ഷാൻ വധം: നേരിട്ട് പങ്കുള്ളവർ ഉൾപ്പെടെ 9 പേർ അറസ്റ്റിൽ

Mail This Article
ആലപ്പുഴ ∙ മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിന്റെ കൊലപാതകത്തിൽ നേരിട്ടു പങ്കാളികളായ 5 പേരുൾപ്പെടെ 9 പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ 16 പ്രതികളിൽ ഇതുവരെ 14 പേർ അറസ്റ്റിലായെന്നു പൊലീസ് പറഞ്ഞു. ആലപ്പുഴയിൽ ബിജെപി നേതാവ് രൺജീത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
ഷാന്റെ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത മണ്ണഞ്ചേരി പഞ്ചായത്ത് പതിനാലാം വാർഡ് നോർത്ത് ആര്യാട് ഒറ്റക്കണ്ടത്തിൽ വീട്ടിൽ ഒ.എസ്.അതുൽ (27), ആര്യാട് പഞ്ചായത്ത് മൂന്നാം വാർഡ് തൈവെളി വീട്ടിൽ കെ.വിഷ്ണു (28), ആര്യാട് പഞ്ചായത്ത് മൂന്നാം വാർഡ് കിഴക്കേവേലിയകത്ത് വീട്ടിൽ ഡി.ധനേഷ് (25), മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് കാട്ടൂർ കാടുവെട്ടിയിൽ കെ.യു.അഭിമന്യു (27), മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് പൊന്നാട് കുന്നുമ്മേൽവെളി വീട്ടിൽ കെ.യു.സനന്ദ് (36) എന്നിവരാണ് അറസ്റ്റിലായത്.

ഇവരെക്കൂടാതെ പ്രതികൾക്കു ഷാനിനെ കാണിച്ചുകൊടുത്ത മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് പൊന്നാട് പ്രണവത്തിൽ പി.വി.പ്രണവ് (28), മണ്ണഞ്ചേരി പഞ്ചായത്ത് 20–ാം വാർഡ് പടിഞ്ഞാറെ വെളി പി.കെ.ശ്രീരാജ് (30), പ്രതികൾക്ക് ഒളിവിൽ കഴിയുന്നതിനു സൗകര്യങ്ങളൊരുക്കിയ തൃശൂർ തൃക്കൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ മുട്ടിതടി കല്ലൻകുന്നേൽ വീട്ടിൽ സുധീഷ് (സുരേഷ് – 49), ഇതേ നാട്ടുകാരനായ മംഗലത്തുവീട്ടിൽ ഉമേഷ് (27) എന്നിവരെയും അറസ്റ്റ് ചെയ്തു.

നേരത്തെ അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. വയലാറിലെ നന്ദു കൃഷ്ണ വധത്തിന്റെ പ്രതികാരമായാണു കെ.എസ്.ഷാനിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൃത്യത്തെക്കുറിച്ച് ചില ഉന്നത നേതാക്കൾക്ക് അറിയമായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതികൾക്കു രക്ഷപ്പെടാൻ ഉന്നത നേതാക്കളുടെ സഹായം കിട്ടിയതായും പൊലീസ് പറയുന്നു. രൺജീത് വധക്കേസിൽ 5 പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
ബിജെപി സംഘം ഗവർണറെ സന്ദർശിച്ചു
തിരുവനന്തപുരം/ കൊച്ചി ∙ ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് അന്വേഷണം ഏകപക്ഷീയമാണെന്നും പൊലീസിനെ ഉപയോഗിച്ച് ബിജെപിയെ തകർക്കാനാണു സർക്കാർ ശ്രമമെന്നും പാർട്ടി ദേശീയ നിർവാഹകസമിതി അംഗം കുമ്മനം രാജശേഖരൻ ആരോപിച്ചു. ഗവർണറെ കണ്ട് ആശങ്കകൾ അറിയിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. കേരളത്തിലെ സാഹചര്യത്തിൽ ആശങ്കയും നിരാശയും ഗവർണർ അറിയിച്ചതായി കുമ്മനം പറഞ്ഞു.
രൺജിത് കൊലക്കേസ് പ്രതികൾ സംസ്ഥാനം വിട്ടതു പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും വീഴ്ചയാണെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ. സിപിഎം – എസ്ഡിപിഐ ബന്ധവും പ്രതികളെ രക്ഷപ്പെടുത്താൻ കാരണമായിട്ടുണ്ടാകാമെന്നും മന്ത്രി ആരോപിച്ചു.
English Summary: More arrest in Shan Murder case