ഓക്സിജൻ പ്ലാന്റുകൾ പ്രവർത്തിക്കുന്നില്ല; ‘ശ്വാസം’ കിട്ടാതെ മെഡിക്കൽ കോളജുകളും
Mail This Article
കോഴിക്കോട് ∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) വഴി മെഡിക്കൽ കോളജുകളിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റുകളും പ്രവർത്തിക്കുന്നില്ലെന്നു വിവരാവകാശ മറുപടി. ആലപ്പുഴ, കോഴിക്കോട്, കാസർകോട് മെഡിക്കൽ കോളജുകളിലെ പ്ലാന്റുകളാണ് പ്രവർത്തിക്കാത്തത്.
ഇതിൽ കാസർകോട് മെഡിക്കൽ കോളജിൽ കിടത്തിച്ചികിത്സ ഇല്ലാത്തതിനാൽ പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കുമ്പോൾ കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളജുകളിലെ അധികൃതർ പ്ലാന്റ് സ്ഥാപിച്ച കമ്പനിയുടെ പ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. കോവിഡ് കാലത്ത് കോർപറേഷൻ വാങ്ങി നൽകിയ 10 ൽ 8 പ്ലാന്റുകളും ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല.
ആലപ്പുഴ ടിഡി മെഡിക്കൽ കോളജിൽ 2000 എൽപിഎം (ലീറ്റർ പെർ മിനിറ്റ്) പ്ലാന്റ് ആണ് കെയ്ൻ ഇന്ത്യ എന്ന കമ്പനി സ്ഥാപിച്ചിരിക്കുന്നത്. തൃപ്തികരമായി പ്രവർത്തിപ്പിച്ചു കാണിക്കാൻ കമ്പനിക്കു സാധിക്കാത്തതിനാൽ ഇതേവരെ കമ്മിഷൻ ചെയ്തിട്ടില്ലെന്നും ഏറ്റെടുത്തിട്ടില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. മെഡിക്കൽ സർവീസസ് കോർപറേഷനാണ് ഇതിന്റെ നോഡൽ ഓഫിസർ.
സമാന പ്രശ്നമാണ് കോഴിക്കോട് മെഡിക്കൽ കോളജിലും. 1000 ലീറ്ററിന്റെ രണ്ടു പ്ലാന്റുകളാണ് ഇവിടെയുള്ളത്. മെഡിക്കൽ കോർപറേഷൻ വഴി എത്തിച്ച പ്ലാന്റുകൾ ബിഇഎംഎൽ, എയ്റോക്സ്നിജൻ എന്നീ കമ്പനികളാണ് സ്പോൺസർ ചെയ്തിരിക്കുന്നത്.
ഇവ സ്ഥാപിക്കുന്നതിന്റെ സിവിൽ ജോലികൾക്കായി 1,60,40,000 രൂപ ചെലവഴിച്ചു കഴിഞ്ഞു. സർവീസ് റിപ്പോർട്ട് നൽകാത്തതും സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കാത്തതുമാണ് കോഴിക്കോട്ടെ പ്രശ്നങ്ങളെന്ന് അധികൃതർ വ്യക്തമാക്കുന്നു.
English Summary: Oxygen plant not working in medical college also