ലൈംഗിക പീഡനം: കർണാടകയിൽ രാഷ്ട്രീയ ചലനം, പീഡനക്കേസിൽ കുടുങ്ങി എച്ച്.ഡി.രേവണ്ണ, മകൻ പ്രജ്വൽ
Mail This Article
ബെംഗളൂരു∙ തിരഞ്ഞെടുപ്പിനിടെ ലൈംഗിക പീഡന പരാതിയിൽ കേസെടുത്തത് കർണാടക രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നു. ജനതാദൾ (എസ്) ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ മകനും എംഎൽഎയുമായ എച്ച്.ഡി.രേവണ്ണ, രേവണ്ണയുടെ മകനും ഹാസൻ എംപിയുമായ പ്രജ്വൽ രേവണ്ണ എന്നിവർക്കെതിരെയുള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഹാസനിലെ ദൾ സ്ഥാനാർഥിയായ പ്രജ്വൽ 26ന് വോട്ടെടുപ്പു കഴിഞ്ഞതിനു പിന്നാലെ ജർമനിയിലേക്ക് കടന്നതായാണ് വിവരം.
രേവണ്ണയ്ക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധു കൂടിയായ സ്ത്രീയാണ് (48) പരാതി നൽകിയത്. വീട്ടിൽ ജോലിക്കു നിന്ന തന്നെ രേവണ്ണ പീഡിപ്പിച്ചിരുന്നതായും പ്രജ്വൽ മകളുടെ അശ്ലീല വിഡിയോ ചിത്രീകരിച്ചെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം ഒട്ടേറെ സ്ത്രീകൾക്കൊപ്പമുള്ള പ്രജ്വലിന്റെ അശ്ലീല വിഡിയോകൾ പ്രചരിച്ചിരുന്നു. അശ്ലീല ദൃശ്യങ്ങളുടെ പെൻഡ്രൈവുകൾ പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ, സ്റ്റേഡിയം എന്നിവിടങ്ങളിൽ നിന്നാണു ലഭിച്ചത്. സ്വയം ചിത്രീകരിച്ച ദൃശ്യങ്ങൾ അബദ്ധത്തിൽ ചോർന്നതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അന്വേഷണത്തെ സ്വാഗതം ചെയ്ത ദൾ സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി തെറ്റുചെയ്തെന്നു തെളിഞ്ഞാൽ പ്രജ്വലിനെതിരെ പാർട്ടി നടപടിയുണ്ടാകുമെന്നു പറഞ്ഞു. അതേ സമയം, ദളിന്റെ സഖ്യകക്ഷിയായ ബിജെപി സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. എംപിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബെംഗളൂരുവിൽ പ്രതിഷേധിച്ചു. ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ വനിതാ സംഘടനകളുടെ കൂട്ടായ്മ വനിതാ കമ്മിഷനെ സമീപിച്ചിരുന്നു.