എം.എം.മണി സഞ്ചരിച്ച കാറിന്റെ ടയർ ഊരിത്തെറിച്ചു

Mail This Article
നെടുങ്കണ്ടം∙ എം.എം.മണി എംഎൽഎ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിച്ചു. മണിയും ഗൺമാനും പ്രൈവറ്റ് സെക്രട്ടറിയും ഉൾപ്പെടെ 5 പേർ കാറിലുണ്ടായിരുന്നു. ആർക്കും അപകടമില്ല.
കേരള–തമിഴ്നാട് അതിർത്തിയായ കമ്പംമെട്ട് ചെക്പോസ്റ്റിനു 100 മീറ്റർ മാറിയാണ് 7 പേർക്കു യാത്ര ചെയ്യാവുന്ന വാഹനം അപകടത്തിൽപെട്ടത്. പിന്നിലെ ഇടതുഭാഗത്തെ ടയറിന്റെ നട്ടുകൾ ഊരിയ നിലയിലും നട്ട് ഉറപ്പിക്കുന്ന ഭാഗം ഒടിഞ്ഞുമാറിയ നിലയിലുമാണു കണ്ടെത്തിയത്. കാറിനു വേഗം കുറവായിരുന്നു. ടയർ ഊരിപ്പോയതോടെ ഒരു ഭാഗത്തേക്ക് ഇടിച്ചുനിന്നു. ടയർ മാറിയ ശേഷം മണി ഇതേ വാഹനത്തിൽ യാത്ര തുടർന്നു.
കൂട്ടാർ സഹകരണ ബാങ്കിന്റെ കമ്പംമെട്ടിലെ നവീകരിച്ച ശാഖയുടെ ഉദ്ഘാടനത്തിനായി പോകുമ്പോഴായിരുന്നു അപകടം. സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
മണിയുടെ വാഹനം അപകടത്തിൽ പെടുന്നത് നാലാം തവണ
തൊടുപുഴ ∙ എം.എം.മണി സഞ്ചരിക്കുന്ന വാഹനം അപകടത്തിൽപെടുന്നതു നാലാം തവണയാണ്.
2018 മേയ് 26: മന്ത്രിയായിരിക്കെ മണി യാത്ര ചെയ്തിരുന്ന കാർ കുമളി–മൂന്നാർ സംസ്ഥാനപാതയിൽ നെടുങ്കണ്ടത്തിനു സമീപം കൽക്കൂന്തലിൽ റോഡിൽ നിന്നു തെന്നിനീങ്ങിയിരുന്നു.
പിന്നിലെ ടയറിന്റെ നട്ടുകളിൽ ഒരെണ്ണം ഊരിയ നിലയിലും മറ്റൊന്നു പകുതി ഊരിയ നിലയിലും കണ്ടെത്തി. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ നട്ടുകൾ ഊരിപ്പോയ സംഭവത്തിൽ കൊലപാതകശ്രമത്തിന്റെ വകുപ്പ് ചുമത്തി നെടുങ്കണ്ടം പൊലീസ് കേസെടുത്തു. പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും അട്ടിമറിസാധ്യത കണ്ടെത്താൻ കഴിയാതെ വന്നതോടെ കേസ് എഴുതിത്തള്ളി.
മന്ത്രിയായിരിക്കെ മറ്റൊരു തവണയും ഇത്തവണ എംഎൽഎയായ ശേഷം ഇതിനു മുൻപൊരിക്കലും വാഹനത്തിന്റെ ചക്രത്തിന്റെ നട്ട് ഊരിപ്പോയിരുന്നു. മന്ത്രിയായിരിക്കെ മണിയുടെ വാഹനത്തിന്റെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ് ജീപ്പ് തലകീഴായി മറിഞ്ഞ് 3 പൊലീസുകാർക്കു പരുക്കേറ്റിരുന്നു.
മന്ത്രിയായിരിക്കെ ഔദ്യോഗിക വാഹനത്തിന് 2 വർഷത്തിനിടെ 34 ടയർ മാറ്റിയെന്ന ആരോപണം ഉയർന്നത് 2019ലാണ്. നെടുങ്കണ്ടത്ത് ഒരു ടയർ കട ഉദ്ഘാടനം ചെയ്താണ് എം.എം.മണി ഈ വിവാദത്തെ നേരിട്ടത്.
English Summary: MM Mani's car accident