വിവാഹ പാർട്ടിക്ക് നേരെ ബോംബേറ്: കൊല്ലപ്പെട്ട യുവാവിന്റെ സംഘത്തിലെ ആൾ പിടിയിൽ

Mail This Article
കണ്ണൂർ ∙ വിവാഹ പാർട്ടിക്കു നേരെയുണ്ടായ ബോംബേറിൽ യുവാവു കൊല്ലപ്പെട്ട കേസിൽ, അതേ സംഘത്തിൽപ്പെട്ട ആൾ അറസ്റ്റിൽ. ബോംബ് എറിഞ്ഞതായി കരുതുന്ന ഏച്ചൂർ സ്വദേശിയും ജിഷ്ണുവിന്റെ സുഹൃത്തുമായ പാറക്കണ്ടി വീട്ടിൽ പി.അക്ഷയ് (24) ആണു പിടിയിലായത്. ഇന്നു കോടതിയിൽ ഹാജരാക്കും. കേസിൽ പ്രധാന പങ്കുണ്ടെന്നു കരുതുന്ന, ഇതേ സംഘത്തിൽപ്പെട്ട മിഥുൻ കേരളം വിട്ടതായി പൊലീസ് കരുതുന്നു.
ഞായറാഴ്ച രണ്ടു മണിയോടെയാണ് തോട്ടടയിൽ ബോംബേറിൽ വരന്റെ സുഹൃത്തായ ജിഷ്ണു കൊല്ലപ്പെട്ടത്. വിവാഹ പാർട്ടിയുടെ ഏറ്റവും പിന്നിലുണ്ടായിരുന്ന തോട്ടട, ഏച്ചൂർ സ്വദേശികൾ തമ്മിൽ സംഘർഷം ഉണ്ടാകുകയും തോട്ടട സ്വദേശികൾക്കു നേരെ ഏച്ചൂർ സംഘം എറിഞ്ഞ ബോംബ് ഉന്നം തെറ്റി ഏച്ചൂർ സംഘാംഗമായ ജിഷ്ണുവിന്റെ തലയിൽ പതിക്കുകയും തല തകർന്ന ജിഷ്ണു തൽക്ഷണം കൊല്ലപ്പെടുകയും ആയിരുന്നു.
അക്ഷയ്‌നെയും ഏച്ചൂർ സ്വദേശികളായ മറ്റു 2 പേരെയും ഞായർ വൈകിട്ടു തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിനിടെ ബോംബെറിഞ്ഞതു താനാണെന്ന് അക്ഷയ് സമ്മതിച്ചതായി സിറ്റി എസിപി പി.പി.സദാനന്ദൻ പറഞ്ഞു.
കേരളം വിട്ടെന്നു കരുതുന്ന മിഥുൻ ഉൾപ്പെടെ 4 പേർക്കു ബോംബേറിൽ നേരിട്ടു പങ്കുണ്ടെന്നാണു സൂചന. കസ്റ്റഡിയിൽ എടുത്ത 2 പേരെ ഇന്നലെ വിട്ടയച്ചു. അറസ്റ്റിലായ അക്ഷയ്‌യെ ഇന്നലെ താഴെ ചൊവ്വയിലെ പടക്ക കടയിൽ എത്തിച്ചു തെളിവെടുത്തു. ഇവിടെ നിന്നു സംഘം പടക്കം വാങ്ങിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായി. എന്നാൽ, ഈ പടക്കങ്ങളിൽ നിന്നുള്ള രാസവസ്തുക്കളാണോ ബോംബ് നിർമാണത്തിന് ഉപയോഗിച്ചത് എന്നു വ്യക്തമല്ല. പ്രതികളെന്നു സംശയിക്കുന്ന ചിലരുടെ വീട്ടിലും പരിശോധന നടത്തി.
English Summary: Probe continues on Kannur Bomb Blast