വീട്ടുകാർ നോക്കി നിൽക്കെ മലവെള്ളം കൊണ്ടുപോയി; ആൻസിയുടെ മൃതദേഹം കിട്ടിയത് 7ാം ദിനം
Mail This Article
കൊക്കയാർ ∙ ഉരുൾപൊട്ടി എത്തിയ മലവെള്ളത്തിൽ കാണാതായ ചേപ്ലാംകുന്നേൽ സാബുവിന്റെ ഭാര്യ ആൻസിയുടെ (50) മൃതദേഹം കണ്ടെത്തി. എരുമേലി ചെമ്പത്തുങ്കൽ പാലത്തിനു സമീപത്തുനിന്നാണ് ഏഴാം ദിവസം മൃതദേഹം ലഭിച്ചത്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിയ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. ഇതോടെ കനത്ത മഴയിൽ ഇടുക്കി ജില്ലയിൽ മരിച്ചവരുടെ എണ്ണം 11 ആയി.
കഴിഞ്ഞ ശനിയാഴ്ച പകൽ 12 മണിയോടെ ഉണ്ടായ ഉരുൾപൊട്ടലിൽ ഇരമ്പിയെത്തിയ മലവെള്ളം കൊക്കയാർ പഞ്ചായത്ത് ഓഫിസിനു സമീപത്തെ വീടിന്റെ മുറ്റത്തു നിന്ന ആൻസിയെ ഒഴുക്കി കൊണ്ടു പോവുകയായിരുന്നു. വെള്ളം കയറുമെന്ന് മുൻകൂട്ടി കണ്ടു സാബുവിന്റെ മാതാപിതാക്കളെ വീട്ടിൽ നിന്നു മാറ്റി റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ ഇരുത്തി. സാബുവും മകനും റോഡിൽ നിൽക്കുന്നതിനിടെ മൊബൈൽ ഫോൺ, മരുന്ന് എന്നിവ എടുക്കുന്നതിന് ആൻസി വീട്ടിലേക്കു പോയതായിരുന്നു. കുടുംബാംഗങ്ങൾ നോക്കി നിൽക്കെ ആണ് ആൻസിയെ മലവെള്ളം ഒഴുക്കിക്കൊണ്ടു പോയത്.
കൂട്ടിക്കൽ സെന്റ് ജോർജ് ദേവാലയത്തിൽ സംസ്കാരം നടത്തി. മക്കൾ: എബി, അമ്മു.
English Summary: Kokkayar landslide; One more body found