മണിപ്പുർ, വഖഫ് ബിൽ, ഭാഷാവിവാദം, യുഎസ്; പാർലമെന്റ് ചൂടുപിടിക്കും

Mail This Article
ന്യൂഡൽഹി ∙ പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ തുടങ്ങും. മണിപ്പുരിൽ രാഷ്ട്രപതി ഭരണത്തിന്റെ പ്രഖ്യാപനവും മണിപ്പുർ സംസ്ഥാന ബജറ്റും ആദ്യദിനം തന്നെ ലോക്സഭയിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നു. കലാപബാധിത മണിപ്പുരിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയിട്ടില്ലെന്നതുൾപ്പെടെ ആരോപണങ്ങളുമായി ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കാനാകും പ്രതിപക്ഷ ശ്രമം. ഏപ്രിൽ 4 വരെയാണു സമ്മേളനം.
ഇതിനു പുറമേ, സംയുക്ത പാർലമെന്ററി സമിതി (ജെപിസി) നിർദേശിച്ച മാറ്റങ്ങളോടെ പരിഷ്കരിച്ച വഖഫ് ബില്ലിന്റെ അവതരണവും ചർച്ചയും സഭയെ പ്രക്ഷുബ്ധമാക്കും. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പു പിന്നാലെ നടക്കാനിരിക്കെ ഈ സമ്മേളന കാലയളവിൽ വഖഫ് ബിൽ ഉപയോഗിച്ചുള്ള രാഷ്ട്രീയ നേട്ടം ബിജെപി പ്രതീക്ഷിക്കുന്നു. ബിജെപി ഏകപക്ഷീയമായി അഭിപ്രായം ശേഖരിക്കുകയും അതിനനുസരിച്ചു തയാറാക്കിയതുമാണ് പരിഷ്കരിച്ച ബില്ലെന്നും കോൺഗ്രസും തൃണമൂൽ കോൺഗ്രസും ആരോപിക്കുന്നു.
വോട്ടർ തിരിച്ചറിയൽ കാർഡിലെ പാളിച്ചകൾ, മണ്ഡല പുനർനിർണയം, ഹിന്ദി അടിച്ചേൽപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഭാഷാ വിവാദം തുടങ്ങി അനധികൃത കുടിയേറ്റത്തിന്റെ പേരിൽ ഇന്ത്യക്കാരെ യുഎസിൽനിന്നു ചങ്ങലയിൽ ബന്ധിച്ചു തിരിച്ചയച്ചതു വരെയുള്ള വിവാദങ്ങൾ ചർച്ചയാകും.
വോട്ടർ കാർഡിലെ നമ്പർ ഇരട്ടിപ്പ് വ്യാജ വോട്ടുകൾക്കു കാരണമാകില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദത്തോടു കോൺഗ്രസോ തൃണമൂൽ കോൺഗ്രസോ യോജിക്കുന്നില്ല. ബിജെപിയുടെ വിജയത്തിനായി വോട്ടർ പട്ടികയിൽ തിരിമറി നടക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെയും മമത ബാനർജിയുടെയും ആരോപണത്തിനുള്ള തെളിവാണിതെന്ന് ഇരുപാർട്ടികളും വാദിക്കും.
ഭാഷാ വിവാദത്തിൽ ഡിഎംകെ കൂടുതൽ ശക്തമായ പോരാട്ടത്തിന് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്കയ്ക്ക് കോൺഗ്രസ് പിന്തുണ നൽകുമെങ്കിലും നേരിട്ട് ഉന്നയിക്കുമോ എന്നതിൽ വ്യക്തതയില്ല. ജനസംഖ്യാ വളർച്ചയുടെ അനുപാതത്തിൽ സീറ്റെണ്ണം മാറ്റുമ്പോൾ സംഭവിക്കുന്ന പാളിച്ചകളും കോൺഗ്രസ് സഭയിൽ ഉന്നയിച്ചേക്കും. പാർലമെന്റിൽ സ്വീകരിക്കേണ്ട നയം സംബന്ധിച്ച ചർച്ചകൾക്കായി നാളെ വൈകിട്ടു കോൺഗ്രസ് യോഗം ചേരും.
അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഈടാക്കുന്ന അതേ നികുതി (പകരത്തിനുപകരം നികുതി) മറ്റു രാജ്യങ്ങളിൽനിന്ന് ഈടാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തോടു കേന്ദ്ര സർക്കാർ സമീപനവും ഇരുസഭകളിലും ചർച്ചയാക്കാൻ പ്രതിപക്ഷം ശ്രമിക്കും. ഇമിഗ്രേഷനുമായി ബന്ധപ്പെട്ട പഴയ നാലു നിയമങ്ങൾക്കു പകരം കൊണ്ടുവരുന്ന പുതിയ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബില്ലും അവതരിപ്പിക്കുമെന്നു സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.