ADVERTISEMENT

പീച്ചി (തൃശൂർ) ∙ ബേബിയുടെ വീടുൾപ്പെട്ട പട്ടയഭൂമിയിൽനിന്നു 3 കിലോമീറ്റർ അകലെയാണു ബഫർസോൺ. എന്നാൽ ഈ ഭൂമി ബഫർസോണിൽ ഉൾപ്പെടാനുള്ള സാധ്യത കണക്കിലെടുത്തു ബേബിക്കു ബാങ്ക് മാനേജർ വായ്പ നിഷേധിച്ചതോടെ കുടുംബത്തിനു നഷ്ടമായതു വലിയ സ്വപ്നങ്ങൾ. മകൻ ബെബെറ്റോയ്ക്കു യുകെയിൽ ബിരുദപഠനത്തിനു പോകാനുള്ള പണം കണ്ടെത്താനായിരുന്നു വായ്പ. ഇതോടെ ബെബെറ്റോയുടെ യാത്ര മുടങ്ങി.

കർഷകനായ പീച്ചി പായ്ക്കണ്ടം കുരുടുകാവിൽ ബേബിയും മകൻ ബെബെറ്റോയും ചേർന്നു കഴിഞ്ഞ ജൂണിലാണു മണ്ണുത്തിയിലെ സ്വകാര്യ ബാങ്കിൽ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷ നൽകിയത്. ഈടായി നൽകിയത് വീടുൾപ്പെട്ട 50 സെന്റ് സ്ഥലത്തിന്റെയും അടുത്തകാലത്തു പട്ടയം ലഭിച്ച 32 സെന്റ് സ്ഥലത്തിന്റെയും രേഖകൾ. 48 ലക്ഷം രൂപയാണു വായ്പ ആവശ്യപ്പെട്ടത്. സ്ഥലം പരിശോധിച്ച ബാങ്ക് അധികൃതർ വായ്പ അനുവദിക്കാൻ നടപടികൾ സ്വീകരിച്ചു. വായ്പ ഏകദേശം ഉറപ്പായതോടെ സർവകലാശാലയിൽ ഫീസിനത്തിലും മറ്റുമായി 5 ലക്ഷം രൂപ അടച്ചു. ഇതിനിടെ ബാങ്ക് മാനേജർ സ്ഥലംമാറിപ്പോയി. പകരം എത്തിയ മാനേജർ ഈടുഭൂമി ബഫർസോണിലാകുമെന്ന സംശയം പ്രകടിപ്പിച്ചു.

വായ്പ പാസാക്കണമെങ്കിൽ ഭൂമി ബഫർസോണിൽ ഉൾപ്പെട്ടിട്ടില്ലെന്നു തെളിയിക്കുന്ന രേഖ പീച്ചി വില്ലേജ് ഓഫിസിൽനിന്നു ഹാജരാക്കണമെന്നും നിർദേശിച്ചു. എന്നാൽ, ബഫർസോൺ നിശ്ചയിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് അന്ന് ഇറങ്ങിയിരുന്നില്ല. അതുകൊണ്ടു തന്നെ രേഖ നൽകാൻ നിർവാഹമില്ലെന്ന് അധികൃതർ അറിയിച്ചു. രേഖയില്ലാതെ വായ്പ അനുവദിക്കില്ലെന്നു മാനേജർ ശഠിച്ചു. ഇതോടെ സർവകലാശാലയിലേക്ക് അടച്ച പണം ബേബിക്കു തിരികെ വാങ്ങേണ്ടിവന്നു. 4.40 ലക്ഷം മാത്രമേ തിരികെ ലഭിച്ചുള്ളൂ.

 

English Summary: Buffer Zone; Loan denied in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com