ബാബ സിദ്ദിഖിയുടെ മകൻ അജിത് പവാർ പക്ഷത്ത്
Mail This Article
മുംബൈ ∙ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ് സംഘം വെടിവച്ചു കൊലപ്പെടുത്തിയ മുൻ മന്ത്രി ബാബാ സിദ്ദിഖിയുടെ മകൻ ഷീസാൻ സിദ്ദിഖി എൻസിപി(അജിത് പവാർ) സ്ഥാനാർഥിയാകും. ബാന്ദ്ര ഇൗസ്റ്റ് മണ്ഡലത്തിലെ കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎയായ ഷീസാനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കു പുറത്താക്കിയിരുന്നു. രണ്ട് മുൻ ബിജെപി എംപിമാർക്കും അജിത് പക്ഷം സീറ്റ് നൽകി. മുൻ മന്ത്രി നവാബ് മാലിക്കിന് സീറ്റ് നിഷേധിച്ചെങ്കിലും മകൾ സനാ മാലിക്കിനെ സ്ഥാനാർഥിയാക്കി. ഇതുവരെ 45 സ്ഥാനാർഥികളെ അജിത് പക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്.
ആദിത്യയെ തളയ്ക്കാൻ മിലിന്ദ്
ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയ്ക്കെതിരെ വർളി മണ്ഡലത്തിൽ രാജ്യസഭാംഗം മിലിന്ദ് ദേവ്റ ആയിരിക്കും ഷിൻഡെ വിഭാഗം സ്ഥാനാർഥി. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന മിലിന്ദ് ജനുവരിയിലാണ് ശിവസേനയിൽ ചേർന്നത്.
ഇന്ത്യയ്ക്ക് കരുത്തായി കേജ്‌രിവാൾ
ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ ഇന്ത്യാ മുന്നണിക്കായി പ്രചാരണത്തിനെത്തും. ശിവസേന (ഉദ്ധവ്), എൻസിപി (ശരദ് പവാർ) പാർട്ടികൾ അദ്ദേഹത്തെ പ്രചാരണം നടത്താൻ ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 12 റാലികളിൽ പങ്കെടുക്കുമെന്ന് ബിജെപി അറിയിച്ചു.
തീരാതെ സീറ്റ് വിഭജനം
സീറ്റുകൾക്കു വേണ്ടി പിടിവലി തുടരുന്നതിനാൽ എൻഡിഎ, ഇന്ത്യാ മുന്നണികളിൽ സീറ്റ് വിഭജനം പൂർണമായിട്ടില്ല. 5 സീറ്റ് നൽകിയില്ലെങ്കിൽ 25 സീറ്റിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സമാജ്‌വാദി പാർട്ടി മുന്നറിയിപ്പ് നൽകിയത് കോൺഗ്രസിന് തലവേദനയായി.