ഛത്തീസ്ഗഡിൽ വീണ്ടും ഏറ്റുമുട്ടൽ; 17 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

Mail This Article
സുക്മ ∙ ഛത്തീസ്ഗഡിൽ 11 വനിതകൾ ഉൾപ്പെടെ 17 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. പൊലീസ് തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് ഖുദാമി ജഗദീഷ് എന്ന ബുധ്രയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 4 സൈനികർക്കും പരുക്കേറ്റു.
സുക്മ ജില്ലയിലെ കേളപാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോഗുണ്ട, നെണ്ടും, ഉപാംപള്ളി എന്നീ ഗ്രാമങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. വനമേഖലയാണ് ഈ പ്രദേശം. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു. 7 പേരെയാണ് തിരിച്ചറിഞ്ഞത്.
സിപിഐ മാവോയിസ്റ്റിന്റെ ധർബ ഡിവിഷൻ തലവനാണ് ബുധ്ര. 2013ൽ മുൻ പ്രതിപക്ഷ നേതാവായിരുന്ന മഹേന്ദ്ര കർമയും പിസിസി അധ്യക്ഷൻ നന്ദകുമാർ പട്ടേലും അടക്കം 25 പേരെ ബസ്തർ ജില്ലയിലെ ധർബഘട്ടിൽ കൊലപ്പെടുത്തിയ സ്ഫോടനത്തിന്റെ സൂത്രധാരനാണ്.
ബസ്തർ ഡിവിഷനിൽ മാവോയിസ്റ്റുകൾക്കെതിരെ തുടർച്ചയായും അതിശക്തമായും ആണ് സുരക്ഷാസേന നടപടി തുടരുന്നത്. മാർച്ച് 20ന് ബിജാപുർ– ദന്തേവാഡ അതിർത്തിയിലും, കാങ്കർ– നാരായണപുർ അതിർത്തിയിലും നടന്ന 2 ഏറ്റുമുട്ടലുകളിലായി 30 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഈ വർഷം 3 മാസത്തിനുള്ളിൽ 133 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞവർഷം 287 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.
സുരക്ഷാസേനയെ അഭിനന്ദിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ 2026 മാർച്ച് 31നു മുൻപ് രാജ്യത്തു നിന്ന് മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് ആവർത്തിച്ചു. ഏപ്രിൽ 4ന് അമിത്ഷാ ദന്തേവാഡ സന്ദർശിക്കും.