടെയും ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്വിപ്മെന്റ് ഐഡന്റിറ്റി) നമ്പർ നിർമാതാക്കൾ കേന്ദ്ര പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കി. ഇറക്കുമതി ചെയ്യുന്ന ഫോണുകൾക്ക് ഇന്നലെ മുതൽ ഇത് ബാധകമായി.
ഫോണുകൾ ട്രാക് ചെയ്യാനും മറ്റും സുരക്ഷാ ഏജൻസികൾ ആശ്രയിക്കുന്നത് ഫോണിന്റെ ഐഎംഇഐ നമ്പറാണ്. വ്യാജ ഇലക്ട്രോണിക് ഉപകരണങ്ങൾ തടയാനുള്ള കൗണ്ടർഫീറ്റഡ് ഡിവൈസ് റെസ്ട്രിക്ഷൻ (ഐസിഡിആർ) പോർട്ടലിലാണ് ഐഎംഇഐ വിവരം കമ്പനികൾ നൽകേണ്ടത്.
എന്തുകൊണ്ട്?
ഓരോ ഫോണിനും ഐഎംഇഐ നമ്പർ സവിശേഷമാണെങ്കിലും (ഡ്യുവൽ സിം ഫോണുകൾ 2 ഐഎംഇഐ നമ്പറുണ്ടാകും) ക്രമക്കേടിലൂടെ ഒരേ ഐഎംഇഐ നമ്പറുകൾ പല ഫോണുകൾക്കും നൽകുന്ന രീതിയുമുണ്ട്. 2020ൽ മീററ്റിൽ ഒരേ ഐഎംഇഐ നമ്പറുള്ള 13,000 ഫോണുകൾ കണ്ടെത്തിയിരുന്നു. ഇതു തടയാനാണ് നീക്കം. ഫോണിന്റെ ഐഎംഇഐ നമ്പർ അറിയാൻ *#06# എന്ന നമ്പർ ഡയൽ ചെയ്താൽ മതി.