വാടിക്കരിഞ്ഞ് ഉദ്യാന നഗരം
Mail This Article
ആപ്പും ഐടി സൊലൂഷനും പുറത്തിറക്കി എന്തിനുമേതിനും പരിഹാരം കണ്ടെത്തുന്ന ‘സിലിക്കൺവാലി’യാണെങ്കിലും ബെംഗളൂരുവിലെ ജലക്ഷാമത്തിനു മാത്രം ഇനിയും പരിഹാരമില്ല. 4 പതിറ്റാണ്ടിനിടെയുള്ള വലിയ ദുരന്തത്തെ നേരിടുകയാണു നഗരം. ജല അതോറിറ്റി പൈപ്പുകളിലൂടെ കാവേരി ജലം എത്താത്ത മേഖലകളിലാണു ദുരിതമേറെ. നഗരത്തിലെ 1.14 കോടി ജനങ്ങൾക്ക് പ്രതിദിനം 200 കോടി ലീറ്റർ ജലമാണു വേണ്ടത്. ഇതിൽ 145 കോടി ലീറ്റർ ജലം 120 കിലോമീറ്റർ അകലെയുള്ള മണ്ഡ്യ കെആർഎസ് അണക്കെട്ടിൽനിന്നു പൈപ്പുകളിലൂടെ ലഭ്യമാക്കും. ബാക്കി 55 കോടി ലീറ്ററിന് കുഴൽക്കിണറുകളാണ് ആശ്രയം. ഇക്കുറി കാലവർഷം ചതിച്ചതോടെ ജലനിരപ്പ് താഴ്ന്നു. നഗരത്തിലെ 13,900 കുഴൽക്കിണറുകളിൽ 7000 എണ്ണവും പൂർണമായി വറ്റിവരണ്ടു.
കുളി തീക്കളി
ലോറികളിൽ എത്തിക്കുന്ന ടാങ്കർ ജലം കൂടുതൽ പണം കൊടുക്കാൻ തയാറായാലും കിട്ടാനില്ലെന്ന് ഇലക്ട്രോണിക് സിറ്റിക്കു സമീപം ബൊമ്മസന്ദ്രയിൽ താമസിക്കുന്ന ഡോ. സൂസൻ കുര്യൻ പറഞ്ഞു. കുളിക്കാൻ ദൂരെ കൂട്ടുകാരുടെ അപ്പാർട്മെന്റുകൾ തേടിപ്പോകേണ്ട അവസ്ഥയാണ്. പരീക്ഷ കഴിഞ്ഞ് മകന്റെ സ്കൂൾ അടയ്ക്കാനുള്ള കാത്തിരിപ്പാണ്. കുട്ടിയെ നാട്ടിൽ വിട്ടാൽ അത്ര കുറച്ചു മതിയല്ലോ വെള്ളമെന്ന ചിന്തയാണ്.
താമസിക്കുന്ന ലേഒൗട്ടിലെ 100 പ്ലോട്ടുകളിലായി 120 കുഴൽക്കിണറെങ്കിലുമുണ്ട്. ഒന്നിലും വെള്ളമില്ലാത്ത അവസ്ഥ. കുടിക്കാനുള്ള വെള്ളത്തിന് 40–60 രൂപ വിലയുള്ള കാനുകളാണ് ആശ്രയം. അതും ഇപ്പോൾ വേണ്ടത്ര ലഭിക്കുന്നില്ലെന്ന് സൂസൻ പറഞ്ഞു. ഇപ്പോഴത്തെ അവസ്ഥയിൽ ഒന്നിടവിട്ട ദിവസങ്ങളിലേ കുളി സാധ്യമാകൂ.
പോക്കറ്റ് ഊറ്റൽ
ജലമാഫിയയെ നേരിടാൻ ടാങ്കർ ലോറികൾക്കു റജിസ്ട്രേഷൻ കർശനമാക്കിയ നഗരസഭ, ടാങ്കർ ജലത്തിന് 6000 ലീറ്ററിന് 600 രൂപയായും 12,000 ലീറ്ററിന് 1200 രൂപയായും വിലനിയന്ത്രണമേർപ്പെടുത്തി. ഈ ഉത്തരവു കാറ്റിൽപറത്തി 3500 രൂപ വരെയാണ് ഈടാക്കുന്നത്. നഗരത്തിലെ 3500 ടാങ്കറുകളിൽ 1530 എണ്ണം മാത്രമാണു റജിസ്റ്റർ ചെയ്യാൻ തയാറായത്.
ഇതിനിടെ ബെംഗളൂരു ജല അതോറിറ്റി 200 ടാങ്കറുകൾ വാടകയ്ക്കെടുത്ത് ജലവിതരണം നടത്തുന്നുണ്ട്.
വെള്ളം കാത്ത്
ശുദ്ധജല ആർഒ (റിവേഴ്സ് ഓസ്മോസിസ്) പ്ലാന്റുകളുടെ പ്രവർത്തനം അവതാളത്തിലായി. വാട്ടർ കാനുകൾ കിട്ടാനില്ലെന്ന് കെആർ പുരത്തു താമസിക്കുന്ന ഐടി കമ്പനി ജീവനക്കാരൻ സുമോദ് പറഞ്ഞു.
ശുദ്ധജല കിയോസ്കുകൾക്കു മുന്നിൽ ക്യൂ നിൽക്കേണ്ട സാഹചര്യമാണ്. അടുക്കളകളിൽ പാചകത്തിനും പാത്രം കഴുകാനും വെള്ളമില്ലാത്തതിനാൽ ഒട്ടേറെപ്പേർ പാഴ്സൽ ഭക്ഷണത്തിലേക്കു മാറി. ഹോട്ടലുകളിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഡിസ്പോസബിൾ ഗ്ലാസും പ്ലേറ്റുമാക്കി.
ചില സ്കൂളുകൾ വേനലവധി നേരത്തേയാക്കി, ഓൺലൈൻ ക്ലാസുകളിലേക്കു തിരിഞ്ഞു. പരീക്ഷകൾ നടക്കുന്നതിനാൽ പൂട്ടാൻ നിവൃത്തിയില്ലാത്ത സ്കൂളുകൾ സബ്സിഡി നിരക്കിൽ ജലം ലഭ്യമാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോളജിൽനിന്നു തിരിച്ചെത്തുമ്പോൾ എസ്ജി പാളയയിലെ ഫ്ലാറ്റിൽ തുള്ളി വെള്ളമില്ലാത്ത സാഹചര്യമാണെന്ന് ക്രൈസ്റ്റ് സർവകലാശാലാ വിദ്യാർഥിയും പത്തനംതിട്ട സ്വദേശിയുമായ ശിഖ ജോർജ് സോഫൻ പറഞ്ഞു. വിദ്യാർഥികളും ജോലിക്കാരായ സ്ത്രീകളുമാണ് ഇവിടെ 20 ഫ്ലാറ്റുകളിലായി താമസിക്കുന്നത്. ഒരു മാസമായി കുഴൽക്കിണറിൽ വെള്ളമില്ല. ടാങ്കർ ജലത്തെയാണു പൂർണമായും ആശ്രയിക്കുന്നത്. കോളജിൽ പോയ ശേഷമാണു ടാങ്കർ എത്തുന്നത്. തിരിച്ചെത്തുമ്പോൾ സംപിലെ (ഭൂഗർഭ ജലസംഭരണി) വെള്ളം തീർന്നിരിക്കുമെന്നും ശിഖ പറഞ്ഞു.
പാഴാക്കിയാൽ പിഴ
ശുദ്ധജലം വാഹനം കഴുകാനും ചെടി നനയ്ക്കാനും കെട്ടിടനിർമാണത്തിനും സ്വിമ്മിങ് പൂളിലും ഉപയോഗിച്ചാൽ 5000 രൂപ പിഴ ഈടാക്കുമെന്ന് ജല അതോറിറ്റി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ജലം പാഴാക്കുന്നതു ശ്രദ്ധയിൽപെട്ടാൽ അറിയിക്കാൻ ഹെൽപ്‌ലൈനും (1916) ആരംഭിച്ചു.
ജലദുരുപയോഗത്തിനു പിഴ ചുമത്തുമെന്ന് റസിഡന്റ്സ് അസോസിയേഷനുകളും മുന്നറിയിപ്പു നൽകി. സുരക്ഷാ ജീവനക്കാരെ ഇതിനായി നിയോഗിച്ചു.
ഒരു മാസം 2 കോടി ലീറ്ററിലേറെ ജലം വേണ്ട ആശുപത്രികളും റെയിൽവേയും ഉൾപ്പെടെ വൻകിട ഉപയോക്താക്കൾക്കുള്ള ജലവിഹിതത്തിൽ 20% കുറവു വരുത്തി.
ഇനി അളന്നു മാത്രം
ബെംഗളൂരുവിൽ സാധാരണ ഫ്ലാറ്റുകളിലും മറ്റും വെവ്വേറെ വാട്ടർ മീറ്റർ വയ്ക്കുന്ന രീതിയില്ല. മൊത്തം ജലവിനിയോഗത്തിന്റെ ചെലവ് താമസക്കാർ പങ്കിടും. എന്നാൽ, ഇപ്പോൾ കെട്ടിടമുടമകൾ വെവ്വേറെ വാട്ടർ മീറ്റർ വയ്ക്കാൻ തുടങ്ങിയതായി വൈറ്റ്ഫീൽഡ് ഹൂഡിയിൽ താമസിക്കുന്ന ഇന്റർനെറ്റ് കമ്പനി പ്രോജക്ട് മാനേജർ അഷാദ് അമീൻ പറഞ്ഞു.
വലിയ അപ്പാർട്മെന്റുകളിൽ ജലം എത്തിക്കാനേ ടാങ്കർലോറിക്കാർക്കു താൽപര്യമുള്ളൂ. അപ്പാർട്മെന്റുകളുമായി ഇവർക്ക് വർഷം മുഴുവൻ നീളുന്ന കരാറുണ്ട്.
മാളിലെ ശുചിമുറിയിൽ പരമാവധി 5 മിനിറ്റ്
മാളുകളിലെ ശുചിമുറി ഒരാൾ 5 മിനിറ്റിലേറെ ഉപയോഗിക്കുന്നില്ലെന്ന് സുരക്ഷാ ജീവനക്കാർ ഉറപ്പാക്കുന്നുണ്ട്. നഗരവാസികൾ കുളിക്കാനായി മാളുകളെ ആശ്രയിക്കുന്നെന്ന സമൂഹമാധ്യമ പ്രചാരണത്തെത്തുടർന്നാണിത്. നഗരത്തിലെ ഭൂരിപക്ഷം മാളുകളിലും കുളിക്കാൻ സൗകര്യമുള്ള ശുചിമുറികളില്ല.
ജീവനക്കാർ തേടുന്നു ‘വർക് ഫ്രം ഹോം’
ഐടി മേഖലയിലെ ഉൾപ്പെടെ ബഹുരാഷ്ട്ര കമ്പനി ജീവനക്കാർ നാട്ടിൽനിന്നു ജോലി ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് സമൂഹമാധ്യമ പ്രചാരണം സജീവമാക്കി. മിക്ക കമ്പനികളും ‘വർക് ഫ്രം ഹോം’ നിർത്തി ജീവനക്കാരോട് ഓഫിസിലേക്കു മടങ്ങാൻ നിർദേശം നൽകിവരുന്നതിനിടെയാണിത്.
പൂന്തോട്ടമല്ല, കോൺക്രീറ്റ് കാട്
പൂന്തോട്ടങ്ങളുടെ നഗരമായ ബെംഗളൂരു വറ്റിവരണ്ടതിന്റെ കാരണമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) കണ്ടെത്തിയത് നിയന്ത്രണമില്ലാത്ത കോൺക്രീറ്റ് നിർമിതികളാണ്. 1973ൽ നഗരത്തിൽ 8% ആയിരുന്നു കോൺക്രീറ്റ് കെട്ടിടങ്ങൾ. എന്നാൽ, നിലവിൽ ഭൂഗർഭ ജലവിതാനത്തെ ബാധിക്കുന്ന വിധത്തിൽ നഗരം 80% കോൺക്രീറ്റ് കാടായി മാറി.
തടാകങ്ങളിൽ ശേഷിക്കുന്ന 90% ജലവും മലിനമാണ്; ജലജീവികൾക്കുപോലും അതിജീവനം അസാധ്യം.
മലിനജല സംസ്കരണ പ്ലാന്റുകളിൽ ശുദ്ധീകരിക്കുന്ന ജലം ഉപയോഗിച്ച് തടാകങ്ങളും തണ്ണീർത്തടങ്ങളും കുഴൽക്കിണറുകളും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് ജല അതോറിറ്റി. ഇത്തരത്തിൽ 1300 ദശലക്ഷം ലീറ്റർ ജലം കുഴൽക്കിണറുകളിൽ നിറയ്ക്കാനാണു തീരുമാനം.