കോവിഡിന്റെ പേരിൽ വാങ്ങിയത് 10 ഓക്സിജൻ പ്ലാന്റ്; ‘ശ്വാസം’ കിട്ടാതെ 8 എണ്ണം
Mail This Article
കോഴിക്കോട് ∙ കോവിഡ് കാലത്ത് ‘അടിയന്തരം’ എന്നു കാട്ടി 14.68 കോടി രൂപയ്ക്ക് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) വാങ്ങിയ 10 ഓക്സിജൻ പ്ലാന്റുകളിൽ 8 എണ്ണവും ഒരു വർഷം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങിയിട്ടില്ല. വൈദ്യുതി ലഭിക്കാതെയും പൈപ്പ് ലൈനുകളുടെ പണി തീരാതെയും 8 ആശുപത്രികളിൽ പ്ലാന്റ് ഉപകരണങ്ങൾ വെറുതേ കിടക്കുന്നു. അടുത്ത മാർച്ചോടെ കമ്മിഷൻ ചെയ്യാൻ സാധിച്ചേക്കും എന്നാണ് എല്ലായിടത്തെയും സൂപ്രണ്ടുമാർ പറയുന്നത്.
കോവിഡ് കാലത്ത് ആശുപത്രികളിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ 35.19 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങിനൽകിയെന്നാണ് കെഎംഎസ്‌സിഎലിൽനിന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലുള്ളത്. 10 ഓക്സിജൻ പ്ലാന്റുകൾക്കാണ് ഏറ്റവും കൂടുതൽ പണം മുടക്കിയത്. 500 എൽപിഎമ്മിന്റെ (ലീറ്റർ പെർ മിനിറ്റ്) 6 പ്ലാന്റുകളും 1000 എൽപിഎമ്മിന്റെ 4 പ്ലാന്റുകളുമാണു വാങ്ങിയത്.
എറണാകുളത്തെ സ്ഥാപനത്തിനാണ് എല്ലാ കരാറും നൽകിയത്. ഇതുസംബന്ധിച്ചു ലഭിച്ച വിവിധ ക്വട്ടേഷനുകളും ഫയൽ കുറിപ്പുകളും നൽകണമെന്ന ആവശ്യത്തിന് ‘ഫയലുകളുടെ വ്യാപ്തി വളരെ കൂടുതലായതിനാൽ നേരിട്ടു ഹാജരായി പരിശോധിക്കണം’ എന്ന മറുപടിയാണ് കെഎംഎസ്‌സിഎൽ നൽകിയത്. വാങ്ങിയതിൽ കൽപറ്റ ജനറൽ ആശുപത്രിയിലെ 500 എൽപിഎമ്മിന്റെ പ്ലാന്റ് കഴിഞ്ഞ മാസം 3നും പത്തനംതിട്ട കോഴഞ്ചേരിയിലേത് (1000 എൽപിഎം) കഴിഞ്ഞ ജൂലൈ 6നും കമ്മിഷൻ ചെയ്തു.
∙ കോവിഡ് കാലത്തെ ഓക്സിജൻ അനുബന്ധ പർച്ചേസ്
ഓക്സിജൻ പ്ലാന്റ്: 10 എണ്ണം. വില: 14,68,81,000
ഓക്സിജൻ കോൺസെൻട്രേറ്റർ: 945. വില: 5,50,77,575
ഓക്സിജൻ ഫ്ലോ മീറ്റർ: 7000. വില: 1,31,04,000
ഓക്സിജൻ സിലിണ്ടർ: 11,482. വില: 13,69,09,042
ആകെ: 35,19,71,617 രൂപ
∙ 10 പ്ലാന്റുകളുടെ സ്ഥിതി
കാസർകോട് ജനറൽ ആശുപത്രി: അനുവദിച്ച പ്ലാന്റ് തിരികെയെടുത്തു. ചിന്മയ മിഷൻ സ്പോൺസർ ചെയ്ത പ്ലാന്റാണ് നിലവിലുള്ളത്. പൈപ്പ് ലൈൻ ജോലികൾ നടക്കുന്നു.
തളിപ്പറമ്പ് താലൂക്ക് ആശുപത്രി: ട്രാൻസ്ഫോമർ എത്തിച്ചു. കേബിളും പൈപ്പ് ലൈനും സ്ഥാപിക്കണം. 4 ലക്ഷം രൂപ അധികം വേണം.
തലശ്ശേരി ജനറൽ ആശുപത്രി: കോട്ടയ്ക്കു സമീപമുള്ള കെട്ടിടത്തിൽ പ്ലാന്റ് വയ്ക്കാൻ പുരാവസ്തു വകുപ്പിന്റെ അനുമതി ലഭിച്ചില്ല. തിരികെയെടുക്കാൻ കെഎംഎസ്‌സിഎലിനോട് ആവശ്യപ്പെട്ടു.
കൽപറ്റ ജനറൽ ആശുപത്രി: നവംബർ 3ന് കമ്മിഷൻ ചെയ്തു.
കൊയിലാണ്ടി ജനറൽ ആശുപത്രി: പൈപ്പ് ലൈനുകൾ സ്ഥാപിക്കാനുണ്ട്.
വടക്കാഞ്ചേരി ജില്ലാ ആശുപത്രി: പ്ലാന്റ് എത്തിച്ചു. പൈപ്പ് ലൈൻ സ്ഥാപിക്കണം. സിലിണ്ടറുകൾ വേണം.
കോട്ടയം ജനറൽ ആശുപത്രി: ട്രാൻസ്ഫോമർ വച്ചു. കേബിൾ വലിക്കാനുണ്ട്. സിവിൽ ജോലികൾ കഴിഞ്ഞു. ഇനി 6 ലക്ഷം വേണം.
മാവേലിക്കര ജില്ലാ ആശുപത്രി: സിവിൽ ജോലികൾ കഴിഞ്ഞു. സിലിണ്ടറുകൾ എത്തിച്ചു.
കോഴഞ്ചേരി ജനറൽ ആശുപത്രി: പൂർത്തിയായി. ജൂലൈ ആറിന് കമ്മിഷൻ ചെയ്തു.
കൊട്ടാരക്കര താലൂക്ക് ആശുപത്രി: പ്ലാന്റ് എത്തിച്ചു. ഫിൽറ്റർ കേടായി. ഇനി 4 ലക്ഷം രൂപ മുടക്കണം.
English Summary: Eight out of ten oxygen plants bought during covid not working