ചെന്നൈയിൽ മൂടൽമഞ്ഞ്: 40 വിമാനങ്ങൾ വൈകി

Mail This Article
ചെന്നൈ ∙ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച തടസ്സപ്പെട്ടതിനാൽ ചെന്നൈയിൽ ഇന്നലെ 40 വിമാനങ്ങൾ വൈകി. രാവിലെ 6നും 8നും ഇടയിൽ ലോകത്ത് ഏറ്റവും കൂടുതൽ സർവീസുകൾ വൈകിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ചെന്നൈ രണ്ടാമതാണെന്ന് ഫ്ലൈറ്റ് റഡാർ പോർട്ടൽ വ്യക്തമാക്കി. ശരാശരി 92 മിനിറ്റ് വൈകിയാണു വിമാനങ്ങൾ പുറപ്പെട്ടത്. മൂടൽ മഞ്ഞ് തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ഉള്ളതിനാൽ വരും ദിവസങ്ങളിലും വിമാന സർവീസ് തടസ്സപ്പെടാൻ സാധ്യതയുണ്ട്.
ഇന്നലെ ആയിരക്കണക്കിനു യാത്രക്കാർ വലഞ്ഞു. പുലർച്ചെ പുറപ്പെടേണ്ട വിമാനങ്ങൾ 2 മണിക്കൂറോളം വൈകി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിനു മുൻപ് ഏറെ നേരം ചുറ്റിക്കറങ്ങേണ്ടി വന്നു. ലണ്ടൻ, മസ്കത്ത്, ക്വാലലംപുർ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ബെംഗളൂരുവിലേക്കും ഹൈദരാബാദ്, പുണെ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ തിരുവനന്തപുരത്തേക്കും തിരിച്ചുവിട്ടു. ബെംഗളൂരുവിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ആകാശത്ത് ഏറെ നേരം കറങ്ങിയെങ്കിലും ഒടുവിൽ ബെംഗളൂരുവിലേക്കു തിരിച്ചു പോകേണ്ടി വന്നു.