ഇന്ത്യ തിരയുന്ന നിത്യാനന്ദ സ്ഥാപിച്ച കൈലാസയുമായി കരാർ; പാരഗ്വായിൽ ഉദ്യോഗസ്ഥൻ തെറിച്ചു
Mail This Article
ബ്യൂനസ് ഐറിസ് (അർജന്റീന) ∙ ലൈംഗികാതിക്രമം അടക്കം കേസുകളിൽ ഇന്ത്യ തിരയുന്ന സ്വയംപ്രഖ്യാപിത ഗുരു നിത്യാനന്ദ സ്ഥാപിച്ച സാങ്കൽപിക രാജ്യമായ കൈലാസയുമായി കരാർ ഒപ്പിട്ട് പാരഗ്വായ് കൃഷിമന്ത്രാലയം പുലിവാലു പിടിച്ചു. സംഭവം വിവാദമായതോടെ വകുപ്പു തലവൻ അർനാൾഡോ ചമോറോയെ നീക്കി.
പാരഗ്വായിലെ സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ പ്രചരിക്കുകയും രാജ്യാന്തരതലത്തിൽ ചർച്ചയാവുകയും ചെയ്തതോടെയാണ് ചമോറോയെ പുറത്താക്കിയത്. സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ച കരാർ പ്രകാരം ‘കൈലാസ’യുമായി നയതന്ത്രബന്ധം, യുഎൻ അടക്കമുള്ള രാജ്യാന്തര സംഘടനകളിൽ അംഗത്വം ലഭിക്കുന്നതിനുള്ള പിന്തുണ എന്നിവയൊക്കെ ലക്ഷ്യമിട്ടിരുന്നു.
സാങ്കൽപിക രാജ്യത്തിന്റെ പ്രതിനിധി തനിക്കൊപ്പം പാരഗ്വായുടെ കൃഷിമന്ത്രി കാർലോസ് ഗിംനസിനെ സന്ദർശിച്ചതായി റേഡിയോ അഭിമുഖത്തിൽ ചമോറോ വ്യക്തമാക്കി. കൈലാസം എന്ന രാജ്യം എവിടെയാണെന്ന ചോദ്യത്തിന് അത് തനിക്കറിയില്ലെന്നു ചമോറോ പറഞ്ഞു. ജലസേചനം ഉൾപ്പെടെ വിഷയങ്ങളിൽ സഹായിക്കാൻ അവർ സന്നദ്ധത അറിയിച്ചപ്പോൾ ധാരണാപത്രത്തിൽ ഒപ്പിട്ടു എന്നാണു ചമോറോയുടെ വാദം. നിത്യാനന്ദ എവിടെയാണുള്ളതെന്ന് വ്യക്തമല്ല. ഈ വർഷമാദ്യം കൈലാസയുടെ പ്രതിനിധി ജനീവയിലെ യുഎൻ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നു.