വർഷം 4 കഴിഞ്ഞിട്ടും പിടിവിടാതെ കോവിഡ്: അനന്തരം അതികഠിനം
Mail This Article
നമ്മുടെ ജീവനെയും ജീവിതത്തെയും കോവിഡ് ബാധിച്ചിട്ട് നാലു വർഷം പിന്നിടുന്നു. ഇതിനിടെ കൊറോണ വൈറസിന്റെ വകഭേദങ്ങൾ മാറിമാറി വന്നു. ഏറ്റവും പുതിയത് ഈയിടെ കേരളത്തിൽ സ്ഥിരീകരിച്ച ജെഎൻ1. ഇത്തരം വകഭേദങ്ങൾ ഇനിയും വരുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കോവിഡ് നമ്മുടെ ആരോഗ്യത്തെ, അവയവങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. കോവിഡ് വന്നു മാറി വർഷങ്ങൾക്കു ശേഷവും അനന്തരപ്രശ്നങ്ങൾ (ലോങ് കോവിഡ്) തുടരുന്നു.
‘വല്ലാത്ത ക്ഷീണം, ഒന്നും ചെയ്യാൻ വയ്യ’
നമ്മളിൽ ചിലർക്ക് ഇപ്പോൾ ഈ പ്രശ്നമുണ്ട്. ഊർജവും ഉന്മേഷവും തീരെയില്ലാത്തപോലെ തോന്നുക, ഉറക്കം തൂങ്ങുക, ചെറുതായി അധ്വാനിക്കുമ്പോൾതന്നെ ബുദ്ധിമുട്ടനുഭവപ്പെടുക, സാധാരണഗതിയിൽ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ തോന്നാതിരിക്കുക, ഒന്നും ചെയ്യാൻ താൽപര്യമില്ലാതിരിക്കുക, ഭാരക്കുറവ് അനുഭവപ്പെടുക...
പ്രത്യേകിച്ചു കാരണങ്ങളൊന്നുമില്ലാതെയുള്ള ഇത്തരം ബുദ്ധിമുട്ടുകൾ കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ്. കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങളുള്ളവരിൽ 90% പേർക്കും ‘ക്രോണിക് ഫറ്റീഗ് സിൻഡ്രോം’ അഥവാ ‘മയാൾജിക് എൻസഫലോമൈലൈറ്റിസ്’ എന്നു ശാസ്ത്രസമൂഹം വിളിക്കുന്ന ഈ ബുദ്ധിമുട്ടുണ്ട്. ശരീരവേദനയും വിട്ടുമാറാത്ത ക്ഷീണവുമുണ്ടാകും.
ഇതിനു കാരണങ്ങൾ പലതുണ്ട്. രോഗപ്രതിരോധത്തിന്റെ ഭാഗമായി ശരീരത്തിലുണ്ടാകുന്ന ഇൻഫ്ലമേഷൻ (നീർക്കെട്ട്) ആണ് ഒരു കാരണം. കോശത്തിന്റെ ഊർജോൽപാദന കേന്ദ്രമായ മൈറ്റോകോൺഡ്രിയയെ കൊറോണ വൈറസ് ആക്രമിക്കുന്നതു മറ്റൊരു കാരണം. മൈറ്റോകോൺഡ്രിയയുടെ ഘടനയിൽ കൊറോണ വൈറസ് മാറ്റങ്ങൾ വരുത്തും.
വൈദ്യുതനിലയത്തിലെ വയറിങ്ങുകൾ പുറത്തു നിന്നൊരാൾ നശിപ്പിച്ചാൽ എന്തു സംഭവിക്കും? വൈദ്യുതോൽപാദനം തടസ്സപ്പെടും. മൈറ്റോകോൺഡ്രിയയുടെ ഡിഎൻഎയിൽ വൈറസ് മാറ്റം വരുത്തുമ്പോഴും ഇതു തന്നെയാണു സംഭവിക്കുന്നത്. കോശങ്ങളിലെ ഊർജോൽപാദനം തടസ്സപ്പെട്ടു ശരീരക്ഷീണമുൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടാകും.
മസ്തിഷ്കത്തിലെ മൂടൽമഞ്ഞ്
ഓർമിക്കാൻ കഴിയുന്നില്ല, ജോലിയിൽ ശരിയായ രീതിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല, സംഭാഷണത്തിനിടെ ഉചിതമായ വാക്ക് കിട്ടുന്നില്ല... ഇങ്ങനെ പ്രത്യക്ഷത്തിൽ വലിയ കാര്യമാണെന്നു തോന്നാത്ത ചില പ്രശ്നങ്ങളും നമുക്കുണ്ട്. പക്ഷേ, കാര്യം അത്ര നിസ്സാരമല്ല; ഇത്തരം ലോങ് കോവിഡ് പ്രശ്നങ്ങളെയെല്ലാം ഒറ്റപ്പേരിട്ടാണു വിളിക്കുന്നത്: ‘ബ്രെയിൻ ഫോഗ്’.
ഹ്രസ്വകാലത്തെ ബ്രെയിൻ ഫോഗ് നമ്മുടെ ദൈനംദിന ജീവിതത്തെയും ജോലിയെയും ജീവിതനിലവാരത്തെയും ബാധിക്കാം. എന്നാൽ, ദീർഘകാലം തുടർന്നാൽ ഇതു ഡിമെൻഷ്യ പോലുള്ള ഗുരുതര പ്രശ്നങ്ങളിലേക്കു നീങ്ങാം. ചിന്താശേഷിയെപ്പോലും ബാധിക്കുന്ന തരത്തിൽ കോവിഡ് നമ്മുടെ മസ്തിഷ്കത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നതിന്റെ സൂചനയാണിത്.
ലോങ് കോവിഡ്
കോവിഡ് ബാധയ്ക്കുശേഷം ആഴ്ചകളോ മാസങ്ങളോ ചിലപ്പോൾ വർഷങ്ങൾ തന്നെയോ നീണ്ടുനിന്നേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളാണു ലോങ് കോവിഡ്. കോവിഡ് ബാധ ഗുരുതരമായവർക്കാണ് അനന്തര ആരോഗ്യപ്രശ്നങ്ങൾ കൂടുതലായി ഉണ്ടാകാൻ സാധ്യത. സമൂഹവ്യാപനത്തിന്റെ ഘട്ടത്തിൽ അറിയാതെതന്നെ കൊറോണ വൈറസ് ബാധിതരായിരിക്കാമെന്നതിനാൽ ആർക്കും ഈ പ്രശ്നങ്ങളുണ്ടാകാം. കൊറോണ വൈറസ് വീണ്ടും വീണ്ടും ബാധിക്കുന്നതു ലോങ് കോവിഡ് സാധ്യതകൾ കൂട്ടുമെന്നു ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നു.
ലോകത്ത് ഏറ്റവും കുറഞ്ഞത് 6.5 കോടി ജനങ്ങളെങ്കിലും ലോങ് കോവിഡ് മൂലമുള്ള പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നുവെന്നാണു കണക്കുകൾ. കോവിഡ് പരിശോധനകളിലൂടെ സ്ഥിരീകരിച്ച 65 കോടിയാളുകളിൽ 10% പേർക്കു കോവിഡ് അനന്തര പ്രശ്നങ്ങളുണ്ട്. കോവിഡ് ബാധിതരായ എല്ലാവരെയും പരിശോധനയിലൂടെ കണ്ടെത്താൻ സാധിച്ചിട്ടില്ലാത്തതിനാൽ ഈ എണ്ണം കൂടാനാണു സാധ്യത. ഏകദേശം 200 ലക്ഷണങ്ങളെങ്കിലും ലോങ് കോവിഡിനുണ്ടെന്നാണു പഠനങ്ങൾ പറയുന്നത്.
കൊറോണ വൈറസിനെതിരെ നമ്മുടെ രോഗപ്രതിരോധ ശേഷി പ്രവർത്തിക്കുമ്പോൾ ശരീരത്തിൽ ഇൻഫ്ലമേഷൻ (നീർക്കെട്ട്) ഉണ്ടാകും. സാധാരണഗതിയിൽ വൈറസ് നശിക്കുന്നതോടെ ഇതു കുറയുകയും ഇല്ലാതാകുകയും ചെയ്യും. എന്നാൽ, ചിലരിൽ ഈ ഇൻഫ്ലമേഷൻ നീണ്ടുനിൽക്കുകയും അതു ലോങ് കോവിഡ് പ്രശ്നങ്ങളായി മാറുകയും ചെയ്യും.
ഡോ. പത്മനാഭ ഷേണായി, പൊതുജനാരോഗ്യ വിദഗ്ധൻ
ഒരു വർഷം കഴിഞ്ഞിട്ടും മാറാതെ
കൊച്ചി അമൃത ആശുപത്രിയിൽ നടന്ന പഠനത്തിൽ പറയുന്നത്: കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയവരിൽ 32.8% പേർക്കും രോഗം മാറി ഒരു വർഷത്തിനു ശേഷവും അനന്തര ആരോഗ്യപ്രശ്നങ്ങൾ തുടരുന്നു. 120 പേരിലാണ് അമൃതയിലെ ഇന്റേണൽ മെഡിസിൻ വിഭാഗം ഡോക്ടർമാർ പഠനം നടത്തിയത്.
പ്രമേഹം, രക്തസമ്മർദം, കരളിന്റെ അസുഖങ്ങൾ, ആസ്മ തുടങ്ങിയവയുള്ളവരെ കോവിഡ് ബാധിക്കുമ്പോൾ അവരിൽ ആരോഗ്യ പ്രശ്നങ്ങൾ കൂടുതൽകാലം നീണ്ടുനിൽക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ, കഴിഞ്ഞ ആറു മാസമായി കോവിഡ് അനന്തര പ്രശ്നങ്ങൾക്കു ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായി കുറവുണ്ടായിട്ടുണ്ടെന്നു ഡോക്ടർമാർ പറയുന്നു.
പ്രശ്നങ്ങൾ തുടർന്നത് ഇങ്ങനെ
രണ്ടാഴ്ചയ്ക്കു ശേഷം– 78.3%*
ആറാഴ്ചയ്ക്കു ശേഷം– 60.8%
ഒരു വർഷത്തിനു ശേഷം– 32.8%
* കോവിഡ് നെഗറ്റീവായ ശേഷവും തുടരുന്ന ലക്ഷണങ്ങൾ
പ്രധാന ആരോഗ്യ പ്രശ്നങ്ങൾ
∙ ക്ഷീണം, ശരീരവേദന, ശരീരഭാരം കുറയുന്നത്, വിശപ്പ് കുറവ്– 16%
∙ ശ്വാസംമുട്ടൽ, ചുമ– 8%
∙ പേശീവേദന, സന്ധിവേദന– 2.5%
∙ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ– 1.7%
∙ ത്വക്ക് പ്രശ്നങ്ങൾ– 0.8%
∙ മാനസികാരോഗ്യ പ്രശ്നങ്ങൾ– 2.5%
സാധാരണഗതിയിൽ വൈറൽ പനി ബാധിച്ചാൽ രണ്ടാഴ്ച ക്ഷീണമുണ്ടാകും. പിന്നീട് അതു മാറും. പക്ഷേ, കോവിഡ് ബാധിച്ചു കഴിഞ്ഞാൽ അതിന്റെ ബുദ്ധിമുട്ടുകൾ ഘട്ടം ഘട്ടമായി മാത്രമേ മാറുന്നുള്ളൂ. ക്ഷീണം, ശരീരവേദന തുടങ്ങി ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണു കൂടുതൽ പേരിലും തുടരുന്നത്.
ഡോ. ദീപു ടി. സത്യപാലൻ, അസോഷ്യേറ്റ് പ്രഫസർ, പകർച്ചവ്യാധി വിഭാഗം, ഇന്റേണൽ മെഡിസിൻ, അമൃത ആശുപത്രി, കൊച്ചി.
നാളെ: കുഴഞ്ഞു വീണുള്ള മരണവും കുറയുന്ന കാര്യക്ഷമതയും