ജാതിവിവേചനത്തിന് എതിരെ ദീപയുടെ സമരം: ചർച്ച വിജയിച്ചില്ല

Mail This Article
കോട്ടയം ∙ എംജി സർവകലാശാല അധികൃതർ പുലർത്തുന്ന ജാതിവിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലയിലെ ഗവേഷക വിദ്യാർഥി ദീപ പി.മോഹന്റെ നിരാഹാര സമരം ഒത്തുതീർക്കാനായി നടത്തിയ ചർച്ച പരാജയപ്പെട്ടു.
ഇന്റർനാഷനൽ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ.നന്ദകുമാർ കളരിക്കലിനെ തൽസ്ഥാനത്തു നീക്കണമെന്ന സമരക്കാരുടെ ആവശ്യം സർവകലാശാല അംഗീകരിച്ചില്ല. മറ്റ് എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായി സർവകലാശാലാ അധികൃതരും ദീപയും അറിയിച്ചു.
വൈസ് ചാൻസലർ സാബു തോമസിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. ദീപയോടൊപ്പം സമര സമിതി നേതാക്കളായ റോബിൻ ജോബ്, മൺസൂർ കൊച്ചുകടവ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. നാനോ സയൻസിൽ 10 വർഷത്തോളമായി നേരിടുന്ന ജാതി വിവേചനത്തിന് എതിരെയാണു സമരമെന്നു ദീപ പി.മോഹൻ പറഞ്ഞു.
2011-12 ൽ നാനോ സയൻസിൽ എംഫിൽ പ്രവേശനം നേടിയെങ്കിലും പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിച്ചില്ലെന്നും ടിസി തടഞ്ഞുവച്ചും എംഫിൽ സർട്ടിഫിക്കറ്റ് നൽകാതെയും പിഎച്ച്ഡി പ്രവേശനം താമസിപ്പിച്ചുവെന്നു ദീപ പറയുന്നു. പിഎച്ച്ഡിക്കു പ്രവേശനം ലഭിച്ചിട്ടും ഇരിപ്പിടം നിഷേധിച്ചും ലാബിൽ പൂട്ടിയിട്ടും ലാബിൽ നിന്നിറക്കിവിട്ടും വീണ്ടും പ്രതികാരം ചെയ്തു.
സർവകലാശാലയ്ക്ക് നൽകിയ പരാതിയിൽ സിൻഡിക്കേറ്റ് അംഗങ്ങൾ അന്വേഷണം നടത്തിയെന്നും ഡോ.നന്ദകുമാർ കുറ്റക്കാരനെന്നു കണ്ടെത്തിയെന്നും ദീപ പറയുന്നു. പട്ടികജാതി –വർഗ പീഡന നിയമപ്രകാരം കേസ് എടുക്കാൻ നിർദേശിച്ചിരുന്നു. ഗവേഷണം പൂർത്തിയാക്കാൻ സാഹചര്യങ്ങൾ ലഭ്യമാക്കണമെന്നു ഹൈക്കോടതി വിധിയുമുണ്ട്. ഇതൊന്നും നടപ്പായില്ലെന്നു ദീപ പറഞ്ഞു.
ഗവേഷണ കാലയളവിലെ ദീപയുടെ ഫീസുകൾ ഒഴിവാക്കി നൽകുന്നതിനും ഹോസ്റ്റൽ സൗകര്യം അനുവദിക്കുന്നതിനും ലാബ്, ലൈബ്രറി എന്നിവ പൂർണ അക്കാദമിക് സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കുന്നതിനും സർവകലാശാല അനുവാദം നൽകിയതായി വൈസ് ചാൻസലർ ഡോ.സാബു തോമസ് പറഞ്ഞു.
താൻ തന്നെ ദീപയുടെ ഗൈഡാകാമെന്നും ദീപയ്ക്ക് സ്വീകാര്യനായ മറ്റൊരു ഗൈഡിനെക്കൂടി അനുവദിക്കാമെന്നും യോഗത്തിൽ ഉറപ്പുനൽകിയെന്നും ഡോ. സാബു തോമസ് പറഞ്ഞു. അതേസമയം ഡോ. നന്ദകുമാർ കളരിക്കലിനെ പുറത്താക്കണമെന്ന ദീപയുടെ ആവശ്യം പരിഗണിക്കാൻ സാങ്കേതിക തടസ്സമുണ്ടെന്നും അധികൃതർ പറഞ്ഞു.
Content Highlight: Deepa Mohan