ഡൽഹി തിരഞ്ഞെടുപ്പ് ഫെബ്രുവരിയിൽ; ആദ്യ സ്ഥാനാർഥി പട്ടികയുമായി ആംആദ്മി പാർട്ടി
Mail This Article
ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുൻപുതന്നെ ആംആദ്മി പാർട്ടി ആദ്യ ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും പാർട്ടിയിലേക്കു ചേക്കേറിയവർ ഉൾപ്പെടെ 11 പേരുടെ പട്ടികയാണു പാർട്ടി ഇന്നലെ പുറത്തുവിട്ടത്. ഫെബ്രുവരിയിലാണു തിരഞ്ഞെടുപ്പ്.
പട്ടികയിലുള്ള ബ്രംസിങ് തൻവർ (ഛത്തർപുർ), അനിൽ ഝാ (കിരാരി), ബി.ബി. ത്യാഗി (ലക്ഷ്മി നഗർ) എന്നിവർ ബിജെപി വിട്ട് എഎപിയിലെത്തിയവരാണ്. സുബൈർ ചൗധരി (സീലംപുർ), വീർസിങ് ധിംഗൻ (സീമാപുരി), സൊമേഷ് ഷോക്കീൻ (മത്തിയാല) എന്നിവർ കോൺഗ്രസ് വിട്ട് എഎപിയിലെത്തിയവരാണ്. സരിത സിങ് (റൊഹ്താസ് നഗർ), രാം സിങ് നേതാജി (ബദർപുർ), ഗൗരവ് ശർമ (ഗോണ്ട), മനോജ് ത്യാഗി (കരാവൽ നഗർ), ദീപക് സിങ്ഗാൾ (വിശ്വാസ് നഗർ) എന്നിവരും പട്ടികയിലുണ്ട്. കിരാരി, സീലംപുർ, മത്തിയാല എന്നിവിടങ്ങളിൽ എഎപിയുടെ സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കുകയും ചെയ്തു.
2015 ൽ ആകെയുള്ള 70 ൽ 67 സീറ്റും 2020 ൽ 62 സീറ്റും നേടി അധികാരത്തിലെത്തിയ ആംആദ്മി പാർട്ടിക്ക് ഇക്കുറി മത്സരം കടുപ്പമാണ്. മദ്യനയ അഴിമതിക്കേസിൽ മുൻമുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെയുള്ളവർ ജയിലിലായതു പാർട്ടിക്കു തിരിച്ചടിയായിരുന്നു. മുതിർന്ന നേതാവും മന്ത്രിയുമായിരുന്ന കൈലാഷ് ഗലോട്ട് ദിവസങ്ങൾ മുൻപാണു പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.