കരീബിയൻ സഹകരണ ചർച്ചകൾ, ആമ്പലിലയിൽ സൗഹൃദസദ്യ; ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കി മോദി തിരികെയെത്തി
Mail This Article
ന്യൂഡൽഹി ∙ ഉഭയകക്ഷി യോഗങ്ങളും രാഷ്ട്രനേതാക്കളുമായുള്ള കൂടിക്കാഴ്ചകളും നിറഞ്ഞ 5 ദിവസത്തെ ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചെത്തി. നൈജീരിയയിൽ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയും ബ്രസീലിൽ ജി20 ഉച്ചകോടിയുടെ ഭാഗമായി നടത്തിയ 10 യോഗങ്ങളും ഗയാനയിലെ കരീബിയൻ ഉച്ചകോടിയടക്കം 9 യോഗങ്ങളുമായി മുപ്പതിലേറെ കൂടിക്കാഴ്ചകളിലാണ് മോദി പങ്കെടുത്തതെന്ന് വിദേശ മന്ത്രാലയം അറിയിച്ചു.
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരങ്ങളുമായും മോദി കൂടിക്കാഴ്ച നടത്തി. ഗയാന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലും പ്രസംഗിച്ചു. ഗയാനയിലെ ജോർജ്ടൗണിൽ മഹാത്മാഗാന്ധി പ്രതിമയിൽ ആദരമർപ്പിച്ചു. പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുടെ വസതിയിൽ വിരുന്നൊരുക്കി.
ആമ്പലിലയിൽ വിളമ്പിയ ഊണിന് സാംസ്കാരിക പ്രാധാന്യമേറെയാണെന്നു കുറിച്ച് ചിത്രങ്ങൾ മോദി എക്സിൽ പങ്കുവച്ചു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം വ്യക്തമാക്കുന്ന പാരിതോഷികങ്ങൾ സമ്മാനിച്ചാണ് മോദി മടങ്ങിയത്.