വനിതാ ഡോക്ടർ വധം: സുഹൃത്ത് അറസ്റ്റിൽ

Mail This Article
കുട്ടനെല്ലൂർ ∙ വനിതാ ഡോക്ടർ കുത്തേറ്റു മരിച്ച സംഭവത്തിൽ സുഹൃത്ത് പാവറട്ടി മനപ്പടി വെളുത്തേടത്ത് മഹേഷ് (39) അറസ്റ്റിൽ. ഇന്നലെ പുലർച്ചെ പുങ്കുന്നത്തെ ഫ്ലാറ്റിൽ നിന്നാണു പിടികൂടിയത്. കുട്ടനെല്ലൂരിൽ ദ് ഡെന്റിസ്റ്റ് എന്ന ഡെന്റൽ ക്ലിനിക് നടത്തിയിരുന്ന, കൂത്താട്ടുകുളത്തിനു സമീപം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങര ഡോ. സോനയാണു (30) കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച ക്ലിനിക്കിൽ വച്ചു വയറിൽ കുത്തേറ്റ സോന ഞായറാഴ്ച രാവിലെ മരിച്ചു.
വിവാഹബന്ധം വേർപെടുത്തിയ സോന 2 വർഷമായി കുരിയച്ചിറയിലെ ഫ്ലാറ്റിലായിരുന്നു താമസം. മെഡിക്കൽ പഠനകാലത്ത് സോനയും മഹേഷും സുഹൃത്തുക്കളായിരുന്നു. പിന്നീട് മഹേഷിന്റെ നിർബന്ധത്തിൽ കുട്ടനെല്ലൂരിൽ ക്ലിനിക് തുടങ്ങി. ക്ലിനിക്കിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തത് മഹേഷ് ആയിരുന്നു. നിർമാണച്ചെലവു സംബന്ധിച്ചുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.
ചെലവാക്കിയ തുക ഇനിയും ലഭിക്കാനുണ്ടെന്നു മഹേഷും ഇരട്ടിയിലേറെ തുക നൽകിയെന്നു സോനയുടെ ബന്ധുക്കളും പറയുന്നു. തർക്കമുണ്ടായതിനെ തുടർന്നു സോന പൊലീസിൽ പരാതി നൽകിയിരുന്നു. ഒത്തുതീർപ്പു ചർച്ചയ്ക്കു ക്ലിനിക്കിലെത്തിയ മഹേഷ്, തർക്കത്തിനിടെ കത്തികൊണ്ട് കുത്തുകയായിരുന്നു. സോനയുടെ ബന്ധുക്കളുടെയും മഹേഷിന്റെ സുഹൃത്തുകളുടെയും മുൻപിലായിരുന്നു സംഭവം. ക്ലിനിക്കിൽ നിന്നു കടന്ന പ്രതി കാർ കൂർക്കഞ്ചേരിയിൽ ഉപേക്ഷിച്ച് ഒളിവിൽ കഴിയുകയായിരുന്നു.