ജനങ്ങളെ തള്ളുന്ന സമീപനം കോടതി തള്ളി; ആദർശരാഷ്ട്രീയം സംബന്ധിച്ച ബിജെപി അവകാശവാദങ്ങളുടെ മുനയൊടിക്കുന്ന വിധി

Mail This Article
ന്യൂഡൽഹി ∙ പാർട്ടികൾക്കു പണം നൽകുന്നത് ആരൊക്കെയെന്ന് അറിയാൻ പൗരർക്ക് അവകാശമില്ലെന്നാണ് തിരഞ്ഞെടുപ്പു കടപ്പത്ര കേസിൽ മോദി സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്. ജനാധിപത്യത്തിൽ പൗരർക്കല്ല ഒന്നാം സ്ഥാനമെന്നു പറയുന്നതിനു തുല്യമായ വാദം.
കടപ്പത്ര പദ്ധതി ഭരണഘടനാവിരുദ്ധമെന്നു കോടതി പ്രഖ്യാപിക്കുമ്പോൾ, ആദർശാധിഷ്ഠിത സമീപനത്തെക്കുറിച്ച് ബിജെപി ഉയർത്തുന്ന അവകാശവാദങ്ങളുടെ മുനയൊടിയുന്നു. ഭരണഘടനാവിരുദ്ധമെന്നതിനെ ജനാധിപത്യവിരുദ്ധമെന്നും വ്യാഖ്യാനിക്കാം. ഏറെ കൊട്ടിഘോഷിച്ചതും തങ്ങൾക്ക് ഏറെ ഗുണകരമായതുമായ പദ്ധതി സുപ്രീം കോടതി റദ്ദാക്കിയതിൽ ബിജെപിക്കു നിരാശയുണ്ട്. ആരൊക്കെയാണ് പാർട്ടികൾക്കു വൻ തുകകൾ നൽകിയതെന്ന് ഇനി വെളിപ്പെടും. അത് സൃഷ്ടിക്കാവുന്ന വിവാദങ്ങൾക്കപ്പുറം, പൊതു തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കെൽപുള്ളതാണ് വിഷയമെന്നു ബിജെപി കരുതുന്നില്ല.
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിലും തിരഞ്ഞെടുപ്പുകൾ ജയിക്കുന്നതിലും അധികാരത്തിൽ തുടരുന്നതിലും പണത്തിനുള്ള പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, പാർട്ടികൾ ഉപയോഗിക്കുന്നത് ആരുടെ പണമെന്നറിയാൻ വോട്ടർമാർക്ക് അവകാശമുണ്ടെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. അധികാര രാഷ്ട്രീയത്തിന്റെ സ്ഥിതി വിശദമാക്കുകകൂടിയാണ് അതിലൂടെ കോടതി ചെയ്തത്. വൻകിട കമ്പനികൾ പാർട്ടികൾക്ക് വൻതോതിൽ പണം നൽകുന്നത് പ്രത്യുപകാരം പ്രതീക്ഷിച്ചാണെന്നതിൽ കോടതിക്കും സംശയമില്ല. ഇതേക്കുറിച്ച് സോളിസിറ്റർ ജനറലിനും തർക്കമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
കള്ളപ്പണം തടയുന്നതിനുള്ള നടപടിയായിക്കൂടി കേന്ദ്രം പദ്ധതിയെ വിശേഷിപ്പിച്ചിരുന്നു. എന്നാൽ, കള്ളപ്പണം തടയുന്നതല്ല, അതിന്റെ കടന്നുവരവ് കൂട്ടുന്നതാണു പദ്ധതിയെന്ന് തിരഞ്ഞെടുപ്പു കമ്മിഷനും റിസർവ് ബാങ്കും നിലപാടടുത്തു. കടപ്പത്രങ്ങൾ ഇറക്കാനുള്ള അധികാരത്തിൽ കടന്നുകയറുന്നുവെന്ന ആശങ്ക റിസർവ് ബാങ്ക് ഉന്നയിച്ചു. ഇതൊന്നും വകവയ്ക്കാതെയാണ് പദ്ധതിയുമായി കേന്ദ്രം മുന്നോട്ടുപോയത്. കള്ളപ്പണം തടയലെന്ന വാദം അംഗീകരിക്കാൻ സുപ്രീം കോടതി തയാറാവാതിരുന്നത് ഈ സമീപനത്തിനുള്ള മറുപടിയാണ്.
സർക്കാരിന്റെ സാമ്പത്തികവും നയപരവുമായ കാര്യങ്ങളിൽ ഇടപെടാൻ കോടതി പൊതുവേ താൽപര്യപ്പെടാറില്ല. അതുകൂടി മനസ്സിൽവച്ചാണ്, പദ്ധതി സാമ്പത്തിക നയത്തിന്റെ ഭാഗമാണമെന്നു കേന്ദ്രം വാദിച്ചത്. എന്നാൽ, പദ്ധതിയുടെ ഭാഗമായി റിസർവ് ബാങ്ക് നിയമത്തിൽ വരുത്തിയ ഭേദഗതിക്കു മാത്രമേ സാമ്പത്തിക നയത്തിന്റെ വിദൂരസ്വഭാവമെങ്കിലുമുള്ളൂ എന്നാണ് കോടതി പറഞ്ഞത്. 2017 ലെ ഫിനാൻസ് ബില്ലിലൂടെ 4 നിയമങ്ങളുടെ ഏതാനും വകുപ്പുകൾ ഭേദഗതി ചെയ്താണ് കടപ്പത്ര പദ്ധതിക്ക് കേന്ദ്രം വഴിയൊരുക്കിയത്. പണബില്ലിന്റെ ഗണത്തിൽപെടുത്തി ഇങ്ങനെ നിയമങ്ങൾ േഭദഗതി ചെയ്തതും ഹർജിക്കാർ ചോദ്യം ചെയ്തിരുന്നു. എന്നാൽ, പണബിൽ പ്രശ്നം ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണെന്നും അതിലേക്കു കടക്കുന്നില്ലെന്നുമാണ് കോടതി പറഞ്ഞത്.
∙ കൈക്കൂലിയും കമ്മിഷനും വാങ്ങാനാണ് കടപ്പത്രം ബിജെപി ഉപയോഗിച്ചത്. നരേന്ദ്ര മോദി നടത്തിയ അഴിമതിയുടെ ഉദാഹരണമാണ് ജനങ്ങൾക്കു മുന്നിലുള്ളത്. - രാഹുൽ ഗാന്ധി