ADVERTISEMENT

കൊച്ചി ∙ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ, ലോകായുക്ത നിയമത്തിന്റെ പരിധിയിൽ വരുന്നില്ലെന്നു ഹൈക്കോടതിയിൽ വാദം. കോർപറേഷനിലെ ബന്ധുനിയമനത്തിന്റെ പേരിൽ കെ.ടി. ജലീലിനെ മന്ത്രിസ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ലോകായുക്ത പ്രഖ്യാപനത്തിനെതിരായ ഹർജിയിൽ ജലീലിന്റെ അഭിഭാഷകനാണ് ഈ വാദം ഉന്നയിച്ചത്.

ജലീലിനെതിരായ പരാതി ലോകായുക്ത പരിഗണിക്കരുതായിരുന്നു. പ്രാഥമിക അന്വേഷണം പോലും നടത്തിയില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

പ്രാഥമിക കണ്ടെത്തലുണ്ടായാൽ സ്വീകരിക്കേണ്ട നിയമപരമായ നടപടികൾ ലോകായുക്ത പാലിച്ചില്ലെന്നു സർക്കാരിനുവേണ്ടി സ്റ്റേറ്റ് അറ്റോണി വാദിച്ചു. പ്രാഥമിക കണ്ടെത്തലിനുശേഷം ഒറ്റദിവസം വാദം കേൾക്കാൻ വച്ച് പെട്ടെന്നുതന്നെ വിധി പുറപ്പെടുവിക്കുകയായിരുന്നു.

2019 ഫെബ്രുവരി 6 മുതൽ കഴിഞ്ഞ മാസം 26 വരെ പ്രാഥമിക അന്വേഷണത്തിനായാണു പരാതി പോസ്റ്റ് ചെയ്തിരുന്നത്. മാർച്ച് 30നു വാദം കേൾക്കാൻ വച്ചു. പിന്നാലെ ഈ മാസം 9ന് ഉത്തരവു പുറപ്പെടുവിക്കുകയായിരുന്നെന്നും സർക്കാർ അറിയിച്ചു.

എന്നാൽ നടപടിക്രമങ്ങൾ എല്ലാം പാലിച്ചാണു ലോകായുക്ത ഉത്തരവിറക്കിയതെന്നും ലോകായുക്തയുടെ പല ഉത്തരവുകളും ഹാജരാക്കാതെയാണ് ഹർജിക്കാരനും സർക്കാരും വാദമുന്നയിക്കുന്നതെന്നും പരാതിക്കാരനായ വി.കെ.മുഹമ്മദ് ഷാഫിയുടെ അഭിഭാഷകൻ അറിയിച്ചു.

ലോകായുക്ത പ്രഖ്യാപനം ഇങ്ങനെ

കേരളത്തിലെ ലോകായുക്ത നിയമത്തിലെ 12, 14 വകുപ്പുകളാണ് ഇപ്പോൾ പ്രസക്തം.

12–ാം വകുപ്പനുസരിച്ച്:

∙ആരോപണം ഉന്നയിച്ചുള്ള പരാതിയിൽ ലോകായുക്ത അന്വേഷണം നടത്തുന്നു.

∙ആരോപണം പൂർണമായോ ഭാഗികമായോ സ്ഥാപിക്കപ്പെട്ടിരിക്കുന്നുവെന്ന് ലോകായുക്ത വിലയിരുത്തുന്നെങ്കിൽ, കണ്ടെത്തലുകളും ശുപാർശകളും അടങ്ങുന്ന റിപ്പോർട്ട്, തുടർനടപടിക്ക് അധികാരപ്പെട്ട വ്യക്തിക്ക് (മുഖ്യമന്ത്രി) കൈമാറുന്നു. 

14–ാം വകുപ്പനുസരിച്ച്:

∙മന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നുവെന്നും ആരോപിതൻ പദവിയിൽ തുടരാൻ പാടില്ലെന്ന് വിലയിരുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ, റിപ്പോർട്ടിൽ ലോകായുക്ത അതു സംബന്ധിച്ച പ്രഖ്യാപനം നടത്തും. തുടർനടപടിയായി മുഖ്യമന്ത്രി ആ പ്രഖ്യാപനം അംഗീകരിക്കണം. തുടർന്ന് മന്ത്രി രാജിവയ്ക്കണം. 

കെ.ടി.ജലീലിനെതിരെയുള്ള ലോകായുക്തയുടെ റിപ്പോർട്ടിൽ 54–ാം ഖണ്ഡികയിൽ പറയുന്നത്:

‘അധികാരദുർവിനിയോഗം, സ്വജനപക്ഷപാതം, ബന്ധുപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവ സംബന്ധിച്ച ആരോപണങ്ങൾ സ്ഥാപിക്കപ്പെട്ടതായി കണ്ടെത്തുകയും അതനുസരിച്ചുള്ള പ്രഖ്യാപനം നടത്തുകയും ചെയ്യുന്നു.

ആരോപണങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നതിനാൽ എതിർകക്ഷി മന്ത്രിസഭാംഗമായി തുടരാൻ പാടില്ലെന്നും പ്രഖ്യാപിക്കുന്നു.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com