ADVERTISEMENT

വെള്ളറട (തിരുവനന്തപുരം) ∙ ഇൻഷുറൻസ് കമ്പനി ജീവനക്കാരി കാരക്കോണം ത്രേസ്യാപുരം പ്ലാങ്കാലപുത്തൻവീട്ടിൽ ശാഖ(51)യുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. അരുണിന്റെ ഇടപെടലുകളിൽ സംശയം തോന്നുന്നുവെന്നും എപ്പോഴും വഴക്കിടാറുണ്ടെന്നും ശാഖ കൂട്ടുകാരിയോടു പറഞ്ഞിരുന്നു. ഒരുമാസം മുൻപ് ഇലക്ട്രിക് അടുപ്പിൽ വൈദ്യുതി കടത്തിവിട്ടു കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. 2 മാസം മുൻപാണ് ഇവർ വിവാഹിതയായത്.

സംഭവത്തിൽ ഭർത്താവ് നെയ്യാറ്റിൻകര പത്താംകല്ല് സ്വദേശിയും സ്വകാര്യ ആശുപത്രി ജീവനക്കാരനുമായ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ‌ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിനു പിന്നാലെ പൊലീസ് അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്നു വ്യക്തമായതായി എസ്പി പറഞ്ഞു. ചോദ്യംചെയ്യൽ തുടരുകയാണ്. പരേതനായ ആൽബർട്ടിന്റെയും ഫിലോമിനയുടെയും മകളാണ് ശാഖ.

ഇന്നലെ പുലർച്ചെ 5ന് ആയിരുന്നു സംഭവം. ഒരു മണിക്കൂർ കഴിഞ്ഞാണ് അരുൺ അയൽക്കാരെ അറിയിച്ചത്. ആൾക്കാർ എത്തിയപ്പോൾ ശാഖ വീടിന്റെ ഹാളിൽ മരിച്ച നിലയിൽ നിലത്തു കിടക്കുകയായിരുന്നു. തറയിൽ രക്തവും കാണപ്പെട്ടു. അലങ്കാരത്തിനായി മീറ്റർ ബോർഡിൽ നിന്നെടുത്ത വൈദ്യുത വയറുകളും ഉണ്ടായിരുന്നു.

ശാഖയുടെ അമ്മ ഫിലോമിന കിടപ്പുരോഗിയാണ്. ഇവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ കഴിഞ്ഞിരുന്നപ്പോഴാണ് അരുണിനെ പരിചയപ്പെട്ടത്. ഒക്ടോബർ 19ന് ആയിരുന്നു വിവാഹം. വിവാഹത്തിൽ നിന്നു ശാഖയെ പിന്തിരിപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും ശ്രമിച്ചിരുന്നു. കഴിഞ്ഞ 10ന് ഇരുവരും ഗ്രാമപ്പഞ്ചായത്തിൽ എത്തി വിവാഹം റജിസ്റ്റർ ചെയ്തിട്ടുണ്ട്. അരുൺ മദ്യവും, മറ്റു ലഹരികളും ഉപയോഗിക്കാറുണ്ടെന്നു ശാഖ സുഹൃത്തിനോടു പറഞ്ഞിട്ടുണ്ട്.

വിവാഹ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചതിനെ ചൊല്ലി കഴിഞ്ഞദിവസം അരുണും, ശാഖയും വഴക്കിട്ടിരുന്നു. ഭാര്യയ്ക്കു പ്രായം കൂടുതലായതു കാരണം ചിത്രം കണ്ടു കൂട്ടുകാർ കളിയാക്കുമെന്നാണ് അരുൺ പറഞ്ഞത്. സ്വത്തു തട്ടിയെടുക്കാൻ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണു ബന്ധുക്കളുടെ ആരോപണം.

ശാഖയ്ക്കു പത്തേക്കറോളം ഭൂമിയും ആഡംബര വീടും ഉണ്ട്. റബർമരം കടുംവെട്ടിനു നൽകിയപ്പോൾ ലഭിച്ച 20 ലക്ഷം രൂപയിൽ 10 ലക്ഷത്തോളം അരുണിനു നൽകി. കാറും വാങ്ങിക്കൊടുത്തു. പ്രായ വ്യത്യാസംമൂലം ഇവരുടെ ബന്ധം അരുണിന്റെ വീട്ടുകാർ എതിർത്തു. വീടുവിട്ട അരുൺ വാടകവീട്ടിലായിരുന്നു താമസം. വിവാഹത്തിനു മുൻപ് 5 ലക്ഷത്തോളം രൂപ അരുൺ വാങ്ങി. സ്ത്രീധനമായി 100 പവനും 50ലക്ഷം രൂപയും ആയിരുന്നു ആവശ്യം. അടുത്തിടെ കുറച്ചു വസ്തു വിൽക്കാനും ശ്രമം നടത്തി. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടം ചെയ്യും.

English Summary: 51-year-old-woman in Karakonam was electrocuted by husband

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com