വിജയമായത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ; ആശംസകളുമായി ലോകനേതാക്കൾ
Mail This Article
ന്യൂഡൽഹി ∙ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പു പ്രക്രിയ വിജയകരമായി പൂർത്തിയായതിലും പുതിയ സർക്കാരിന്റെ സ്ഥാനാരോഹണത്തിലും ആശംസകളുമായി ലോകനേതാക്കൾ. പൊതുതിരഞ്ഞെടുപ്പിൽ 64.2 കോടി പേർ സമ്മതിദാനാവകാശം നിർവഹിച്ചതായാണ് കണക്കുകൾ. ഏപ്രിൽ 19 മുതൽ ഏഴു ഘട്ടങ്ങളിലായി നടന്ന ജനാധിപത്യത്തിലെ ഈ വലിയ ഉത്സവത്തിൽ 96.8 കോടി വോട്ടർമാരിൽ 65.79 ശതമാനം പേരും വോട്ടു രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി സർക്കാർ മൂന്നാമതും അധികാരമേറ്റ ഡൽഹിയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഭൂട്ടാൻ, നേപ്പാൾ, മൊറീഷ്യസ്, സെയ്ഷെൽസ്, മാലദ്വീപ് ഉൾപ്പെടെ ഏഴു അയൽരാജ്യങ്ങളിലെ നേതാക്കൾ പങ്കെടുത്തിരുന്നു. ലോകത്തിലെ ഏറ്റവും വിപുലമായ ജനാധിപത്യ പ്രക്രിയ പൂർത്തിയാക്കിയതിൽ വിവിധ ലോകനേതാക്കൾ രാജ്യത്തിന് ആശംസകളും നേർന്നു.
ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചതിനൊപ്പം ഇന്ത്യയും യുകെയും തമ്മിലുള്ള അഗാധ സൗഹൃദം എന്നും തുടരുമെന്നും എക്സിൽ കുറിച്ചു. മനുഷ്യാവകാശം, നിയമവാഴ്ച തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയുള്ള പ്രവർത്തനങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കാനാകുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എക്സിൽ അഭിനന്ദനസന്ദേശത്തിൽ പറഞ്ഞു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ‘ഹൊറൈസൺ 2047’ പദ്ധതിക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തവും നിർണായകവുമായ സഹകരണം ഉറപ്പാക്കാമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ നടത്തിയ സംഭാഷണത്തിൽ പറഞ്ഞു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണത്തിന്റെ നൂറാം വാർഷികത്തിനും സൈനികസഹകരണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തെയും ബന്ധപ്പെട്ടുള്ളതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ‘ഹൊറൈസൺ 2047’ സഹകരണ പദ്ധതി.
ഇന്ത്യൻ ജനാധിപത്യത്തിന്റെയും തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെയും ശക്തി പരാമർശിച്ചായിരുന്നു സ്വിറ്റ്സർലാൻഡ് പ്രസിഡന്റ് വയോള ആംഹേർഡ് എക്സിൽ കുറിപ്പിട്ടത്. ഇന്ത്യയും യെമനും തമ്മിലുള്ള ചരിത്രപരമായ സഹകരണം എടുത്തുപറഞ്ഞ യെമൻ പ്രധാനമന്ത്രി അഹമദ് എ.ബിൻ മുബാറക്, നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ സഹകരണത്തെയും ബന്ധത്തെയും സൂചിപ്പിച്ചാണ് എക്സിൽ കുറിപ്പിട്ടത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുമായുള്ള സഹകരണത്തിൽ വിശ്വാസമുണ്ടെന്നും ഇരുരാജ്യങ്ങളും തമ്മിൽ എല്ലാ മേഖലകളിലും ശക്തമായ സഹകരണം പ്രതീക്ഷിക്കുന്നതായുമാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദനസന്ദേശത്തിൽ പറഞ്ഞത്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ ജനതയുടെ ശബ്ദത്തെ ‘യൂറോപ്യൻ കമ്മിഷൻ’ ആഘോഷിക്കുന്നതായാണ് ‘യൂറോപ്യൻ കമ്മിഷൻ’ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ എക്സിൽ കുറിച്ചത്. ഭൂട്ടാനും ‘ഭാരതും’ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നു പ്രതീക്ഷിക്കുന്നതായി ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ അഭിനന്ദനസന്ദേശത്തിൽ എക്സിൽ കുറിച്ചു.
അയൽരാജ്യമെന്ന നിലയിൽ ഇന്ത്യയുമായി ശക്തമായ സഹകരണം തുടരാനാകുമെന്ന പ്രതീക്ഷയാണ് അഭിനന്ദനസന്ദേശത്തിൽ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ സൂചിപ്പിച്ചത്. മൊറീഷ്യസും ഇന്ത്യയുമായി തുടരുന്ന പ്രത്യേക സഹകരണവും സൗഹൃദവും ഭാവിയിൽ കൂടുതൽ മികച്ച രീതിയിൽ മുന്നോട്ടുപോകുമെന്ന് മൊറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്‍നാഥ് എക്സിലെ അഭിനന്ദനസന്ദേശത്തിൽ കുറിച്ചു.
ലോകത്തെ വലിയ ജനാധിപത്യ രാജ്യത്ത് നടന്ന തിരഞ്ഞെടുപ്പ് മികച്ച രീതിയിൽ പൂർത്തിയായതിൽ അഭിനന്ദനം വ്യക്തമാക്കിയ നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ ദഹൽ പ്രചണ്ഡ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാകുമെന്ന് സൂചിപ്പിച്ചു. മൂന്നാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സ്ഥിരതയോടെ മുന്നോട്ടു കൊണ്ടുപോകാനാകുമെന്ന പ്രതീക്ഷയാണ് എക്സിലെ കുറിപ്പിൽ വ്യക്തമാക്കിയത്.
ആഗോളരംഗത്ത് ആരോഗ്യം, കൃഷി, സ്ത്രീശാക്തീകരണം, ഡിജിറ്റൽ വികസനം തുടങ്ങിയ രംഗങ്ങളിൽ ശക്തമായ സാന്നിധ്യമാകാൻ ഇന്ത്യയെ പ്രാപ്തമാക്കിയ നരേന്ദ്രമോദിക്ക് അഭിനന്ദനം എന്നാണ് മൈക്രോസോഫ്റ്റ് സ്ഥാപക സിഇഒ ബിൽ ഗേറ്റ്സ് എക്സിൽ കുറിച്ചത്. ഇന്ത്യയിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന ടെസ്‌ല കമ്പനികൾക്ക് കൂടുതൽ മികച്ച രീതിയിൽ മുന്നോട്ടുപോകാനാകുമെന്ന പ്രതീക്ഷയാണ് ടെസ്‌ല മോട്ടോഴ്സ് സിഇഒ ഇലോൺ മസ്ക് എക്സിൽ സൂചിപ്പിച്ചത്.