ADVERTISEMENT

രാജ്യത്തിന്റെയാകെ നൊമ്പരമായി മാറിയ വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായ ടൗൺഷിപ്പിന് ഇന്നു കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുകയാണ്. പ്രതീക്ഷിച്ചതിലും കുറച്ചു വൈകിയെങ്കിലും, മഹാദുരന്തമുണ്ടായി 8 മാസത്തിനുള്ളിൽ ടൗൺഷിപ് പദ്ധതിയുടെ പ്രധാന കടമ്പ പൂർത്തിയാക്കാനായതിൽ സംസ്ഥാന സർക്കാരിനു തീർച്ചയായും അഭിമാനിക്കാം. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നിൽ വേരറ്റു പലയിടങ്ങളിലായി ചിതറിത്തെറിച്ചുപോയവർക്കു ജന്മനാട്ടിൽ തന്നെ പുതിയ വീടുകളുയരുമ്പോൾ ഒരു നാടിന്റെ മുഴുവൻ പ്രാർഥനകളും പിന്തുണയും ഈ അതിജീവന മഹാദൗത്യത്തിനൊപ്പമുണ്ട്.

2024 ജൂലൈ 30നു മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ 298 പേർ മരിച്ചുവെന്നാണു സർക്കാർ കണക്ക്. അധ്വാനിച്ചുണ്ടാക്കിയതെല്ലാം നഷ്ടമായ ഒട്ടേറെപ്പേർ ജീവൻ മാത്രം ബാക്കിയാക്കി ഇന്നും വാടകവീടുകളിൽ കഴിയുന്നു. ദുരന്തത്തിൽ 2219 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണു കേന്ദ്രസർക്കാരിനു സംസ്ഥാനം നൽകിയ റിപ്പോർട്ട്. സാമ്പത്തികനഷ്ടത്തിനപ്പുറം, സാമൂഹികമായും സാംസ്കാരികമായും മാനസികമായുമെല്ലാം ദുരന്തബാധിതർ നേരിടുന്ന വെല്ലുവിളികൾക്കും കേരളം ഒത്തൊരുമിച്ചുനിന്നു പരിഹാരം കാണേണ്ടതുണ്ട്.

 നിലവിൽ 242 കുടുംബങ്ങളാണു സർക്കാർ തയാറാക്കിയ ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലുള്ളത്. ഏറ്റവുമൊടുവിലെ കണക്കുപ്രകാരം ഇതിൽ‌ 235 പേർ എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിൽ വീടിനായി സമ്മതപത്രം നൽകിക്കഴിഞ്ഞു. ശേഷിക്കുന്നവരും വൈകാതെ സമ്മതമറിയിക്കും. അവർക്കെല്ലാവർക്കും കൽപറ്റയിൽത്തന്നെ വീടു പണിയാനാകുമെന്നാണു കണക്കുകൂട്ടൽ. അങ്ങനെ വന്നാൽ രണ്ടാമത്തെ ടൗൺഷിപ്പിനായി നെടുമ്പാല എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടിയിലേക്കു സർക്കാർ കടക്കില്ല.

വയനാട്ടിലെ ആദ്യകാല തോട്ടംമേഖലയാണു മുണ്ടക്കൈ–ചൂരൽമല ഗ്രാമങ്ങൾ. തേയില– ഏലത്തോട്ടങ്ങളിൽ പണിയെടുക്കാനെത്തിയവരുടെയും കുടിയേറ്റ കർഷകരുടെയും പിന്മുറക്കാരാണു ദുരന്തബാധിതരിലേറെയും. അവർക്കെല്ലാം ഇനി ഒന്നിച്ചൊരു പുതുജീവിതം സാധ്യമാക്കുകയാണു ടൗൺഷിപ് പദ്ധതി. ഉരുൾപൊട്ടലിൽ ഇല്ലാതായ രണ്ടു ഗ്രാമങ്ങൾ മറ്റൊരിടത്തു പുനർജനിക്കുന്നതു കേരളചരിത്രത്തിൽ തന്നെ പുതിയൊരു അധ്യായമായിരിക്കും.

 മുണ്ടക്കൈ–ചൂരൽമല പുനരധിവാസത്തിനു ദീർഘകാലാടിസ്ഥാനത്തിലുള്ള മാസ്റ്റർ പ്ലാൻ ആവശ്യമാണ്. തറക്കല്ലിടലിനുശേഷം ഒരുദിവസം പോലും പാഴാകാതെ നിർമാണം ആരംഭിച്ച് പുതിയ വീടുകളിലേക്കു ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള കടമ സർക്കാരിനുണ്ട്. ടൗൺഷിപ്പിൽ 10 സെന്റ് ഭൂമി, വീടു വേണ്ടാത്തവർക്കുള്ള നഷ്ടപരിഹാരത്തുക വർധന തുടങ്ങിയ ആവശ്യങ്ങളും അനുഭാവപൂർവം പരിഗണിച്ചേ മതിയാകൂ. അതോടൊപ്പം ദുരന്തഭൂമിയുടെ പുനർനിർമാണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും ഊന്നൽ നൽകണം. ഉരുൾദുരന്തത്തെത്തുടർന്ന് പാടേ തകർന്നുപോയ ടൂറിസം–കൃഷി മേഖലകളുടെ പുനരുജ്ജീവനത്തിനു പ്രത്യേക പാക്കേജ് ആവശ്യമാണ്. ഒട്ടേറെ പ്രശ്നങ്ങൾ നിലനിൽക്കുന്ന വയനാട്ടിൽ സമഗ്രമായ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കിയാലേ സുസ്ഥിരവികസനം സാധ്യമാകൂ. ആസ്പിരേഷനൽ ഡിസ്ട്രിക്ട് പദ്ധതിയിലുൾപ്പെട്ട കേരളത്തിലെ ഏക ജില്ലയെന്നതു കണക്കിലെടുത്ത് അകമഴിഞ്ഞ പിന്തുണ നൽകാനുള്ള ഉത്തരവാദിത്തം കേന്ദ്രസർക്കാരിനുമുണ്ട്.

കേന്ദ്ര സർക്കാരിൽനിന്നു പ്രതീക്ഷിച്ച സഹായമുണ്ടാകാഞ്ഞതും ലോക്സഭാ തിരഞ്ഞെടുപ്പും കോടതി വ്യവഹാരങ്ങളുമെല്ലാം ടൗൺഷിപ് പദ്ധതിയിൽ തടസ്സങ്ങളായെങ്കിലും ഇനിയുള്ള ഓരോ ഘട്ടവും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിനു കഴിയണം. ദുരന്തബാധിതരുടെ തുടർചികിത്സാ സഹായം ഉറപ്പാക്കുന്നതിനു പ്രഥമ പരിഗണന നൽകണം. ദേശസാൽകൃത ബാങ്കുകളിലെ കടബാധ്യത എഴുതിത്തള്ളാൻ കേന്ദ്രത്തിൽ സമ്മർദം ശക്തമാക്കണം. സംസ്ഥാന താൽപര്യം സംരക്ഷിക്കാൻ എല്ലാ പാർട്ടികളും രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് ഒന്നിച്ചണിനിരന്നേ മതിയാകൂ. താൽക്കാലിക പുനരധിവാസപദ്ധതിയിലുൾപ്പെട്ട് വാടകവീടുകളിലുള്ള പല കുടുംബങ്ങളും ടൗൺഷിപ് ഗുണഭോക്തൃപട്ടികയിലില്ലെന്ന പരാതിയും പരിഹരിക്കേണ്ടതുണ്ട്.

 അതിജീവനമെന്നാൽ പുതിയ പാർപ്പിടം മാത്രമല്ല, സമഗ്രമായ പുനരധിവാസം തന്നെയാണെന്ന് അധികൃതർ മറക്കരുത്. ദുരന്തബാധിതർക്ക് ഉപജീവനമാർഗങ്ങൾ ഉറപ്പാക്കണം. 

English Summary:

Editorial: The Wayanad landslide disaster recovery is underway with the foundation stone laying of a new township in Kalpetta. The project aims to provide homes and livelihoods for the affected families of Mundakkai-Chooralmala.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com