അമരാവതി കൊലപാതകം: പ്രതികൾ പരിശീലനം ലഭിച്ചവർ

Mail This Article
മുംബൈ ∙അമരാവതിയിൽ കൊല്ലപ്പെട്ട മരുന്നുകട ഉടമ ഉമേഷ് കോൽഹെയുടെ കഴുത്തിൽ 5 ഇഞ്ച് വീതിയും ആഴവുമുള്ള മുറിവെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഉടൻ മരണം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുനടത്തിയ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത് പരിശീലനം ലഭിച്ചവരാണെന്നാണ് പൊലീസ് നൽകുന്ന സൂചന. ബിജെപി വക്താവായിരുന്ന നൂപുർ ശർമയെ പിന്തുണച്ച് ഉമേഷ് വാട്സാപ് ഗ്രൂപ്പിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു.
അതിനിടെ, കേസിലെ പ്രധാന പ്രതി ഇർഫാൻ ഖാനെയും മറ്റൊരു പ്രതി യൂസുഫ് ഖാനെയും കൂടി അറസ്റ്റ് ചെയ്തു. ഇവരെ കോടതി ഏഴുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇതോടെ അറസ്റ്റിലായവർ ഏഴായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എൻഐഎയ്ക്ക് അന്വേഷണം കൈമാറിയതിനു പിന്നാലെയാണ് അറസ്റ്റ്. അമരാവതിയിലെത്തിയ എൻഐഎ സംഘം പ്രതികളെ ചോദ്യം ചെയ്തു.
ഇർഫാൻ ഖാനാണ് ഉമേഷിന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ മറ്റുള്ളവർക്ക് ഇയാൾ പണവും സുരക്ഷിത താവളവും വാഗ്ദാനം ചെയ്തിരുന്നു.
മറ്റൊരു പ്രതിയായ യുസുഫ് ഖാനും മരുന്നുകടയിൽ ജോലി ചെയ്തിരുന്നയാളാണ്. ഇരുവരും അംഗങ്ങളായ വാട്സാപ് ഗ്രൂപ്പിലാണ് നൂപുർ ശർമയെ പിന്തുണച്ച് ഉമേഷ് പോസ്റ്റ് ഇട്ടത്.
English Summary: Amravati murder case