2004 മാതൃകയിൽ പ്രധാനമന്ത്രി: കോൺഗ്രസ്; അധികാരം കിട്ടിയാൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കുമെന്നും സൂചന
Mail This Article
ന്യൂഡൽഹി∙ ഇന്ത്യാസഖ്യം അധികാരത്തിലെത്തിയാൽ 2004ൽ യുപിഎ കാലഘട്ടത്തിലേതു പോലെ പ്രധാനമന്ത്രിയെ കണ്ടെത്തുമെന്ന് കോൺഗ്രസ്. അധികാരം പിടിച്ചാൽ പ്രധാനമന്ത്രി പദം തങ്ങൾക്കൊപ്പമായിരിക്കുമെന്ന സൂചനയോടെയാണിത്.
അതേസമയം, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നു പറയാതിരിക്കാനും കോൺഗ്രസ് ശ്രദ്ധിക്കുന്നു. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നതിനോട് ഇന്ത്യാസഖ്യത്തിലെ മറ്റു കക്ഷിനേതാക്കളിൽ പലർക്കും എതിർപ്പുണ്ട്.
അധികാരം ലഭിക്കുന്ന സാഹചര്യം വന്നാൽ അതുറപ്പിക്കാൻ നിലവിൽ സഖ്യത്തിന്റെ ഭാഗമല്ലാത്ത തൃണമൂലിന്റെ പിന്തുണയും പ്രതിപക്ഷ നിരയ്ക്കു തേടേണ്ടി വരും. രാഹുൽ പ്രധാനമന്ത്രിയാകുന്നതിനോടു യോജിപ്പില്ലാത്തയാളാണു തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. അധികാരം ലഭിച്ചാൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിയാകണമെന്നു മുൻപ് സഖ്യത്തിന്റെ ഭാഗമായിരുന്ന വേളയിൽ മമത നിലപാടെടുത്തിരുന്നു.