അറസ്റ്റിലേക്കു നയിച്ചത് വാടക നൽകാതെയുള്ള മുങ്ങൽ
Mail This Article
കൊല്ലൂർ ∙ സനു മോഹന്റെ അറസ്റ്റിലേക്കു നയിച്ചതു കൊല്ലൂരിലെ ലോഡ്ജിൽ മുറി വാടക നൽകാതെ മുങ്ങിയത്. 6 ദിവസം താമസിച്ച ഇനത്തിൽ വാടകയായ 5,700 രൂപ നൽകിയിരുന്നെങ്കിൽ ഒരുപക്ഷേ, ഇപ്പോഴും അന്വേഷണ സംഘത്തിന് ഇയാളിലേക്ക് എത്താൻ സാധിക്കുമായിരുന്നില്ല.
ഏപ്രിൽ 10നു രാവിലെ 9.30നാണ് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിനു തൊട്ടടുത്തു കുടജാദ്രി റോഡിലുള്ള ലോഡ്ജിൽ സനു മോഹൻ മുറിയെടുത്തത്. അഡ്വാൻസ് നൽകിയില്ല. 16നു രാവിലെ എട്ടേ മുക്കാലോടെ കൗണ്ടറിനു സമീപത്തെ ബെഞ്ചിലിരുന്നു പത്രം വായിച്ചു. തുടർന്ന് ഉച്ചയ്ക്ക് ഒന്നിനു മുറി ഒഴിയുമെന്ന് അറിയിച്ചു. വൈകിട്ട് 4.45നു മംഗളൂരുവിൽ നിന്നുള്ള വിമാനത്തിൽ മടങ്ങേണ്ടതാണെന്നും വിമാനത്താവളത്തിലേക്കു പോകാൻ കാർ വേണമെന്നും കൗണ്ടറിൽ പറഞ്ഞശേഷം പുറത്തു പോയി. ഈ സമയം കയ്യിൽ ഒരു ചെറിയ ബാഗ് മാത്രം.
ഉച്ചയ്ക്കു കാർ എത്തിയശേഷവും ആൾ തിരിച്ചെത്തിയില്ല. മുറിയെടുക്കുമ്പോൾ നൽകിയ മൊബൈൽ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. പ്രവർത്തന രഹിതമായ നമ്പറാണു ലോഡ്ജിൽ നൽകിയിരുന്നത്. തുടർന്ന് ആധാർ കാർഡിലെ വിലാസം കേന്ദ്രീകരിച്ച് ഹോട്ടൽ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് കേരള പൊലീസ് അന്വേഷിക്കുന്ന ആളാണെന്നു വ്യക്തമായത്.
വിവരം ലഭിച്ചതോടെ കൊച്ചിയിൽനിന്ന് അന്വേഷണ സംഘം ശനിയാഴ്ച കൊല്ലൂരിലെത്തി. ടൂറിസ്റ്റ് ഹോമിൽനിന്നു സിസിടിവി ദൃശ്യങ്ങളും വിവരങ്ങളും ശേഖരിച്ചു. കൊല്ലൂർ ബസ് സ്റ്റാൻഡിൽ നിന്നു സ്വകാര്യ ബസിൽ കയറിയതായും അൽപം മാറി വനമേഖലയിൽ ഇറങ്ങിയതായും നാട്ടുകാരിൽനിന്നു വിവരം ലഭിച്ചു. ഇതോടെ വനം മേഖല കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കർണാടകയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം നൽകിയിരുന്നു. ഈ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഉത്തര കന്നഡ ജില്ലയിലെ കാർവാറിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
അധികം സംസാരിച്ചിരുന്നില്ല: ലോഡ്ജ് ജീവനക്കാരൻ
സനു മോഹനിൽ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ലെന്ന് ഇയാൾ താമസിച്ച ലോഡ്ജിലെ ജീവനക്കാരനായ ഡിജോ. മാന്യമായ പെരുമാറ്റമായിരുന്നു. അധികം സംസാരിച്ചിരുന്നില്ല.