ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ സുപ്രീം കോടതി നിർദേശിച്ച പ്രത്യേക ഓഡിറ്റിൽ നിന്നൊഴിവാക്കണമെന്ന തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യത്തെ ക്ഷേത്രഭരണ സമിതി കോടതിയിൽ എതിർത്തു. കഴിഞ്ഞ വർഷം ജൂലൈയിലെ ഉത്തരവ് അനുസരിച്ച് ഓഡിറ്റ് നടത്തണമെന്നും ക്ഷേത്രത്തിന്റേതായി എത്ര രൂപ ട്രസ്റ്റിലുണ്ടെന്നു വ്യക്തമാക്കണമെന്നും ഇന്നലെ സുപ്രീം കോടതിയിൽ ഹർജി പരിഗണിച്ചപ്പോൾ ക്ഷേത്രഭരണസമിതി പറഞ്ഞു. ഇരുപക്ഷത്തിന്റെയും വാദം കേട്ട ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് ഹർജി വിധി പറയാൻ മാറ്റി. 

വിനോദ് റായ് സമിതിയുടെയും അമിക്കസ് ക്യൂറി ഗോപാൽ സുബ്രമണ്യത്തിന്റെയും റിപ്പോർട്ടുകളോടു ചില എതിർപ്പുകൾ ഉയർന്നതിനാലാണ് ഓഡിറ്റിനു നിർദേശം നൽകിയതെന്നു ജസ്റ്റിസ് ലളിത് പറഞ്ഞു. ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. കോടതിയുടെ ഉത്തരവ് കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനാണു ഭരണസമിതിയോട് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ നേരത്തെ നിർദേശിച്ചതെന്നും ജസ്റ്റിസുമാരായ എസ്.രവീന്ദ്ര ഭട്ട്, ബി.എം.ത്രിവേദി എന്നിവരുമുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. 

കോവിഡിനെത്തുടർന്നു ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നതെന്നു ക്ഷേത്രഭരണസമിതിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് കോടതിയെ അറിയിച്ചു. ക്ഷേത്രത്തിന്റെ പ്രതിമാസ ചെലവ് 1.20 കോടി രൂപയാണ്. എന്നാൽ വരവ് 60–70 ലക്ഷം രൂപ മാത്രമാണ്. 2008–14 കാലത്തെ ഓഡിറ്റിങ് വിനോദ് റായ് സമിതി നടത്തിയപ്പോൾ ട്രസ്റ്റിൽ കൈവശം 2.87 കോടി പണമായും 1.95 കോടിയുടെ വസ്തുക്കളും കണ്ടെത്തിയിരുന്നു. ഇതിൽ ക്ഷേത്രത്തിന്റെ പണമായി എത്ര രൂപ ട്രസ്റ്റിന്റെ പക്കലുണ്ടെന്നറിയണം. ക്ഷേത്രത്തിന്റെ സ്വത്തുവകകളും ട്രസ്റ്റിലുണ്ട്. ക്ഷേത്രവും ട്രസ്റ്റും ഓഡിറ്റിനു വിധേയമാക്കണമെന്നതാണ് അമിക്കസ് ക്യൂറിയും സുപ്രീം കോടതിയും ആവശ്യപ്പെട്ടതെന്നും ഇതിനായി അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ ഉപദേശകസമിതിയും ഭരണസമിതിയും ആവശ്യപ്പെട്ടിട്ടും ട്രസ്റ്റ് നിരാകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

ട്രസ്റ്റ് ഓഡിറ്റ് ചെയ്യപ്പെടുന്നതിനെയല്ല, വിഷയത്തിൽ ഭരണസമിതി ഇടപെടുന്നതിനെയാണ് എതിർക്കുന്നതെന്നു ട്രസ്റ്റിനു വേണ്ടി മുതിർന്ന അഭിഭാഷകൻ അരവിന്ദ് പി. ദത്താർ വിശദീകരിച്ചു. ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല ട്രസ്റ്റ്. തിരുവതാംകൂർ രാജകുടുംബം ക്ഷേത്രത്തിൽ നടത്തുന്ന മതപരമായ ആചാരങ്ങൾക്കു വേണ്ടി 1965 ൽ ചിത്തിര തിരുനാളാണ് ഇതു രൂപീകരിച്ചത്. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ ട്രസ്റ്റ് ഇടപെടാറില്ല. ട്രസ്റ്റിലെ ധനഇടപാടുകൾ സംബന്ധിച്ച് ഒരു കേസുകളും നിലനിൽക്കുന്നില്ല. അമിക്കസ് ക്യൂറി ഓഡിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ മാത്രമാണു ട്രസ്റ്റ് ചിത്രത്തിൽ വരുന്നത്.– ദത്താർ പറഞ്ഞു. 

English Summary: Sree Padmanabhaswamy temple case in supreme court

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com